അഭിനയിക്കാൻ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. പ്രീഡിഗ്രി കാലത്ത് സെവൻ ആർട്സ് നിർമ്മിച്ച് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യം കണ്ട് വീട്ടുകാർ അറിയാതെ എന്റെ കൺസെഷൻ കാർഡിലെ പടം ഇളക്കിയെടുത്ത് അയച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ അത് തിരിച്ചുവന്നപ്പോൾ അമ്മ കയ്യോടെ പൊക്കി, നല്ല അടിയും കിട്ടി. അതോടെ അഭിനയമോഹം നിർത്തിയ ആളായിരുന്നു ഞാൻ.
വിവാഹജീവിതം ശുഭകരമായല്ല അവസാനിച്ചതെങ്കിലും ബാലുവുമായുള്ള ബന്ധത്തിൽ ഞാൻ വളരെ പ്രോഗസീവ് ആയി കാണുന്നൊരു കാര്യം, എനിക്കിത്ര എക്സ്പോഷർ കിട്ടി എന്നതാണ്. മനുഷ്യജീവിതത്തിന്റെ സാധ്യതകൾ കൂടുതൽ മനസ്സിലാക്കാനുള്ള സാഹചര്യമുണ്ടായത് അങ്ങനെയാണ്. ഗൾഫിൽ നിന്നും വന്ന സമയത്ത് മനസ്സിൽ ഒരുപാട് സ്ക്രിപ്റ്റുകളുണ്ടായിരുന്നു. സിനിമ ചെയ്യണമെന്നുള്ള ആഗ്രഹവും. ഗൾഫ് കാലത്ത് ക്യാമറയുമായി കുറേ നാൾ നടന്നതിന്റെ ആത്മവിശ്വാസവും ഒന്നു രണ്ട് ഷോർട്ട് ഫിലിമുകൾ ചെയ്തതിന്റെ അനുഭവപരിചയവും കൂട്ടിനുണ്ടായിരുന്നു. എപ്പോഴെങ്കിലും ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം മനസ്സിൽ കിടപ്പുണ്ടെങ്കിലും, ഞാനൊരു തരത്തിൽ തളർന്നിരുന്നു. വളരെ ചെറുപ്രായം മുതൽ ഒരുപാട് പോരാടിയാണ് മുന്നോട്ടു നടന്നത്. ജീവിതത്തോടുള്ള സകല പ്രേരണയുമില്ലാതെയായി, മടുപ്പിന്റേതായൊരു അവസ്ഥയിൽ ഞാനെത്തിയിരുന്നു.
‘അങ്കമാലി ഡയറീസി’ലേക്ക് എന്നെ എത്തിക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും സുർജിത്ത് ഗോപിനാഥ് എന്ന ചങ്ങാതിയ്ക്കാണ്. ചെമ്പൻ വിനോദ് ചെയ്യാനിരുന്ന ചിത്രമായിരുന്നു അത്, ഇരുനിറമുള്ള, 45 വയസ്സുള്ള അമ്മ വേഷത്തിലേക്ക് ചെമ്പനും കൂട്ടുകാർക്കും ഒരു അഭിനേത്രിയെ വേണം. ഒന്നു ശ്രമിച്ചുനോക്കൂ എന്ന് സുർജിത് പറഞ്ഞു. എന്റെ ഫോട്ടോ കണ്ടപ്പോൾ ചെമ്പന് ഓകെയായിരുന്നു. ചിത്രം തുടങ്ങുമ്പോൾ വിളിക്കാം എന്നു പറഞ്ഞു.

