scorecardresearch
Latest News

വിശ്വാസമെന്ന നൂൽപ്പാലം

“ആ ബന്ധമില്ലായിരുന്നുവെങ്കിൽ പ്രണയം അറിയാതെ മരിച്ചുപോയെനെ ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ പ്രണയത്തിൽ എനിക്കൊട്ടും കുറ്റബോധമില്ല. ഞാനതിനെ വാല്യൂ ചെയ്യുന്നു. ബാലുവിനോടും മക്കളോടും വരെ ഞാനത് പറഞ്ഞിട്ടുണ്ട്”

jolly chirayath, jolly chirayath life story part 13
എന്നിലൂടെ ഞാൻ, ജോളി ചിറയത്ത് ജീവിതം പറയുന്നു, ഭാഗം 13

പ്രണയത്തേയും വിവാഹത്തേയുമെല്ലാം ഞാൻ നോക്കി കണ്ടിരുന്നത് ആദർശപരമായ രീതിയിലായിരുന്നു. ബാലുവിനെ പ്രണയിച്ച് വിവാഹം ചെയ്യുമ്പോഴും, ഞങ്ങളുടെ ഒന്നിക്കലിലൂടെ വ്യത്യസ്തമായൊരു ജീവിതവും സമൂഹവും ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ കരുതി. കുട്ടികൾ വേണോ, മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നൊന്നും ഞങ്ങൾ ചർച്ച ചെയ്തിരുന്നില്ല. ഒരുപോലെ ചിന്തിക്കുന്ന മനുഷ്യരെന്ന രീതിയിൽ പല കാര്യങ്ങളിലും സാമ്യതയുണ്ട്. രണ്ടുപേർക്കും യോജിക്കാവുന്ന നിരവധി ഘടകങ്ങളും ഞങ്ങൾക്കിടയിലുണ്ട്. അത്രയേ നോക്കിയുള്ളൂ. ബാലു മുന്നോട്ടുവച്ച ആദർശങ്ങളുടെ പുറത്താണ് ഞാൻ ബാലുവിനെ ആദ്യം മനസ്സിലാക്കുന്നതും സ്നേഹിക്കുന്നതും.

പക്ഷേ, കുട്ടികൾ വേണ്ട എന്നതാണ് ബാലുവിന്റെ അഭിപ്രായമെന്ന് പിന്നീട് അറിഞ്ഞപ്പോൾ എനിക്ക് വലിയ ഷോക്കായി. ആദ്യത്തെ ഗർഭം അബോർട്ട് ചെയ്തു കളഞ്ഞതിൽ എനിക്കിപ്പോഴും കുറ്റബോധമുണ്ട്. അതെന്റെ ക്രിസ്റ്റ്യൻ മൊറാലിറ്റി കൊണ്ടൊന്നുമല്ല. എന്റെ പ്രണയത്തിൽ നിന്നും ആദ്യമായുണ്ടാവുന്ന കുഞ്ഞ്. ഞാനൊരു പുരുഷനെ അറിയുന്നു, എന്റെ പുരുഷൻ എന്ന് അയാളെയോർത്ത് അഭിമാനിക്കുന്നു, അയാളിൽ നിന്നും ഗർഭം ധരിക്കുന്നു. അതൊക്കെ എനിക്ക് വലിയ സംഭവമായിരുന്നു. ഞങ്ങളുടെ പ്രണയത്തിൽ നിന്നുണ്ടായ സവിശേഷമായൊരു സൃഷ്ടിയെ ഭൂമിയിലേക്ക് കൊണ്ടുവരാൻ പോവുന്നു എന്ന നിറവിലാണ് ഞാനതിനെ കണ്ടത്. പക്ഷേ ബാലുവിന് അതങ്ങനെയല്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ തകർന്നു, ആളുടെ ഇഷ്ടപ്രകാരം അന്ന് അബോർഷനു സമ്മതിച്ചെങ്കിലും അത്തരമൊരു പാതകത്തിനു നിൽക്കേണ്ടിയിരുന്നില്ല എന്ന് പിന്നീട് പലപ്പോഴും നഷ്ടബോധത്തോടെ ഓർത്തിട്ടുണ്ട്. അതായിരുന്നു ആദ്യത്തെ മുറിവ്.

അതുവരെ സ്ത്രീയുടെ സ്വയം നിർണയാവകാശം, സാമൂഹികമായ സ്പേസ് എന്നിവയെ കുറിച്ചൊക്കെ പറഞ്ഞിരുന്ന ബാലുവിനെ സംബന്ധിച്ച് വൈകാതെ അതൊന്നും വിഷയമല്ലാതായി. എനിക്ക് വിവാഹത്തിനു മുൻപ് പരിമിതമായിട്ട് ഉണ്ടായിരുന്ന സാമൂഹികജീവിതം, ഞാൻ പഠിപ്പിച്ചിരുന്ന കുട്ടികൾ, എന്റെ സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ എല്ലാം അറ്റുതുടങ്ങുകയായിരുന്നു. ബാലുവിന്റെ വീടിന്റെ ഇരുട്ടിലും വെളിച്ചത്തിലുമായി മാത്രം ജീവിക്കുന്ന ഒരു നിഴൽജീവിയെന്ന രീതിയിലേക്ക് എന്റെ ജീവിതം ചുരുങ്ങി. അപ്പോഴും ബാലുവിന്റെ സാമൂഹികജീവിതം മാറ്റമില്ലാതെ തന്നെ തുടർന്നു. ഒരേ സമയം മംഗലശ്ശേരി നീലകണ്ഠനെയും അന്റോണിയോ ഗ്രാംഷിയേയും കൊണ്ടുനടക്കുന്ന പുരുഷന്മാരുടെ കുഴപ്പങ്ങളാണിതെല്ലാം എന്ന് എന്റെ കൂട്ടുകാരി ഇന്ദു രമ വാസുദേവൻ പറയാറുള്ളത് സത്യമാണ്. പറയുന്ന ആശയങ്ങളെ ഇവരിൽ പലരും ഉപരിപ്ലവമായി മാത്രമാണ് എടുക്കുന്നത്, മറിച്ച് ജീവിതത്തിലേക്ക് പകർത്തുന്നില്ല.

