സിനിമയിൽ നിൽക്കുമ്പോൾ, ഒരു അഭിപ്രായം ഉണ്ടായി കഴിഞ്ഞാൽ അത് ബുദ്ധിമുട്ടാവും എന്നാണല്ലോ നമ്മൾ മനസ്സിലാക്കി വച്ചിരിക്കുന്നത്. പക്ഷേ അത് അങ്ങനെയല്ല, അഭിപ്രായമുണ്ടെങ്കിൽ സിനിമാ മേഖലയിൽ നമുക്കൊരു വെയിറ്റേജ് ഉണ്ടെന്നാണ് അനുഭവത്തിൽ എനിക്ക് മനസ്സിലായത്. അഭിപ്രായമുള്ള സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സമൂഹം കൂടിയുണ്ട് സിനിമയ്ക്ക് അകത്ത്. ഒരു വിഷയത്തിൽ ഞാൻ അഭിപ്രായം പറഞ്ഞതു കൊണ്ടു മാത്രം എനിക്ക് സിനിമ കിട്ടിയിട്ടുണ്ട്. ആ സംവിധായകൻ പറഞ്ഞത്, ചേച്ചിയുടെ പ്രസ് കോൺഫറൻസ് കണ്ടപ്പോൾ ചേച്ചി ഈ സിനിമയിൽ വേണം എന്നെനിക്കു തോന്നി എന്നാണ്. എനിക്ക് അത് വലിയ സന്തോഷമുണ്ടാക്കിയ കാര്യമാണത്. സിനിമയ്ക്ക് അകത്ത് നമ്മൾ കാര്യങ്ങൾ സംസാരിച്ചാൽ മാറ്റി നിർത്തപ്പെടും എന്നാണ് അതുവരെ കരുതിയിരുന്നത്, പക്ഷേ അതങ്ങനെയല്ല എന്ന് മനസ്സിലായി.
അന്നത്തെ ആ പ്രസ് മീറ്റും ഷൈൻ ടോം ചാക്കോയുമായുള്ള സംസാരവുമൊക്കെ കുറേയാളുകൾ ശ്രദ്ധിച്ചിട്ടുണ്ട്. സത്യത്തിൽ, ഞാനിത്ര കാലം നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരു എക്സ്റ്റൻഷൻ മാത്രമാണ് ആ പ്രസ് മീറ്റിൽ കണ്ടത്. പക്ഷേ അതിനു മുന്നെയൊന്നും അംഗീകരിക്കാതെ, അതിനു ശേഷം ആളുകൾ അംഗീകരിക്കുന്നുവെങ്കിൽ അത് ഒരു നടിയെന്ന രീതിയിലുള്ള പ്രിവിലേജ് തന്നെയാണ്. ഒരു കോളേജുകാർക്കും അതിനു മുൻപ് എന്നെ കേൾക്കേണ്ടിയിരുന്നില്ല. ആ സംഭവത്തിനു ശേഷം എന്റെ ഭാഷയ്ക്കോ ചിന്തയ്‌ക്കോ ഒന്നും മാറ്റം വന്നിട്ടില്ല. പക്ഷേ ഇപ്പോൾ ഒരുപാടു കോളേജുകളിൽ സെഷൻ അവതരിപ്പിക്കാൻ എന്നെ വിളിക്കുന്നു. വേറൊരു രീതിയിൽ നമ്മൾ സ്വീകാര്യയാവുന്നു. അതൊന്നും എന്റെ അഭിനയം കണ്ടിട്ടല്ല. ഞാൻ സിനിമയിൽ ഉണ്ടെന്നത് പോസിറ്റീവായ കാര്യമാണ്, പക്ഷേ അതിലപ്പുറം എനിക്കൊരു അഭിപ്രായമുണ്ട് എന്നത് ആളുകൾക്കിപ്പോൾ സ്വീകരിക്കാൻ പറ്റുന്നുണ്ട്. സിനിമയിലുള്ള സ്ത്രീകൾ കൂടുതൽ അവരുടെ അഭിപ്രായങ്ങൾ എക്സ്‌പ്രസ് ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

