സ്ത്രീകളോടുള്ള കനിവ്, സിസ്റ്റർഹുഡ് തുടങ്ങിയ കാര്യങ്ങളിലേക്ക് ഒക്കെ എന്റെ മനസ്സ് അടുത്തതിനു കാരണം എന്റെ അമ്മയാണ്, അമ്മയുമായുള്ള ബന്ധമാണ്. അതു കൊണ്ടാവും എനിക്ക് സ്ത്രീകളെ കയ്യൊഴിയാൻ പറ്റില്ല. അമ്മയെന്നതിനെ ‘ഗ്ലോറിഫൈ’ ചെയ്യുകയല്ല ഞാൻ. പക്ഷേ സ്ത്രീയേയും പുരുഷനെയും വച്ചുനോക്കുമ്പോൾ സ്ത്രീകളുടെ ക്വാളിറ്റി എന്നത് അവൾക്കുള്ളിലെ ദയയും സഹാനുഭൂതിയുമൊക്കെ തന്നെയാണ്. നമ്മൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം വയലൻസിന്റേതായിരിക്കരുത്. പുരുഷനുള്ളിൽ വയലൻസ് കൂടുതലാണ്. ആ വയലൻസിനെ ഓവർകം ചെയ്തു മുന്നോട്ടു പോവാൻ സ്ത്രീയുടെ കയ്യിലുള്ള ആയുധം അവളുടെ കംപാഷൻ തന്നെയാണ്. അതിനായി നമുക്ക് അത്രയും ശക്തമായ സിസ്റ്റർഹുഡുകൾ വികസിപ്പിച്ചെടുക്കേണ്ടത് ആവശ്യമാണ്. നിർഭാഗ്യവശാൽ, സ്ത്രീകൾക്ക് തമ്മിലുള്ള കണക്റ്റിവിറ്റികൾ വളരെ കുറവാണ്. നിങ്ങൾക്ക് അക്കാദമിക് ലെവലിലോ ജീവിതത്തിൽ അടുത്തു നിൽക്കുന്നതോ ആയ സുഹൃത്തുക്കളുണ്ടാവും. പക്ഷേ എല്ലാ തരം ക്ലാസിനും കൈ കൊടുക്കുന്ന തരത്തിലുള്ള സിസ്റ്റർഹുഡിന്റെ ഫോർമാറ്റ് ഇവിടെ സാധാരണമല്ല.
അത് സ്ത്രീകളുടെ മാത്രം കുഴപ്പമല്ല. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. സ്ത്രീകൾക്ക് എവിടെയും അധികം സോഷ്യൽ സ്പേസ് ഇല്ല. അവസരങ്ങൾ കുറവാണ്. എത്ര സ്ത്രീകൾക്ക് പത്തു ദിവസം അടുപ്പിച്ച് രാഷ്ട്രീയപ്രവർത്തനത്തിന് പോവാൻ പറ്റും. പുരുഷന് ഒന്നും അറിയേണ്ട രാവിലെ എണീറ്റ് ഒരു പുസ്തകവുമെടുത്ത് ഇറങ്ങാം. അവരെപ്പോൾ തിരിച്ചു വരും, എന്തിനു പോവുന്നു, എവിടെ പോവുന്നു എന്നതിനെ കുറിച്ച് ഒരു ചോദ്യമില്ല. ഒരു ഓഡിറ്റിംഗും അവരുടെ കാര്യത്തിലുണ്ടാവില്ല. എന്നാൽ, ഇങ്ങനെ സ്ഥിരമായി വായനശാലയിലോ ക്ലബ്ബിലോ പോയി ഇരുന്ന് സംസാരിക്കാനും സമയം ചെലവഴിക്കാനും രാഷ്ട്രീയ പ്രവർത്തനം നടത്താനുമൊക്കെ കഴിയുന്ന, അക്കാദമിക് ആയി മുന്നേറുന്ന എത്ര സ്ത്രീകൾ ഉണ്ടാവും നമുക്ക്?
സമരം രണ്ടു രീതിയിൽ നമ്മളെ പൊളിച്ചെഴുതുന്നുണ്ട്. വ്യക്തിയെന്ന രീതിയിൽ വികസിക്കുമ്പോൾ തന്നെ സ്ത്രീയെന്ന രീതിയിൽ നമ്മളെ വല്ലാതെ ചുരുക്കുന്നുമുണ്ട്. സത്യത്തിൽ ചുരുക്കാൻ ശ്രമിക്കുന്നു എന്നാണ് പറയേണ്ടത്. സ്ത്രീകൾ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ, സമൂഹത്തിന്റെ കണ്ണിൽ സ്ത്രീയുടെ ഇമ്മീഡിയേറ്റ് പ്രയോറിറ്റി വീടും കുടുംബവും ആണ്. അതിനു ശേഷമേ അവൾ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ വിശകലനം ചെയ്യാൻ സമൂഹം തയ്യാറാവുന്നുള്ളൂ.