jolly chirayath, jolly chirayath l
ജോളി ചിറയത്ത്

പോകെ പോകെ, സാമ്പ്രദായിക ജീവിതത്തിൽ ഒരു സ്ത്രീക്കു ലഭിക്കുന്നത്ര പരിഗണന പോലും എനിക്കില്ലെന്നു മനസ്സിലായി തുടങ്ങി. ബാലുവിൽ നിന്നു മാത്രമല്ല, അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്നുമില്ല. അവർ എനിക്കെന്തോ വലിയ സൗഭാഗ്യം കിട്ടിയ പോലെയാണ് കാണുന്നതും. അതേ സമയം അമ്മക്കും മൂത്ത ചേച്ചിക്കും എന്നെ ഇഷ്ടമാണ്, അതു പോലെ എൻ്റെ കോ സിസ്റ്റർ രമ ചേച്ചിക്കും. ജോലിയും കൂലിയുമില്ലാത്ത ഒരാളോടൊപ്പം എന്ന അനുതാപം അവർക്കെല്ലാം എന്നോട് ഉണ്ടായിരുന്നു. ‘മികച്ച ദാമ്പത്യ’ങ്ങളൊന്നും അടുത്തു കണ്ടു പരിചയമില്ലാത്തതിനാൽ ഇതൊക്കെ ഇങ്ങനെ തന്നെയായിരിക്കുമെന്ന് പൊരുത്തപ്പെടാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. സങ്കടങ്ങൾ ആരോടും പറയാനും പറ്റുന്നില്ല. പക്ഷേ മനസ്സിൽ ഇരുന്ന് ആരോ പറയുന്നുണ്ട്, ‘ഇതല്ലല്ലോ ആ ജീവിത’മെന്ന്. ബാലുവിന്റെ മാത്രം തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ഞാൻ പരുവപ്പെടുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടും എനിക്കു ചെറുത്തുനിൽക്കാനായില്ല. കാറ്റിൽപ്പെട്ട് ആടിയുലഞ്ഞ് ജീവിതമങ്ങനെ മുന്നോട്ട് പോയി കൊണ്ടിരുന്നു. എനിക്കാണെങ്കിൽ ബാലുവിനോട് മാനസികമായി വല്ലാത്തൊരു ആശ്രയത്വമുണ്ട്. ബാലുവില്ലാത്തൊരു ലോകമൊന്നും എനിക്ക് ചിന്തിക്കാൻ പറ്റില്ല. ഞാൻ വിചാരിച്ചതുപോലുള്ള ഒരാളല്ല ബാലുവെന്ന് സ്വന്തം മനസ്സിനോടു പോലു തുറന്നു സമ്മതിക്കാൻ എനിക്ക് പറ്റുമായിരുന്നില്ല. അങ്ങനെ ചിന്തിക്കുന്നതിൽ പോലും എന്തോ കുഴപ്പമുണ്ടെന്ന് ഞാൻ കരുതി.

ജീവിതം ഇത്തരം ആശയക്കുഴപ്പങ്ങളിലൂടെ കടന്നുപോവുമ്പോഴും പ്രണയം, കെയർ, ഇന്റിമസി തുടങ്ങിയ വികാരങ്ങളൊന്നും ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നില്ല. ഒരാളുടെ ആവശ്യങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ അതിനനുസരിച്ചുള്ള ടൂൾ മാത്രമായി മാറുന്നു എന്ന തോന്നൽ ഉള്ളിൽ വിഷാദമായി ഖനീഭവിച്ചു. അതിനിടയിൽ ജീവിതത്തോടു സമരസപ്പെടാനുള്ള എന്റെ എല്ലാ പ്ലാനുകളും പലകുറി തകിടം മറിഞ്ഞു. മനസ്സിൽ ഒരുപാട് കലഹങ്ങൾ ഉണ്ടെങ്കിലും ഇതേ മനുഷ്യനോടൊപ്പം നിന്നുകൊണ്ടു തന്നെ ജീവിതം മറ്റൊരു രീതിയിൽ സാധ്യമാക്കാം എന്നു ഞാൻ ആശ്വസിച്ചു. അതിനായി സ്വയം ഞാനെന്നെ ഒരുക്കുകയായിരുന്നു. കുട്ടി വേണ്ട, കുടുംബം വേണ്ട തുടങ്ങിയ ബാലുവിന്റെ സങ്കൽപ്പങ്ങളോട് നീതി പുലർത്താവുന്ന മറ്റൊരു പാറ്റേൺ ഉണ്ടാക്കി, നാടക പഠനം, വനിത സഹകരണ സംഘം രൂപീകരിക്കൽ തുടങ്ങി ജീവിതത്തിനു പുതിയ ലക്ഷ്യങ്ങൾ നൽകി കൊണ്ടിരിക്കുമ്പോഴാണ് അതെല്ലാം തകിടം മറിഞ്ഞുകൊണ്ട് ബാലു പെട്ടെന്നൊരു സുപ്രഭാതത്തിൽ എന്നെ ഗൾഫിലേക്ക് കൊണ്ടുപോവുന്നത്. വിവാഹം കഴിഞ്ഞ് ഏഴാം വർഷം എത്തുമ്പോഴാണ് ഞങ്ങൾക്കൊരു കുഞ്ഞുണ്ടാവുന്നത്. അതും ബാലു ആഗ്രഹിച്ച് കൊതിച്ചൊന്നും ഉണ്ടായതല്ല, അറിയാതെ സംഭവിച്ചുപോയതാണ്. പക്ഷേ അപ്പോഴേക്കും ഇനിയൊരു കുഞ്ഞ് ഉണ്ടാവുന്നതിൽ കുഴപ്പമില്ലെന്നൊരു മാനസികാവസ്ഥയിലേക്ക് പുള്ളി എത്തിയിരുന്നു. ഇത് തുടരണോ വേണ്ടയോ എന്ന് നിനക്ക് തീരുമാനിക്കാം എന്നു പറഞ്ഞു. പക്ഷേ, രണ്ടാമതൊരു അബോർഷൻ എനിക്കാലോചിക്കാൻ കൂടി പറ്റില്ലായിരുന്നു.

ഗർഭധാരണം നിയന്ത്രിക്കാൻ റിതമിക് കണട്രോൾ മതിയെന്ന ബാലുവിന്റെ താത്പര്യപ്രകാരം, ഇടയ്ക്കു ബന്ധപ്പെടുന്നു എന്നല്ലാതെ എന്റെ ആവശ്യാനുസരണമോ ഇഷ്ടാനുസരണമോ ഉള്ള സെക്സ് പോലും എനിക്ക് സാധ്യമായിരുന്നില്ല. ജീവശാസ്ത്രപരമായി സ്ത്രീകൾക്ക് സെക്ഷ്വൽ നീഡ് കൂടുതൽ വരുന്നത് ഓവുലേഷൻ സമയത്താണ്, എന്നാൽ അത് നിഷേധിക്കുകയും സുരക്ഷിത സമയത്ത് മാത്രം സെക്സ് ഓഫർ ചെയ്യുകയും ചെയ്യുന്നത് എന്നെ വൈകാരികമായും ശാരീരികമായും വലിയ പ്രതിസന്ധിയിലാക്കി. ഈ പ്രശ്നമൊക്കെ ഞാൻ ബാലുവിനോട് പറയുന്നുണ്ടെങ്കിലും അതിനെ ആ ആഴത്തിൽ അദ്ദേഹം കണ്ടില്ല. കൂടെ ജീവിക്കുന്ന സ്ത്രീയ്ക്ക് ഇത്തരം കാര്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കിയില്ല. കടുത്ത മൈഗ്രേനും നിരാശയുമൊക്കെയായിരുന്നു എനിക്ക് ഫലം.

