എന്നോളം പ്രായമുള്ള അതിജീവനം

കേൾവിക്കുറവ്, അച്ഛനമ്മമാർ തമ്മിലുള്ള പൊരുത്തക്കേടുകൾ, നാസിക്കിലെ ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നിന്നും കേരളത്തിലെ പള്ളി സ്കൂളിലേക്കുള്ള പറിച്ചു നടൽ… ബാല്യകാല അനുഭവങ്ങൾ പറഞ്ഞു ജോളി ചിറയത്ത്

Jolly Chirayath, Jolly Chirayath latest photos, Jolly Chirayath interview, Jolly Chirayath life story
എന്നിലൂടെ ഞാൻ, ജോളി ചിറയത്ത് ജീവിതം പറയുന്നു (ഭാഗം 1)

മലയാള സിനിമയിൽ ജോളി ചിറയത്ത് എന്ന കലാകാരിയുടെ പേര് തെളിയാൻ തുടങ്ങിയിട്ട് അധികം വർഷങ്ങളായിട്ടില്ല. എന്നാൽ കേരളത്തിലെ സമരമുഖത്ത് വർഷങ്ങളായി സജീവയാണ് ഈ കലാകാരി. അനേകം പോരാട്ടങ്ങളുടെ, വിപുലമായ കാഴ്ചപ്പാടുകളുടെ, സമരജീവിതത്തിന്റെ കഥകൾ ജോളി ചിറയത്ത് പറയുന്നു.

ഭാഗം 1

നാലു കുട്ടികളിൽ ഏറ്റവും ഇളയയാളാണ് ഞാൻ. ഒരു സഹോദരി കുട്ടിക്കാലത്തു തന്നെ മരിച്ചു. എന്റെ ജീവിതത്തിൽ, റിസ്ക്  അല്ലെങ്കിൽ അതിജീവനം എന്ന വാക്കിന് എന്നോളം തന്നെ പ്രായമുണ്ടെന്ന് വേണം പറയാൻ. എന്റെ ജന്മം പോലും അൽപ്പം റിസ്ക് ആയിരുന്നു. എന്നെ ഗർഭം ധരിച്ച സമയത്താണ് അമ്മച്ചിക്ക് ഹൃദയത്തിന്റെ വാൽവിന് പ്രശ്നമുണ്ടെന്ന് അറിയുന്നത്. അബോർഷൻ ചെയ്യാമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ക്രിസ്തീയ വിശ്വാസം അനുസരിച്ച് അപ്പച്ചനും അമ്മച്ചിക്കും അതു ബുദ്ധിമുട്ടായിരുന്നു. പ്രസവം പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും, ചിലപ്പോൾ അംഗവൈകല്യമുള്ള കുട്ടിയായിരിക്കും ജനിക്കുക എന്ന് ഡോക്ടർമാർ സൂചന നൽകി. എന്നിട്ടും അപ്പച്ചനും അമ്മച്ചിയും എന്നെ ഈ ഭൂമിയിലേക്ക് കൊണ്ട് വരാൻ തീരുമാനിച്ചു.

ഞങ്ങൾ തൃശൂർക്കാരാണ്, പക്ഷേ എന്റെ ജനനം മഹാരാഷ്ട്രയിലെ നാസിക്കിൽ ആയിരുന്നു. അപ്പച്ചന് അവിടെയായിരുന്നു ജോലി, ഹോട്ടൽ ബിസിനസ്സായിരുന്നു. പ്രശ്നമുള്ള ഗർഭമായതിനാൽ അമ്മയേയും അപ്പച്ചൻ നാസിക്കിലേക്ക്  കൊണ്ടു പോവുകയായിരുന്നു. ഞാൻ ജനിച്ച് നാലു മാസമൊക്കെ കഴിഞ്ഞാണ് അമ്മച്ചി തിരിച്ച് തൃശൂരിലേക്ക് വരുന്നത്. പക്ഷേ, അമ്മച്ചിയുടെ ചൂടുപറ്റി വളരാൻ എനിക്ക് ഭാഗ്യം കിട്ടിയില്ല. ഒരു വയസ്സു ആയപ്പോൾ തന്നെ എന്നെ അമ്മയുടെ അടുത്തു നിന്നും മാറ്റി. എനിക്ക് ഓർമവച്ച കാലം മുതൽ ഞാൻ അമ്മാവന്മാരുടെയും അമ്മായിമാരുടെയും കൂടെയാണ്. അതിനിടയിൽ അമ്മയ്ക്ക് ഹൃദയത്തിന് ഓപ്പൺ സർജറി ചെയ്തു.