ഒരു അഭിനേത്രിയെന്ന രീതിയിൽ വളരെ അഭിമാനത്തോടെ തന്നെയാണ് ഞാൻ വിമന്‍ ഇന്‍ സിനിമ കളക്റ്റിവിനെ (ഡബ്ല്യൂ സി സി) നോക്കി കാണുന്നത്. മലയാള സിനിമയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ച കളക്റ്റീവ് തന്നെയാണ് ഡബ്ല്യൂ സി സി. പക്ഷേ ഒരു സ്ത്രീയെന്ന രീതിയിൽ നോക്കി കാണുമ്പോൾ, ഡബ്ല്യൂ സി സി ക്ലാസ് കോൺഷ്യസായി നിൽക്കുന്നതു പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ആ ചിന്താഗതിയിൽ നിന്നും സംഘടന കുറച്ചു കൂടി വളരേണ്ടതുണ്ട്. സാമാന്യ ജനങ്ങൾ അതിന്റെ ഗുണഭോക്താക്കളായി മാറണമെങ്കിൽ ‘ഡീക്ലാസ്’ ചെയ്യാൻ പറ്റണം. അല്ലാത്തപക്ഷം ഒരു വളർച്ചയില്ലാതെ നിന്നു പോവും. ചില പ്രശ്നങ്ങൾ ഗവൺമെന്റിന്റെയും മറ്റും ശ്രദ്ധയിൽ പെടുത്താം എന്നതിന് അപ്പുറത്തേക്ക് താഴേക്കിടയിലെ മനുഷ്യരുടെ തൊഴിൽ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാൻ ഇപ്പോൾ ആ സംഘടനയ്ക്ക് സാധിക്കില്ല.
ഡബ്ല്യൂ സി സിയ്ക്കായി ഇറങ്ങിതിരിച്ച സ്ത്രീകൾക്ക് ഏറെ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കൂടി മറന്നു കളയാനാവില്ല. എപ്പോഴും സ്ത്രീകളെ പാഠം പഠിപ്പിക്കാനാണ് സമൂഹം നടക്കുന്നത് . കൂടുതൽ സംസാരിക്കുന്നവരെ കൂടുതൽ പാഠം പഠിപ്പിക്കുക എന്നതാണ് സമൂഹത്തിന്റെ രീതി. അത്യാവശ്യം പ്രിവിലേജുകളുള്ള ഒരു സ്ത്രീയ്ക്ക് വേണ്ടി അത്രത്തോളം തന്നെ പ്രിവിലേജുള്ള ഒരു പറ്റം സ്ത്രീകൾ മുന്നിട്ടിറങ്ങിയിട്ടും ഇതാണ് അവസ്ഥ. അപ്പോൾ ഒട്ടും പ്രിവിലേജ് ഇല്ലാത്ത ജൂനിയർ ആർട്ടിസ്റ്റുകളെ പോലെയുള്ളവരോടൊക്കെ എന്താവും മനോഭാവം? റിമ, പത്മപ്രിയ, രമ്യ നമ്പീശൻ അവരുടെയൊക്കെ അവസരങ്ങൾ പോവുന്നു, അവരുടെ നല്ല പ്രായം കൂടി കടന്നു പോവുന്നു. മെയിൻ സ്ട്രീം സംവിധായകരൊക്കെ അവരെ അകറ്റി നിർത്തുന്നു.
ഞാനും കൂടുതൽ പുതുമുഖ സംവിധായകർക്ക് ഒപ്പമാണ് വർക്ക് ചെയ്തിട്ടുള്ളത്. പുതുമുഖ സംവിധായകരുടെ സെൻസിബിലിറ്റി മാറിയിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വലിയ പാരമ്പര്യമൊന്നുമില്ലാതെ, സിനിമ ചെയ്യണം എന്ന ആഗ്രഹിച്ചു നടക്കുന്ന കുറേ കുട്ടികളുണ്ട്. അവർക്ക് നമ്മളോട് കുറച്ചുകൂടി റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.