ജോളി ചിറയത്ത്
ജോളി ചിറയത്ത്

ശരിക്കും പറഞ്ഞാൽ, മദ്രാസ് കാലഘട്ടം ഒഴികെയുള്ള നീണ്ട പത്ത് പതിനാറ് വർഷത്തെ ഒരു സ്റ്റാർവേഷൻ ഉണ്ടായിരുന്നു ലൈംഗിക ജീവിതത്തിൽ. ആ ലൈംഗിക ദാരിദ്ര്യം അഡ്രസ്സ് ചെയ്യപ്പെട്ടില്ല. ആവശ്യം പ്രകടിപ്പിക്കുമ്പോൾ അവഗണിക്കപ്പെടുന്നത് എനിക്ക് വലിയ ഇൻസൽട്ടായി. പിന്നീട് ഞാൻ ആവശ്യം പോലും പറയാൻ നിൽക്കാതെ ആ രീതിയുമായി പരുവപ്പെട്ട്, അവസാനം സ്വയമൊരു ഫ്രിജിഡിറ്റി ബാധിച്ചവളെ പോലെയായി. ഒരുതരത്തിൽ, ഞാനെന്നെ തന്നെ ഫേക്ക് ചെയ്ത് ജീവിക്കുകയായിരുന്നു. തൊട്ടടുത്ത്, എൻ്റെ പാർട്ണർ സുഖമായി ഉറങ്ങുന്നു, അയാൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം എന്നിൽ നിന്നും സെക്സ് എടുക്കുന്നു. ഒരിക്കലും ആനന്ദമെന്ന അവസ്ഥ അനുഭവിക്കാതിരുന്നിരുന്ന് എന്നും മൈഗ്രേയ്നുള്ള ഒരാളായി ഞാൻ മാറി. അവസാനം ഞാനൊരു കൗൺസിലറുടെ അടുത്തെത്തുകയാണ്. ഞങ്ങളുടെ സെക്ഷ്വൽ പാറ്റേൺ ചോദിച്ച ആ കൗൺസിലർ എന്റെയുത്തരം കേട്ട് അന്തംവിട്ടു, “നിങ്ങളിപ്പോഴും ദമ്പതികളായി തുടരുന്നത് ഒരു അത്ഭുതമാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “നിങ്ങൾ ഒരുപാട് കോംപ്രമൈസ് ചെയ്യുന്നുണ്ട്, അങ്ങനെ ചെയ്യരുത്. നിങ്ങൾ ഭർത്താവിനൊപ്പം പോയി ഒരു സെക്സോളജിസ്റ്റിനെ കാണൂ,” എന്നു നിർദേശിച്ചു. ഞാനിതെല്ലാം ബാലുവിനോട് പറയുമ്പോഴും ആളത് അംഗീകരിക്കുന്നില്ല. “കുട്ടികളൊക്കെ ആയി കഴിഞ്ഞാൽ അതിങ്ങനെയൊക്കെ തന്നെയാണ്,” സ്വയം ഉത്തരം കാണുകയാണ് ബാലു, അപ്പോഴും പരിഹാരമില്ല.

സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ധാരാളമുണ്ട് ആ സമയത്ത്. എന്നെ സംബന്ധിച്ചും കുടുംബം നിലനിർത്തുക എന്നതാണ് പ്രധാനം. അതിനകത്ത് ഇത്തരം റൊമാന്റിക്കായ ഏരിയകൾ എല്ലാം ലക്ഷ്വറിയാണ്. അതിനെയെല്ലാം മാറ്റിവച്ചുകൊണ്ട് ജീവിതവും കയ്യിൽ പിടിച്ച് ഓടുകയാണ് അപ്പോഴും. ഇടയ്ക്ക് എനിക്ക് ആശങ്ക തോന്നും, ‘ആകർഷണീയനായ ഒരു മനുഷ്യനെ കണ്ടാൽ എനിക്ക് കാമം തോന്നുമോ?’ ഞാനിതൊക്കെ എന്നോട് തന്നെ ചോദിക്കുകയും വളരെ നിന്ദിതയായി തീരുകയും കരയുകയും കുറ്റബോധം കൊണ്ട് നീറുകയുമൊക്കെ ചെയ്തിട്ടുണ്ട്. ബാലുവിനോടും ഇടയ്ക്ക് ഞാൻ കരഞ്ഞുപറയും, “നിങ്ങളെന്നെ ഹെൽപ്പ് ചെയ്യണം, എനിക്കിത് താങ്ങാൻ വയ്യ, ഒരു പാർട്ണർ ഇരിക്കെ വേറെ ഒരാളെ കുറിച്ചും എനിക്ക് അങ്ങനെ ഫാന്റസിയിലേക്ക് പോവേണ്ട കാര്യമില്ലല്ലോ. അത്തരം ചിന്തകൾ പോലും എനിക്ക് വലിയ പശ്ചാത്താപം ഉണ്ടാക്കുന്നുണ്ട്”. അത്രയും ഓപ്പണായി സംസാരിച്ചപ്പോഴും ബാലു അതിനെ തമാശയായാണ് കണ്ടത്. “അങ്ങനെ ഉണ്ടായാൽ തന്നെ നീയെന്തിനാണ് അത് പറയാൻ പോവുന്നത്, നിനക്ക് ഫാന്റസൈസ് ചെയ്യാമല്ലോ”,വളരെ ലിബറലായ ഒരു ഭർത്താവ് ചമയും ബാലു അപ്പോൾ.

ഇപ്പോൾ ആലോചിക്കുമ്പോൾ കൃത്യമായി മനസ്സിലാവുന്നുണ്ട്. ദാമ്പത്യത്തിൽ എത്രത്തോളം പ്രധാനമാണ് സെക്സ് എന്നത്. കാരണം അതുവരെ നമ്മൾ സോഷ്യൽ റ്റാബൂവായാണ് സെക്സിനെ കാണുന്നത്. ദാമ്പത്യത്തിൽ ഏർപ്പെട്ടതിനു ശേഷം മാത്രം സെക്സ് സാധ്യമാവുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ദാമ്പത്യബന്ധത്തിലെ സെക്സിൽ പോലും ഇത്രയ്ക്കും ലിമിറ്റേഷനുകൾ ഉണ്ടാവുമ്പോൾ സെക്സ് എന്നത് ആസ്വദിക്കാനേ പറ്റാതെ വരും. വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷനു തന്നെ അതു വലിയ ക്ഷതമാണ് ഏൽപ്പിക്കുന്നത്. ദാമ്പത്യത്തിനകത്ത് ശാരീരികമായ അടുപ്പം ഉണ്ടാവുന്നത്, വൈകാരികമായി കണക്റ്റാവാനുള്ള ഒരു മാർഗം കൂടിയാണ്. അതില്ലാതെയാവുമ്പോൾ ദാമ്പത്യത്തിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകളേക്കാളും അപകടകരമായൊരു അവസ്ഥ ഉണ്ടാവും. നമ്മുടെ സമൂഹം അതിനെ ആ അർത്ഥത്തിൽ മനസ്സിലാക്കുന്നതേയില്ല.