സാമൂഹികമായ വിഷയങ്ങളിൽ ഇടപെടാൻ പൊതുവെ ഞാൻ മടിക്കാറില്ല., അറിയാവുന്ന കാര്യങ്ങൾ പറയാനും. എനിക്ക് ആരെയും പ്ലീസ് ചെയ്യേണ്ടതില്ല. ഞാനൊരു അധികാരത്തിന്റെയും ഒപ്പമല്ല. എനിക്ക് അധികാരത്തിൽ ഇരിക്കുന്നവരെ പ്ലീസ് ചെയ്ത് എന്തെങ്കിലും നേടിയെടുക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. സ്ഥാനമാനങ്ങളോ ബഹുമതികളോ വേണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ജീവിക്കണം, ഞാൻ ജീവിക്കുന്നതുപോലെ എന്‍റെ സഹജീവികൾക്കും ജീവിക്കാൻ പറ്റണം. ഇത്രമാത്രമാണ് ലോകത്തിനോട് എന്റെ മിനിമം ഡിമാൻഡ്. അതെവിടെയാണെങ്കിലും പറയാൻ എന്താണ് ബുദ്ധിമുട്ട്. അതു സിനിമയ്ക്ക് അകത്താണെങ്കിലും പറയും, രാഷ്ട്രീയക്കാരോടാണെങ്കിലും പറയും. നിങ്ങളെന്തു പൊസിഷനിൽ ഇരിക്കുന്ന വ്യക്തിയാണെന്ന് എനിക്കറിയേണ്ട, നിങ്ങളൊരു പൊസിഷനിൽ ഇരിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ചില കാര്യങ്ങൾ ചെയ്യാൻ ബാധ്യസ്ഥരാണ്. അതു ചെയ്യാൻ നിങ്ങൾക്ക് പറ്റുമോ? എന്നാണ് എനിക്ക് അറിയേണ്ടത്.
സ്വാധീനവും അധികാരവുമുള്ള മനുഷ്യർക്ക് നീതിബോധമുണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. കാരണം അവർക്ക് നീതിബോധമുണ്ടായാലാണ് ഒരു ഘടനയിൽ മാറ്റമുണ്ടാവുക. നിർഭാഗ്യവശാൽ, ഇവിടെ അധികാരമുള്ളവരാണ് അതു ചെയ്യാതിരിക്കുന്നത്. നമ്മളൊക്കെ സംസാരിക്കുന്നതിലും എത്രയോ ഇംപാക്റ്റ് ഉണ്ടാക്കാൻ ടോപ്പിലുള്ളവർക്ക് സാധിക്കും. മലയാളത്തിൽ മാത്രമല്ലേ ഇത്രയും പ്രശ്നങ്ങളുള്ളൂ, ഇത്ര കോടികൾ വാങ്ങുന്ന ഷാരൂഖ് ഖാനെ പോലുള്ള താരങ്ങളൊക്കെ എന്ത് അന്തസ്സായിട്ടാണ് അഭിപ്രായം പറയുന്നത്. നസറുദ്ദീൻ ഷാ, കമൽഹാസൻ, പ്രകാശ് രാജ് ഇവരൊക്കെ പറയുന്നില്ലേ? അങ്ങനെ ഒരു ശബ്ദം എന്തുകൊണ്ട് മലയാളത്തിൽ നിന്നു ഉയരുന്നില്ല. അത് കലാകാരന്മാരെന്ന രീതിയിലുള്ള ഒരു അപചയമായിട്ടാണ് ഞാൻ കാണുന്നത്. ഒരു അഭിപ്രായം ഇല്ലാതിരിക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. നിങ്ങൾ ജീവിക്കുന്ന കാലത്തോട് ഒരു അനീതിയാണ് ചെയ്യുന്നത്, പ്രത്യേകിച്ചും നിങ്ങൾക്ക് സ്വാധീനമുള്ളപ്പോൾ.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്
9. പള്ളിയുമായുള്ള കലഹം
10. സിനിമ എന്റെ പാഷനല്ല, അതിജീവനമാണ്
11. സിനിമയിലെ സ്ത്രീയിടങ്ങൾ