ലൈംഗിക പീഡനങ്ങൾ മാത്രമല്ല ഇന്നു സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നം. നിങ്ങൾ പണിയെടുക്കുന്നതിന് നിങ്ങൾക്ക് കൂലി ലഭിക്കുന്നില്ല എന്നതാണ്. ചെയ്യുന്ന ജോലിക്ക് കൂലി ഡിമാൻഡ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് നമുക്ക് അവകാശങ്ങൾക്കു വേണ്ടി സംസാരിക്കാൻ കഴിയുക. ജോലിക്ക് ശമ്പളം തരണമെന്ന് പറയാൻ കഴിയാത്തിടത്താണ്, സെക്ഷ്വൽ ഫേവർ ചോദിച്ചാൽ കൊടുക്കേണ്ടി വരുന്ന ഗതികേട് ഉണ്ടാവുന്നത്. നിങ്ങളുടെ ഡിമാന്റിംഗ് പവർ ഇല്ലായ്മ ചൂഷണം ചെയ്യപ്പെടുകയാണ്. ആദ്യമുണ്ടാവേണ്ടത് ആ ഡിമാന്റിംഗ് പവറാണ്.
ഇതിനൊപ്പം തന്നെ, മീറ്റൂ മൂവ്മെന്റുകളെ കുറിച്ച് കൂടി പറയേണ്ടതുണ്ട്. നൂറുവർഷത്തെ ചരിത്രം നോക്കുമ്പോൾ, പികെ റോസിയെന്ന ആദ്യകാല നായിക ജീവനും കൊണ്ട് ഓടിപോയ ഇടത്തു നിന്നും ഇന്നിലേക്കു നോക്കുമ്പോൾ സിനിമയിലെ കുറേ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ഇത് സ്ത്രീകളുടെ കൂടി തൊഴിലിടമാണെന്ന് അംഗീകരിച്ചു കൊടുക്കാൻ വിമുഖത കാണിക്കുന്നവർ സിനിമയിലുണ്ട്. സ്ത്രീകൾക്ക് എന്തോ ഉപകാരം ചെയ്തു കൊടുക്കുന്നു, അതിനു പകരം കൈക്കൂലിയായി സെക്സ് ചോദിക്കാം എന്നു കരുതുന്ന ഒരു അലിഖിത നിയമം സിനിമയിൽ മാത്രമല്ല എല്ലായിടത്തുമുണ്ട്. സിനിമ കുറച്ചുകൂടി ആളുകൾ അടുത്തിടപഴകുന്ന മേഖലയായതു കൊണ്ട്, ഇത് കൂടുതൽ ഡിമാന്റിംഗ് ആണെന്ന പൊതുബോധം നിലനിൽക്കുന്നുണ്ട് എന്നേയുള്ളൂ.
രണ്ടു രീതിയിൽ ഇത് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്, വർധിച്ചു വരുന്ന മീറ്റൂ മൂവ്മെന്റുകൾ കാരണം സ്ത്രീകളെ ഇനി തൊഴിലിന് എടുക്കണോ എന്നു ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. അപ്പോഴും സ്ത്രീകൾ ഉന്നയിക്കുന്ന പ്രശ്നത്തെ അഡ്രസ്സ് ചെയ്യണമെന്നല്ല അവർ ആലോചിക്കുന്നത്, സ്ത്രീകളെ അങ്ങ് ഒഴിവാക്കിയേക്കാം എന്നാണ്. അത് സിനിമയിലെ സ്ത്രീകളുടെ അതിജീവനത്തെ നെഗറ്റീവായി ബാധിക്കുന്നുണ്ട്. ഇതെല്ലാം ഡബ്ല്യുസിസി പെണ്ണുങ്ങളുടെ പ്രശ്നമാണ് എന്ന രീതിയിലാണ് വായിക്കപ്പെടുന്നത്.