ഇതിനെല്ലാം ഇടയിലാണ്, എനിക്കൊട്ടും ഇഷ്ടമില്ലാഞ്ഞിട്ടും എന്നെ നാട്ടിലേക്ക് പറഞ്ഞുവിടുന്നത്. അമ്മയില്ലാത്ത നാട്ടിലേക്ക് എനിക്ക് വരണമെന്നേയുണ്ടായിരുന്നില്ല. വന്നതാവട്ടെ, എറണാകുളത്തേക്കും, ഇതും എന്റെ ചോയ്സായിരുന്നില്ല, ബാലുവിന്റെ തീരുമാനമായിരുന്നു. അങ്ങനെ നിർബന്ധിക്കപ്പെട്ട് ഗതികേടുകൊണ്ട് വരേണ്ടി വന്നപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്, ഇത്രയും തിരിച്ചറിവുണ്ടായിട്ടും സ്വന്തം ജീവിതത്തിൽ ഒരു കാര്യം നിശ്ചയദാര്‍ഢ്യത്തോടെ നടപ്പിലാക്കാൻ എനിക്ക് പറ്റിയിട്ടില്ലെന്ന്. വൈകാരികമായി അള്ളിപ്പിടിച്ച്, ഇഷ്ടമുള്ളവരുടെ താൽപ്പര്യത്തിന് അനുസരിച്ച് നിന്നു കൊടുക്കുകയാണ് ഞാൻ ചെയ്യുന്നതെന്ന്. അതൊക്കെ എനിക്ക് മനസ്സിലാവുന്നത് വളരെ യാഥാസ്ഥികമായ ജീവിതം നയിക്കുന്ന ചേച്ചിയോടൊക്കെ സംസാരിക്കുമ്പോഴാണ്. ‘നിന്നെ ആരും പാക്ക് ചെയ്ത് വിടുകയൊന്നുമില്ലല്ലോ. നിനക്ക് നാട്ടിലേക്ക് വരാൻ ഇഷ്ടമില്ലായിരുന്നെങ്കിൽ ആ പാസ്പോർട്ട് അങ്ങട് കീറി കളഞ്ഞാൽ പോരായിരുന്നോ? പിന്നെ ഇങ്ങോട്ട് വരേണ്ടി വരില്ലായിരുന്നല്ലോ എന്ന്?’ ഞാൻ പക്ഷേ അതോർത്തില്ല. ചേച്ചിയൊക്കെ കുറച്ചൂടി സ്ട്രെയിറ്റ് ആണ്. അവരുടെ പ്രതിഷേധമൊക്കെ വളരെ ക്ലിയറാണ്. ഞാനെന്തിനാണ് ഈ വേദനയൊക്കെ സഹിച്ച്, എനിക്കിഷ്ടമില്ലാത്ത ഒരിടത്ത് ഇത്ര സ്ട്രഗിൾ ചെയ്തത് എന്ന് പിന്നീട് ആലോചിച്ചിട്ടുണ്ട്. മറ്റൊരാളെ വേദനിപ്പിക്കാതിരിക്കാൻ എല്ലാ വേദനകളും ഞാൻ എടുത്ത് ശീലിച്ചതിന്റെ കുഴപ്പമായിരുന്നു എല്ലാം.

എനിക്ക് പോവാൻ പറ്റില്ലെന്നു പറയാമായിരുന്നു. കാരണം ഞാനാണ് അവിടെ കുടുംബം കൊണ്ടുപോയിരുന്നത്, മക്കളെ പഠിപ്പിക്കുന്നതും സ്റ്റുഡിയോയുടെ മേൽനോട്ടവുമെല്ലാം. ഇത്രയുമൊക്കെ ഒരേസമയം മാനേജ് ചെയ്തുപോവുമ്പോഴും ഇമോഷണലി ഞാനെന്തൊരു വീക്കാണെന്ന് ആ കാലത്താണ് തിരിച്ചറിവുണ്ടായത്. എന്റെയുള്ളിലെ ഇമോഷണലി വീക്കായ എന്നെ മറച്ചുപിടിക്കാനായിരുന്നു, ഞാനത്രനാളും നെഞ്ചും വിരിച്ച് തലയുയർത്തി പുറമെ ബോൾഡാണെന്ന് തോന്നിപ്പിച്ചു നടന്നിരുന്നത്. വൈകാരികമായി ഞാൻ എത്രത്തോളം ബാലുവിനെ ആശ്രയിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു.

തിരിച്ച് കേരളത്തിലെത്തിയപ്പോൾ വല്ലാത്ത ശൂന്യത. അതെനിക്ക് താങ്ങാൻ പറ്റില്ലായിരുന്നു. 21 വയസ്സു മുതൽ 41 വയസ്സുവരെ എന്നും ജോലിയ്ക്ക് പോയി, തിരക്കുകളിൽ ജീവിച്ച ഒരാൾക്ക് പെട്ടെന്ന് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും നിശ്ചലമായ സാമൂഹികപരിസരമുള്ള കേരളസമൂഹത്തിലേക്കാണ് ഞാൻ വന്നെത്തിയതും. അന്ന് എന്റെ കൂടെ ആരുമില്ല, ബന്ധുക്കളോ സുഹൃത്തുക്കളോ ആരും. കുട്ടികൾ അന്ന് ഹൈസ്കൂൾ വിദ്യാർത്ഥികളാണ്.