ഞാൻ മെനോപാസിന്‍റെ ട്രോമയിലൂടെ കടന്നു പോവുകയാണ് ആ സമയം. അതിനിടയിലാണ് ബാലുവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് അറിയുന്നത്. അതെന്നെ ആകെ ഉലച്ചു കളഞ്ഞു. എല്ലാം കൂടി ഭ്രാന്തു പിടിപ്പിക്കുന്ന അവസ്ഥ. അതിനിടയിൽ ചെമ്പന്റെ കോൾ വീണ്ടും വന്നു. ‘ചേച്ചീ, ഞാനല്ല ലിജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഡിഷൻ ഉണ്ടാവും. അതിൽ ഓകെ ആയാലേ അഭിനയിക്കാൻ കഴിയൂ,’ എന്നു പറഞ്ഞു. ഓഡിഷനൊന്നും പോവാൻ തോന്നുന്ന മാനസികാവസ്ഥ ആയിരുന്നില്ല അത്. പക്ഷേ മക്കൾ പ്രോത്സാഹിപ്പിച്ചു, വെറുതെ പോയി നോക്കൂ അമ്മേ. ആ ഓഡിഷനിൽ ഞാൻ സെലക്റ്റായി. അങ്ങനെയാണ് സിനിമയുടെ ലോകത്തേക്ക് ഞാൻ ചുവടുവെക്കുന്നത്. പക്ഷേ ആ സിനിമയുടെ ചിത്രീകരണം തുടങ്ങും മുൻപ് തന്നെ ദാമ്പത്യജീവിതത്തിൽ നിന്നും ഞാൻ പടിയിറങ്ങിയിരുന്നു, ബാലുവും ഞാനും വേർപിരിഞ്ഞു.
വൈകാരികമായി തളർന്നു പോയൊരു കാലമായിരുന്നു അത്. ബന്ധങ്ങളിൽ വളരെ വൾണറബിളായ ഒരാളാണ് ഞാൻ, ആളുകളുമായി വളരെ അടുത്തു പോവുന്നത് എനിക്കൊരുപാട് തിരിച്ചടികൾ ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിർബന്ധപൂർവ്വം ചെയ്യേണ്ടി വന്ന അവസ്ഥ ജീവിതത്തിൽ ഉണ്ടായപ്പോൾ വളരെ യാഥാസ്ഥിതിക ചിന്താഗതിയുള്ള എന്റെ ചേച്ചി വരെ ചോദിച്ചിട്ടുണ്ട്. ‘നിനക്ക് നാട്ടിലേക്ക് വരാൻ ഇഷ്ടമില്ലായിരുന്നെങ്കിൽ ആ പാസ്പോർട്ട് അങ്ങട് കീറി കളഞ്ഞാൽ പോരായിരുന്നോ? പിന്നെ ഇങ്ങോട്ട് വരേണ്ടി വരില്ലായിരുന്നല്ലോ എന്ന്?’ ഞാൻ പക്ഷേ അതോർത്തില്ല. ചേച്ചിയൊക്കെ കുറച്ചൂടി സ്ട്രെയിറ്റ് ആണ്. അവരുടെ പ്രതിഷേധമൊക്കെ വളരെ ക്ലിയറാണ്. ഞാനെന്തിനാണ് ഈ വേദനയൊക്കെ സഹിച്ച്, എനിക്കിഷ്ടമില്ലാത്ത ഒരിടത്ത് ഇത്ര സ്ട്രഗിൾ ചെയ്തത് എന്ന് പിന്നീട് ആലോചിച്ചിട്ടുണ്ട്. മറ്റൊരാളെ വേദനിപ്പിക്കാതിരിക്കാൻ എല്ലാ വേദനകളും ഞാൻ എടുത്ത് ശീലിച്ചതിന്റെ കുഴപ്പമായിരുന്നു എല്ലാം.
സിനിമ വിജയിച്ചതുകൊണ്ടും എന്റെ ജീവിതം താറുമാറായി കിടക്കുന്നതുകൊണ്ടും എനിക്ക് മുന്നോട്ടൊരു വഴി വേണമായിരുന്നു. അതുകൊണ്ട് സിനിമയിലേക്ക് തന്നെ ഫോക്കസ് ചെയ്തു. ജീവിക്കാൻ വേണ്ടി മറ്റൊരാളുടെ മുന്നിൽ കൈനീട്ടേണ്ടി വരുന്ന അവസ്ഥ എനിക്കോർക്കാൻ വയ്യ. സിനിമയെ പാഷനായല്ല, ഒരു തൊഴിലായാണ് ഞാൻ കാണുന്നത്. എന്നെ സംബന്ധിച്ച് എന്റെ അതിജീവനമാർഗമാണ് സിനിമ.