ഒരു തൊഴിൽ അന്വേഷിക്കുമ്പോൾ നിങ്ങളോട് സെക്ഷ്വൽ ഫേവർ ആവശ്യപ്പെടുന്നത് കൈക്കൂലി വാങ്ങുന്നതു പോലെ തന്നെ ഒരു ക്രൈമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതല്ലാതെ രണ്ടു മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന്റെയോ ശാരീരികമായ ആവശ്യങ്ങളുടെയോ അടുപ്പത്തിന്റെയോ ആകർഷണത്തിന്റെയോ പുറത്ത് സെക്സിലേക്ക് എത്തിക്കുന്നത് തീർത്തും നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ പിന്നീട് ക്രിമിനിലൈസ് ചെയ്യരുത്. ഇവിടെ ആ രീതിയിലാണോ കാര്യങ്ങൾ നടന്നത് എന്ന് മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ സുതാര്യതയില്ലായ്മയുണ്ട്. തൊഴിലിനു പകരം സെക്സ് ആവശ്യപ്പെടുക എന്നത് ക്രൈം തന്നെയാണ്. പക്ഷേ, ഒരു റിലേഷൻഷിപ്പിൽ എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോൾ ഉടനെ അതു വരെയുള്ള സ്നേഹവും പ്രണയവും കാമവുമൊക്കെ റദ്ദ് ചെയ്തു കൊണ്ട് അതിനെയൊരു ക്രിമിനൽ പൊസിഷനിൽ നിർത്തുന്നത് സ്ത്രീകൾക്ക് അത്ര ഗുണം ചെയ്യില്ല. കാരണം നമ്മൾ ഇതു വരെ ആർജ്ജിച്ചെടുത്ത സോഷ്യൽ സ്പേസിനെ, ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യത്തിനെ, നമ്മുടെ നിർണയാവകാശത്തെ ഒക്കെ ഒറ്റ നിമിഷം കൊണ്ട് റദ്ദ് ചെയ്യുന്ന അപകടം പിടിച്ച കളി കൂടിയാണത്. അതുകൊണ്ട് ഇക്കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ വേണമെന്നൊരു അഭിപ്രായം എനിക്കുണ്ട്.
എല്ലാ മീറ്റുവിലും ഞാനിപ്പോൾ പൊസിഷൻ എടുക്കാറില്ല. കാരണം എനിക്ക് വ്യക്തിപരമായി അറിയാവുന്ന കേസുകളിൽ രണ്ടു പേരുടെയും വേർഷൻ ഞാൻ കേട്ടിട്ടുണ്ട്. മീറ്റുവിനെ പ്രതികാരമെന്ന രീതിയിൽ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. സെക്സിനെ തന്നെ പൊതുവെ വയലൻസിന്റെ ഒരു ടൂളായിട്ടാണ് കാണുന്നത്. പലപ്പോഴും വ്യക്തികളെ തേജോവധം ചെയ്യാൻ, നിങ്ങളുടെ അസ്ഥിവാരം തോണ്ടി കളയാൻ പോലും ലൈംഗികാരോപണത്തെ ഉപയോഗിക്കുന്ന ഒരു പ്രവണത ഇന്നുണ്ട്. സാമൂഹികപരവും വ്യക്തിപരവുമായ നിങ്ങളുടെ ജീവിതം ഇല്ലാതാക്കാനുള്ള ഒരു വയലൻസ് ഉപകരണമായി ലൈംഗികതയെ നോക്കി കാണുന്ന അപകടകരമായൊരു കളി ഇവിടെ തുടങ്ങിവച്ചത് രാഷ്ട്രീയക്കാരാണ്. അതു കൊണ്ടാണ് നമുക്ക് സോളാർ വിഷയമെന്നത് സരിത മാത്രമായി ഒതുങ്ങി പോയത്. സോളാർ എവിടെപ്പോയി? നമുക്ക് കിട്ടുമായിരുന്ന ഒരു ആൾട്ടർനേറ്റീവ് എനർജിയെ കുറിച്ചല്ലേ നമ്മൾ ചർച്ച ചെയ്യേണ്ടത്?
ലൈംഗികതയെ അവരുടെ പ്രതികാരം തീർക്കാനുള്ള ടൂളായി സത്രീകളും ഉപയോഗിക്കുന്നുണ്ടാവാം. പക്ഷേ അത് ആത്യന്തികമായി തിരിച്ചടികൾ ഉണ്ടാക്കുന്നത് സ്ത്രീസമൂഹത്തിനു തന്നെയാണ്. നമ്മൾ നമ്മുടേതായ ആവശ്യങ്ങളെ കൂടി നിഷേധിക്കുകയാണ്. എനിക്കൊരാളോട് പ്രണയമുണ്ടായി, അയാളോട് കാമമുണ്ടായി. പിന്നീട് അത് ഇല്ലാതായി. എങ്കിൽ, അതില്ലാതെയായി എന്നു തന്നെയാണ് ഞാൻ കാണേണ്ടത്. അതിനെ വയലൻസാക്കി മാറ്റരുത്.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്
9. പള്ളിയുമായുള്ള കലഹം
10. സിനിമ എന്റെ പാഷനല്ല, അതിജീവനമാണ്
11. സിനിമയിലെ സ്ത്രീയിടങ്ങൾ