പതിയെ എനിക്ക് ഇവിടെ സൗഹൃദങ്ങളുണ്ടായി. രാഷ്ട്രീയമായും സാമൂഹികവുമായുമൊക്കെ ഇടപെടുന്ന ഒരു കൂട്ടായ്മയുടെ ഭാഗമായപ്പോഴാണ് എനിക്കൊരു കൂട്ടുകാരനെ കിട്ടിയത്. ആ സുഹൃത്ത് ഞാനാഗ്രഹിക്കുന്ന രീതിയിൽ എന്നെ മനസ്സിലാക്കുകയും അഭിപ്രായങ്ങളെ മുഖവിലയ്ക്ക് എടുക്കുകയും എന്റെ തീരുമാനങ്ങൾക്ക് വില നൽകുകയുമൊക്കെ ചെയ്തപ്പോൾ എന്റെ അസ്തിത്വത്തിനു ഒരു മൂല്യമുള്ളതുപോലെ തോന്നി തുടങ്ങി. സ്വാഭാവികമായി ആ വ്യക്തിയുമായി മാനസികമായൊരു അടുപ്പം വന്നു. ബൗദ്ധികമായി മാത്രമല്ല, വൈകാരികമായും ആ കണക്ഷൻ കിട്ടി. അതു നൽകുന്നൊരു സംതൃപ്തി വലുതായിരുന്നു. ഒരു കുഞ്ഞു ആഗ്രഹം പോലെ ആ സ്നേഹം മനസ്സിൽ വളർന്നു, ഇങ്ങനെയൊരാളെയല്ലേ എനിക്ക് വേണ്ടിയിരുന്നത് എന്നു മനസ്സു കൊതിക്കാൻ തുടങ്ങി. പക്ഷേ അപ്പോൾ പോലും ഞാനത് പ്രകടിപ്പിച്ചില്ല. കാരണം ധാരാളം ലിമിറ്റേഷനുണ്ട് ഞങ്ങൾക്ക്, അവന് അവന്റെ കുടുംബമുണ്ട്, എനിക്ക് എന്റെ കുടുംബവും. ആരെയും ബുദ്ധിമുട്ടിക്കാതെ മനസ്സിലൊരു കൊതി പോലെ ആ ഇഷ്ടം കൊണ്ടുനടന്നു.

എന്റെ മനസ്സിലെ ചിന്തകളൊക്കെ അവനും മനസ്സിലാവുന്നുണ്ടായിരുന്നു. മനുഷ്യരല്ലേ നമ്മൾ, പ്രത്യേകിച്ച് വിശദീകരണമൊന്നുമില്ലാതെ തന്നെ ഇത്തരം വൈബുകളൊക്കെ മനുഷ്യർക്ക് പരസ്പരം മനസ്സിലാവും. എനിക്കും നിങ്ങൾക്കും ഒരേയിഷ്ടമുണ്ടെന്നൊക്കെ പല രീതിയിൽ പിടികിട്ടും. ഞങ്ങൾ വളരെ നിശബ്ദമായി പ്രണയിച്ചുകൊണ്ടിരിക്കുമ്പോഴും ഞങ്ങളുടെ നിശബ്ദത വളരെ ലൗഡായിരുന്നു! ഇവർക്കിടയിൽ മറ്റെന്തോ ഒരു വൈബ് ഉണ്ടല്ലോ എന്ന് ഞങ്ങൾക്കു ചുറ്റുമുള്ളവരും മനസ്സിലാക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളിൽ പലരും കളിയാക്കി തന്നെ ചോദിക്കാൻ തുടങ്ങി.

ഇക്കാര്യങ്ങളൊക്കെ ഞാൻ ബാലുവിനോടും തുറന്നു പറയുന്നുണ്ടായിരുന്നു. ‘നമ്മൾ ഒരാളിൽ തന്നെ അള്ളിപിടിക്കരുത്, എല്ലാ നീഡുകൾക്കും ഒരു മനുഷ്യനെ ആശ്രയിക്കരുത്, നമ്മുടേത് ഒരു ഓപ്പൺ റിലേഷൻഷിപ്പാണെന്നൊക്കെ’ പലപ്പോഴും ബാലു പറയാറുണ്ടായിരുന്നു. എന്താണ് ഓപ്പൺ റിലേഷൻഷിപ്പ് എന്നുപോലും അന്നെനിക്ക് അറിയില്ലായിരുന്നു. ഇങ്ങനെയൊക്കെ പുരോഗമനപരമായൊക്കെ സംസാരിക്കുന്ന ആളാണ്, പക്ഷേ, സത്യത്തിൽ അതൊന്നും ആത്മാർത്ഥമായി പറയുന്നതല്ലെന്ന് പതിയെ മനസ്സിലായി. നമ്മൾ ആ ബൗണ്ടറി താണ്ടി പോവില്ല എന്ന ഉറപ്പിൻമേലാണ് അവരതു പറയുന്നത്. ഒരു ദിവസം, നമ്മൾ ആ ബൗണ്ടറി താണ്ടി എന്നു തിരിച്ചറിയുന്നിടത്ത് പിന്നെ എല്ലാം പ്രശ്നമാണ്. അവരുടെ ഈഗോ മുറിപ്പെടുന്നു, അതുവരെ അവർ പറഞ്ഞതും ചിന്തിച്ചതും നിലകൊണ്ട ആശയങ്ങളും മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള സങ്കൽപ്പങ്ങളുമെല്ലാം റദ്ദ് ചെയ്തിട്ട് നമ്മളെ കുറ്റവാളിയായി ചിത്രീകരിക്കുകയാണ് പിന്നെ.

ഇതിലെ വിചിത്രമായൊരു കാര്യം, ഇതെല്ലാം പറയുന്ന ആൾക്കും പല പ്രണയങ്ങളുണ്ടാവുന്നുണ്ട്, അതൊക്കെ അറിയുമ്പോൾ ഞാനും അസ്വസ്ഥയാവുന്നുണ്ട്. വൈകാരികമായി തകരുന്നുണ്ട്, എനിക്കൊരിക്കലും തരാത്ത ബാലുവിന്റെ പ്രണയം മറ്റൊരാൾക്ക് പങ്കുവയ്ക്കുന്നത് കാണുമ്പോൾ വേദനയുണ്ടാകുന്നുണ്ട്, അതിനെ ചൊല്ലി കലഹം ഉണ്ടാവുന്നുണ്ട്. എന്നാൽ ‘അതിനെ സൗഹൃദമായി കാണണം, അതിനകത്ത് വലിയ വേവലാതി എടുക്കാൻ പാടില്ല, പൊസസീവ്നെസ്സ് പാടില്ല’ എന്നൊക്കെയാണ് സ്വന്തം കാര്യത്തിൽ ബാലുവിന്റെ നയം. പക്ഷേ എതിരെ നിൽക്കുന്നയാളെ തിരികെ അതേ ഹൃദയവിശാലതയോടെ നോക്കി കാണില്ല താനും. ആളുടെ ജീവിതത്തിലെ ബന്ധങ്ങളെ കുറിച്ച് അറിയുമ്പോഴെല്ലാം ഞാൻ പറയുന്നുണ്ട്, ‘നമ്മൾ വീട് വിട്ട് പോവാനോ ശത്രുക്കളായി മാറാനോ പോവുന്നില്ല. നമ്മുടെയുള്ളിലെ സ്പേസ് ഇല്ലാതായി കഴിഞ്ഞു. ജീവിച്ചുജീവിച്ചു നമ്മൾ പൂർണ്ണമായും അപരിചിതരായി മാറി. ഒരു സൗഹൃദമെങ്കിലും കീപ്പ് ചെയ്യാനായി നമുക്കിടയിൽ എന്തെങ്കിലും കണ്ടെത്തണം. ജീവിതത്തെ നമ്മൾ പുനർ നിർണയിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ ഇങ്ങനെയെന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കും’എന്നൊക്കെ.