സ്ത്രീകളുടെ സാന്നിധ്യം പൊതുവെ സിനിമയിൽ കുറവാണ്. ഒരു സിനിമയെടുത്താൽ അതിൽ അഭിനയിക്കാൻ കുറച്ചു സ്ത്രീകൾ ഉണ്ടാവും എന്നതിനപ്പുറം മറ്റു മേഖലകളിൽ സ്ത്രീസാന്നിധ്യം കുറവാണ്. പക്ഷേ ഹിന്ദിയിലും മറ്റും അങ്ങനെയല്ല, അവിടെയൊക്കെ പലപ്പോഴും 50-50 ആണ് അനുപാതം. അവിടെയൊക്കെ തുല്യതാബന്ധങ്ങളിലാണ് സിനിമ മുന്നോട്ടുപോവുന്നത്. അത്തരമൊരു അന്തരീക്ഷം ഇവിടെയും ഉണ്ടാവേണ്ടതുണ്ട്.
സിനിമ സ്ത്രീകളുടെ കൂടി സ്പേസ് ആണെന്നൊരു തലത്തിലേക്ക് മലയാളസിനിമ ഇതു വരെ വന്നിട്ടില്ല. സ്ത്രീകൾക്ക് ഇവിടെ പ്രാധാന്യം കിട്ടുന്നുവെങ്കിൽ അതൊരു ഔദാര്യമായിട്ടാണ് പലരും കാണുന്നത്. അഭിനയത്തെ ഒരു തൊഴിലായിട്ട് ആളുകൾ കാണുന്നുണ്ടോ എന്നെനിക്ക് സംശയമാണ്. അങ്ങനെയായിരുന്നെങ്കിൽ കുറച്ചുകൂടി ഗൗരവപൂർവ്വം ആളുകൾ സിനിമയെ നോക്കി കാണുമായിരുന്നു. ഇവിടെയെല്ലാം ചാൻസും ലക്കുമാണ്. നിങ്ങളുടെ ഭാഗ്യത്തിന് ഒരു ചാൻസ് കിട്ടുന്നു, അത് വിജയിക്കുകയാണെങ്കിൽ നിങ്ങൾ നിൽക്കും. അതിൽ തന്നെ കുറേ കാര്യങ്ങളുണ്ട് നിങ്ങൾക്ക് പ്രതിഫലം കിട്ടാൻ. നിങ്ങൾ വരുന്നത് നല്ല പശ്ചാത്തലത്തിൽ നിന്നാണെങ്കിൽ അയ്യോ അവർക്കൊന്നും കാശ് കൊടുക്കാതിരിക്കാൻ പറ്റില്ല എന്ന രീതിയിൽ ആളുകൾ ചിന്തിക്കും. അതേ പരിഗണന സാധാരണ ചുറ്റുപാടിൽ നിന്നു വരുന്ന ആളോട് കാണിക്കണമെന്നില്ല. ഇവിടെ ഉള്ളവനെ തന്നെ വെൽ ട്രീറ്റ് ചെയ്യും. ചോദിക്കാൻ ആരുമില്ലാത്തവർക്ക്, എന്തെങ്കിലും കൊടുത്ത് ഒഴിവാക്കാം എന്ന ചിന്തയാണ്. നായകന് കോടികൾ ശമ്പളം കൊടുക്കുന്നത് ഓകെ. അതിനൊപ്പം തന്നെ അതിന് അടുത്തടുത്ത് വരുന്ന താരങ്ങൾക്ക് ഇത്ര ശബളം എന്നു ഫിക്സ് ചെയ്തു കഴിഞ്ഞാൽ നല്ല അഭിനേതാക്കളെ ഉണ്ടാക്കിയെടുക്കാം. സ്ട്രെക്ച്ചർ ഇല്ലാത്തതിന്റെ പ്രശ്നവുമുണ്ട് ഇവിടെ. എപ്പോഴെങ്കിലും എല്ലാം തെളിയുമെന്ന പ്രതീക്ഷയിൽ ഭാഗ്യാന്വേഷികളായി നടക്കുന്ന മനുഷ്യരാണ് സിനിമയിലേറെയും. വർഷങ്ങളോളം സിനിമയുടെ പിറകെ നടന്ന് ഒന്നുമാവാതെ പലരും ജീവിതം ഹോമിക്കുന്നു. പ്രൊഫഷണലിസം ഇല്ലാത്തിടത്തോളം കാലം, വേതനം കൃത്യമായി കിട്ടുന്ന ഒരു തൊഴിലിടമായി മലയാള സിനിമ മാറില്ല.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്
9. പള്ളിയുമായുള്ള കലഹം