അതേസമയം, എന്റെ കൂട്ടുകാരനാവട്ടെ, അവന്റെ ജീവിതം വളരെ മനോഹരമായി ജീവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവനെ സംബന്ധിച്ച് അവന്റെ പങ്കാളിയോടും അത്ര തന്നെ സ്നേഹമുണ്ട്. അവൻ അതിൽ വലിയ അഭിമാനമാണ് കണ്ടത്, ‘എന്തു ഭാഗ്യമാണ്, ഒരേ സമയം എന്നെ ഒരുപോലെ സ്നേഹിക്കുന്ന രണ്ടു സ്ത്രീകൾ’ എന്നതായിരുന്നു അവന്റെ കാഴ്ചപ്പാട്. എനിക്കു തോന്നുന്നത്, പുരുഷൻമാരിൽ പലരും അവരുടെ കുടുംബത്തെ കൂടുതൽ സ്നേഹിക്കാനുള്ള ഉപാധിയായി കൂടി എക്സ്‌ട്രാ മാരിറ്റൽ ബന്ധങ്ങളെ കാണുന്നുണ്ട് എന്നാണ്. അതുകൊണ്ട് തന്നെ ബാലൻസിംഗ് അവരെ സംബന്ധിച്ച് എളുപ്പമാണ്, പക്ഷേ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. ഒന്നും ഇല്ലാത്തിടത്തുനിന്നും, മുഴുവനായും തിരസ്കരിക്കപ്പെട്ട്, അത്താണികളെല്ലാം ഇല്ലാതാവുമ്പോഴാണ് മറ്റൊരു ബന്ധത്തിലേക്ക് സ്ത്രീകൾ എത്തുന്നത്. ഇത്തരം ബന്ധങ്ങളിൽ പെട്ടുപോയാൽ സ്ത്രീകളെ സംബന്ധിച്ച് തിരിച്ചുവരവ് വലിയ ബുദ്ധിമുട്ടാണ്. പുരുഷന്മാർക്ക് ഒരു കോൺഫ്ളിക്റ്റ് വന്നുകഴിഞ്ഞാൽ തിരിച്ച് അവരുടെ ജീവിതത്തിലേക്ക് തന്നെ തിരിച്ചുപോവാനും സെറ്റിൽ ചെയ്യാനും എളുപ്പമാണ്. പക്ഷേ സ്ത്രീയ്ക്ക് അവിടെയും ഇവിടെയും ആശ്രയമില്ലാതെയാവും. അത്തരമൊരു പ്രതിസന്ധി ചെറിയൊരു കാലയളവിൽ ആണെങ്കിലും എന്റെ ജീവിതത്തിലും വന്നു.

ഇന്നിപ്പോൾ ആ പ്രണയവുമില്ല. അതിന്റെ നനുത്ത ഓർമകൾ മാത്രമാണ് ഉള്ളത്. ഒരുപാട് വർഷങ്ങളായി ആ ബന്ധം പിരിഞ്ഞിട്ട്. എല്ലാവരും എല്ലാവരുടെയും സ്പേസുകൾ തിരിച്ചു പിടിക്കുമ്പോൾ ഏറ്റവും എളുപ്പത്തിൽ നഷ്ടപ്പെടുത്താൻ കഴിയുന്നത് നമ്മളെയൊക്കെ തന്നെയാണല്ലോ. എല്ലാവർക്കും അവരുടെ കുടുംബമുണ്ട്. എന്നെ സംബന്ധിച്ച് അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല, ഉണ്ടെന്ന് ഭാവിച്ചതിന്റെ യാതനകളാണ് ഞാൻ അനുഭവിച്ചത്. പക്ഷേ, ആ ബന്ധമില്ലായിരുന്നുവെങ്കിൽ പ്രണയം അറിയാതെ മരിച്ചുപോയെനെ ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ പ്രണയത്തിൽ എനിക്കൊട്ടും കുറ്റബോധമില്ല. ഞാനതിനെ വാല്യൂ ചെയ്യുന്നു. ബാലുവിനോടും മക്കളോടും വരെ ഞാനത് പറഞ്ഞിട്ടുണ്ട്. ‘എന്റെ ജീവിതത്തിൽ എന്തു സംഭവിച്ചാലും അതിനു ഞാൻ തന്നെയാണ് ഉത്തരവാദി. എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്. നിങ്ങൾക്കത് എടുക്കാം, എടുക്കാതിരിക്കാം. എന്നെ സംബന്ധിച്ച് ഞാൻ പ്രണയം അറിഞ്ഞത് 42-ാം വയസ്സിലാണ്. ഞാൻ അത് അങ്ങനെ തന്നെ അഭിമാനത്തോടെ തന്നെ മനസ്സിലേറ്റുന്നു. നിങ്ങൾക്കത് മോശമായി തോന്നാം, അതെനിക്ക് വിഷയമല്ല’ എന്ന്.

ഞങ്ങളുടെ പ്രണയം പ്രശ്നങ്ങളിലേക്ക് പോയപ്പോൾ വളരെ റാഡിക്കലായി ചിന്തിക്കുകയും മൾട്ടിപ്പിൾ റിലേഷൻഷിപ്പുകൾ ഉണ്ടായിരിക്കുകയും ചെയ്ത ആളുകളൊക്കെ തന്നെയാണ് അതിനെ ഡീൽ ചെയ്തത്. പക്ഷേ അങ്ങനെ റാഡിക്കൽ പൊസിഷനിൽ ഉള്ളവർ പോലും ഞങ്ങളുടെ കാര്യത്തിൽ ഇടപ്പെട്ടപ്പോൾ വളരെ യാഥാസ്ഥികമായ രീതിയിലാണ് അതിനെ സമീപിച്ചത്. കൗൺസിലിംഗിൽ ഇടപെട്ടൊരാൾ പോലും നിർദേശിച്ചത്, ഒരു സാമൂഹികബന്ധത്തിന്റെയും അടയാളങ്ങൾ ബാക്കി വയ്ക്കാതെ മരിച്ചവരെ പോലെ നിങ്ങൾ പിരിഞ്ഞുപോവണമെന്നാണ്. പുരോഗമന വാദികളായ സ്ത്രീ- പുരുഷ സുഹൃത്തുക്കൾ പോലും സമാനമായ നിലപാട് എടുത്തു. അപ്പോഴെല്ലാം എന്റെ ട്രോമകളിലും വേദനകളിലുമെല്ലാം കൂടെ നിന്ന സുഹൃത്താണ് അഡ്വക്കറ്റ് നന്ദിനി. അനംകാര എന്നാണ് ഞങ്ങൾ പരസ്പരം വിളിക്കുന്നത്, എല്ലാം അറിയുന്ന ചങ്ങാതി എന്നാണ് അതിനർത്ഥം.

ആ കാലത്ത് എന്നെ ചേർത്തുപിടിച്ച, ജീവിതത്തിൽ എപ്പോഴും അഭിമാനത്തോടെ ഓർക്കേണ്ട ഒരാൾ കൂടിയുണ്ട്, അതെന്റെ കൂട്ടുകാരന്റെ പാർട്ണറാണ്. ഒരു സ്ത്രീ എന്ന രീതിയിൽ എന്റെ ജീവിതാവസ്ഥകളെ മുഴുവൻ മനസ്സിലാക്കി കൊണ്ട് എന്നോട് കാരുണ്യം കാണിച്ചതും എന്നെ താങ്ങി നിർത്തിയതും എന്റെ ഇതേ കൂട്ടുകാരന്റെ പാർട്ണറാണ്. ഒരു ഫെമിനിസ്റ്റ് എന്ന രീതിയിൽ ഞാനും അവരും തിരിച്ചറിഞ്ഞ രാഷ്ട്രീയത്തെ തന്നെ ഹോൾഡ് ചെയ്യുന്നൊരു കാര്യമായിരുന്നു അത്. ‘മരിച്ചവരെന്ന പോലെ’ ഞാനും അവനും പിരിഞ്ഞുപോയിട്ടും വർഷങ്ങൾക്കു ശേഷം ബാലുവിട്ടു പോയപ്പോൾ ഉണ്ടായ ട്രോമയിലാണ് ഞാനെന്നറിഞ്ഞപ്പോൾ എന്നെ ആദ്യം വിളിച്ചതും ആശ്വസിപ്പിച്ചതുമെല്ലാം ആ സ്ത്രീയാണ്. ആ കാരുണ്യവും സ്നേഹവും സിസ്റ്റർ ഹുഡും ഇന്നും ഞങ്ങൾ നിലനിർത്തുന്നുണ്ട്.

വർഷങ്ങൾക്കിപ്പുറം, ബാലുവിനും തന്റെ പ്രണയത്തിലേക്ക് ഈസിയായി പോവാനായി. കൂട്ടുകാരിയ്ക്ക് ഒപ്പം ജീവിക്കണമെന്ന് വളരെ എളുപ്പത്തിൽ ബാലുവിന് തീരുമാനിക്കാൻ സാധിച്ചു. പക്ഷേ സ്ത്രീകളെ സംബന്ധിച്ച് ഇതൊന്നും എളുപ്പമല്ല. പ്രണയമോ, ജീവിതമോ, സസ്റ്റെയിനബിളാവലോ ഒന്നും എളുപ്പമല്ല. തിരിഞ്ഞു നോക്കുമ്പോൾ, ഇതെല്ലാം ഓൺ ഗോയിംഗ് പ്രോസസിൽ നമ്മൾക്ക് അനുഭവിക്കാനും മനസ്സിലാക്കാനും പഠിക്കാനുമുള്ള കാര്യങ്ങളായിരുന്നുവെന്ന് മനസ്സിലാവുന്നുണ്ട്. നല്ല ഓർമകളെ മാത്രമല്ല കെട്ട ഓർമകളെയും ഞാൻ വാല്യൂ ചെയ്യുന്നു. എന്നെ ഞാനാക്കി മാറ്റുന്നതിൽ അവയ്ക്ക് രണ്ടിനും ഒരുപോലെ പങ്കുണ്ട്. പ്രത്യേക മാനസികാവസ്ഥയിൽ അകപ്പെടുന്ന മനുഷ്യരെ മനസ്സിലാക്കാൻ, ജഡ്ജ്മെന്റൽ അല്ലാതെ കാര്യങ്ങളെ നോക്കി കാണാൻ, മനസ്സിലാക്കാൻ പറ്റുന്നത് ഈ നല്ലതും കെട്ടതുമായ മനുഷ്യാവസ്ഥകളിലൂടെ ഞാൻ കടന്നു പോയതുകൊണ്ടാണ്. ആ സന്തോഷവും വേദനയുമെല്ലാം എന്നെ ശുദ്ധീകരിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് കടന്നുവന്ന് പടിയിറങ്ങി പോയ ആ രണ്ടു മനുഷ്യരോടും എനിക്ക് കടപ്പാടുണ്ട്. യാതൊരു ശത്രുതയുമില്ല മനസ്സിൽ. കണ്ടുകഴിഞ്ഞാൽ സംസാരിക്കാനുള്ള എല്ലാ സ്പേസും ഞാനിപ്പോഴും സൂക്ഷിക്കുന്നുമുണ്ട്.

ജോളി ചിറയത്ത്

ആ പ്രണയത്തിന്റെ അലയൊലി അല്ല എന്നൊക്കെ ബാലു പറയുമെങ്കിലും എനിക്ക് കൃത്യമായി മനസ്സിലാവുന്നുണ്ട്, എന്റെ ആ പ്രണയം ബാലുവിന്റെ ആൺ ഈഗോയെ അങ്ങേയറ്റം വേദനിപ്പിച്ചിട്ടുണ്ടെന്ന്. എനിക്ക് ഇഷ്ടമുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു എന്ന ചിന്ത പോലും ബാലുവിന് സഹിക്കാൻ പറ്റുന്നില്ല. അവിടെ വിശ്വാസം, ചാരിത്ര്യം ഒക്കെ ചോദ്യം ചെയ്യപ്പെടുകയാണ്. പകയോടെയാണ് പിന്നെ സമീപനം. അതൊക്കെ കഴിഞ്ഞ് എത്രയോ വർഷം കഴിഞ്ഞിട്ടാണ് ഞങ്ങൾ പിരിയുന്നത്. പക്ഷേ, അപ്പോഴും 20ഉം 18ഉം വയസ്സായ ആൺമക്കളോട്, അത് വരെ വളരെ ബഹുമാനപൂർവ്വം കണ്ടിരുന്ന എൻ്റെ സാമൂഹ്യ ഇടപെടലുകളെ ആകെ റദ്ദ് ചെയ്യുന്ന തരത്തിൽ, എനിക്ക് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ആ സ്നേഹ ബന്ധത്തെ പറ്റി പറഞ്ഞു കൊടുക്കുന്നു. അമ്മ കാരണമാണ് കുടുംബം പിരിഞ്ഞതെന്ന രീതിയിൽ മാനിപുലേറ്റ് ചെയ്ത് ആ ഉത്തരവാദിത്വം എന്റെ തലയിൽ വയ്ക്കുന്നു. അത്രയും നാൾ ആ ദാമ്പത്യത്തിൽ അനുഭവിച്ച സകല അനീതിയേയും ആ ഒറ്റ വാക്കുകൊണ്ട് റദ്ദ് ചെയ്യുന്നു. പരസ്പരം ഞങ്ങൾ ട്രസ്റ്റ് ബ്രിച്ച് ചെയ്തു എന്നു അംഗീകരിച്ച്, അതിനെ വിശകലനം ചെയ്ത്, അക്കാലത്ത് ഞങ്ങളുടെ പ്രണയ പരാജയങ്ങളെ കുറിച്ച് പരസ്പരം പറഞ്ഞ് ചിരിച്ച്, അവിടെ നിന്നും ഒരു പാട് വർഷങ്ങൾ മുന്നോട്ട് പോയതിന് ശേഷമാണ് നിലവിലെ റിലേഷൻ പുള്ളിക്ക് ഉണ്ടാവുന്നതും പിരിയുന്നതും. അതിനെ വാലിഡേറ്റ് ചെയ്യാൻ ഞങ്ങൾക്കുള്ളിൽ രാജിയായ പഴയ പ്രണയകഥകൾ ബാലു മക്കളുടെ അടുത്ത് മാത്രമല്ല രണ്ടു കുടുംബക്കാരോടും നാട്ടിലെ എൻ്റെ മറ്റു ഫ്രണ്ട്സിനോടും പറഞ്ഞു എന്നത് ഞാൻ പിന്നീട് കുറെ കഴിഞ്ഞാണ് അറിഞ്ഞത്.

എനിക്കൊരു പെൺകുട്ടിയായിരുന്നെങ്കിൽ അവളോട് എനിക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം. പക്ഷേ ഒരു ആൺകുട്ടി അതിനെ മനസ്സിലാക്കുന്നത് കേവലാർത്ഥത്തിലാണ്, ‘അച്ഛനും അമ്മയക്കുമിടയിൽ സെക്സ് ഉണ്ടായിരുന്നില്ല, അതാവും അവർക്കിടയിലെ പ്രശ്നം’ എന്നാവും. പക്ഷേ അതു മാത്രമല്ലല്ലോ കാരണം, നമ്മുടെ അസ്ഥിത്വത്തെ വാല്യു ചെയ്തിരുന്നില്ലെന്ന്, പിരിയാനുള്ള പല കാരണങ്ങളിൽ ഒന്നുമാത്രമാണ് സെക്സ് എന്ന്, ജീവിതത്തിലെ 26 വർഷത്തോളമാണ് ആ ബന്ധത്തിൽ ഇൻവെസ്റ്റ് ചെയ്ത് എങ്ങുമെത്താതെ പോയതെന്ന്- ഒന്നും അവർ മനസ്സിലാക്കണമെന്നില്ല. പരസ്പരമുള്ള കമ്മ്യൂണിക്കേഷൻ പോലും ഇല്ലാതായ വർഷങ്ങൾ സമ്മാനിച്ച സങ്കടങ്ങൾ, സംസാരിക്കാനോ എവിടെയെങ്കിലും കൂടെ വരാനോ ഒന്നിച്ച് സമയം ചെലവഴിക്കാനോ ആള് മടിക്കുമ്പോഴുള്ള ഒറ്റപ്പെടൽ… പുറമേയ്ക്ക് പറയാൻ മാത്രം എന്തിനാണ് എനിക്ക് ഇങ്ങനെയൊരു പാർട്ണർ ഷിപ്പ് എന്നാലോചിച്ച എത്രയോ അനുഭവങ്ങൾ. യഥാർത്ഥത്തിൽ നമ്മൾ അനുഭവിക്കാത്തൊരു ജീവിതം, കുറേകാലം നാടകം കളിച്ച് ഹാപ്പിയാണെന്ന് കാണിച്ച് മുന്നോട്ടു കൊണ്ടുപോവാൻ പറ്റില്ല. ഒരു ഘട്ടമെത്തുമ്പോൾ സത്യം നമ്മുടെ മുഖാമുഖം നിൽക്കും. എന്നിട്ടും എന്ത് പരിമിതിയുണ്ടെങ്കിലും ബാലുവിനെ ഉപേക്ഷിച്ച് പോകുക എന്നതൊന്നും എനിക്കാവാത്ത കാര്യമായിരുന്നു. ഞാൻ സ്നേഹിക്കുന്ന ആരേയും എനിക്ക് കയ്യൊഴിയുക എളുപ്പമല്ല. എന്നിട്ടും ഞാൻ സ്നേഹിച്ചവർ, ‘മരിച്ച പോലെ’ എന്നെ വിട്ടു പോയി.

ആ ട്രോമകളെയെല്ലാം അതിജീവിച്ച് കുറേക്കൂടി ശാന്തമാണ് ജീവിതമിപ്പോൾ. ഒരാൾ കൂടെ വന്നു നിന്ന് നമ്മളെ സന്തോഷിപ്പിച്ച് ജീവിതം മനോഹരമാക്കുമെന്ന പ്രതീക്ഷയൊന്നും ഇപ്പോഴില്ല. നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ചെയ്യുക. ആരോഗ്യം ക്ഷയിക്കും മുൻപ് യാത്രകൾ പോവുക. സൗഹൃദങ്ങൾ ഉണ്ടെങ്കിൽ നല്ലത്. പ്രണയവും സെക്സുമൊക്കെ ഒരിക്കൽ അതിന്റെ തീവ്രതയിൽ എക്സ്പീരിയൻസ് ചെയ്താൽ പിന്നെ അതൊന്നും അവിഭാജ്യഘടകമല്ല. അതുകൊണ്ട് ജീവിതത്തിൽ ഇപ്പോൾ ഞാൻ സെറ്റിൽഡാണ്. പിന്നെ, മനുഷ്യരല്ലേ ഇടയ്‌ക്കൊക്കെ ഏകാന്തത തോന്നും. നല്ലൊരു പുരുഷസുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹം തോന്നും. പക്ഷേ, എനിക്ക് ട്രസ്റ്റ് ഇഷ്യൂസ് ഉണ്ടിപ്പോൾ. ആരെയും വിശ്വസിക്കാൻ ഒന്നും പറ്റില്ല. വല്ലപ്പോഴും ഒരു സിനിമയ്ക്ക് പോവാനോ പുറത്തുപോയി ഭക്ഷണം കഴിക്കാനോ ഒക്കെ ഒരു കൂട്ടുണ്ടെങ്കിൽ നല്ലത്, അതും നിർബന്ധമില്ല ഇപ്പോൾ.

1

ജോളി ചിറയത്ത് ജീവിതം പറയുന്നു, ആദ്യഭാഗങ്ങൾ ഇവിടെ വായിക്കാം
1. എന്നോളം പ്രായമുള്ള അതിജീവനം
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്
9. പള്ളിയുമായുള്ള കലഹം
10. സിനിമ എന്റെ പാഷനല്ല, അതിജീവനമാണ്
11. സിനിമയിലെ സ്ത്രീയിടങ്ങൾ
12. എന്റെ നീതിബോധത്തിന്റെ ശരികൾ

2

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actor activist jolly chirayath life story part 13 about her relationship and conflict