അമ്മയെ കുറിച്ചുള്ള എന്റെ ഓർമ തുടങ്ങുന്നതു പെരിഞ്ഞനത്തെ അമ്മവീടിന്റെ പശ്ചാത്തലത്തിലാണ്. കടലിനോട് അടുത്തതാണ് ആ വീട്. പഞ്ചാരമണലൊക്കെ നിറഞ്ഞ തീരദേശഭൂമി. പറമ്പിൽ കുളമൊക്കെയുണ്ട്. അതിലാണ് അമ്മായിമാരുടെ കുളിയും അലക്കുമൊക്കെ. എനിക്ക് നാലു വയസ്സു പ്രായം കാണും. കുളത്തിൽ ചേട്ടന്മാരൊക്കെ നീന്തുന്നതും നോക്കിയിരിക്കെ കാലുതെന്നി ഞാൻ കുളത്തിലേക്ക് വീണു. അമ്മേ എന്നു ഉറക്കെ കരഞ്ഞുകൊണ്ട് വെള്ളത്തിലേക്ക് വീഴുന്നതാണ് ബാല്യത്തെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ. അന്നു മുതലാണ് അമ്മയെ കാണണമെന്നൊക്കെ ഞാൻ ആഗ്രഹിച്ചു തുടങ്ങിയത്. കൂടെയുള്ള ആരും എന്റെ അമ്മയല്ലെന്ന് അപ്പോഴാണ് മനസ്സിലായത്.

എന്റെയോർമ്മയിൽ അമ്മയെ ഞാനാദ്യമായി കാണുന്നത്, ബാക്ക് റെസ്റ്റോക്കെ വച്ച് അമ്മയൊരു കട്ടിലിൽ ഇരിക്കുന്നതാണ്,  ഒരു കമ്പോണ്ടർ അമ്മയുടെ ശരീരത്തിൽ നിന്നും പസ്സ് കുത്തിയെടുക്കുന്നുണ്ടായിരുന്നു. അതു കണ്ട് എനിക്ക് പേടിയായി. നേരിട്ട് കാണുമ്പോൾ അമ്മ വന്ന് കെട്ടിപ്പിടിക്കുമെന്നൊക്കെ ഓർത്തിരുന്ന എന്നിലെ  കുട്ടി നിരാശയായി. അന്ന് വൈകുന്നേരമായപ്പോഴാണ് ഞാനറിയുന്നത് എനിക്കൊരു ചേച്ചിയുണ്ട്, ചേട്ടനുണ്ട്, അപ്പച്ചനുണ്ട് എന്നൊക്കെ.

അമ്മയെ കാണാൻ നല്ല ഭംഗിയായിരുന്നു. അലൗകിക സൗന്ദര്യമെന്നൊക്കെ പറയില്ലേ, അതു പോലെ. ഞാനാദ്യം കാണുന്ന നഗ്നമായ ശരീരം അമ്മയുടേതാണ്, രോഗിയായ അമ്മയെ കുളിപ്പിക്കുന്നത്. എനിക്ക് സ്ത്രീകളോടുള്ള ആഭിമുഖ്യം പോലും അമ്മയുടെ അസുഖകാലവുമായി ബന്ധപ്പെട്ടുള്ളതാണ്. അമ്മയെ പരിചരിക്കുന്ന വല്യമ്മമാർ, അവരുടെ സംസാരം, സൊറ പറച്ചിലുകൾ… സ്ത്രീ അനുഭവങ്ങൾ കേൾക്കാനും അവർക്കൊപ്പം നിൽക്കാനുമൊക്കെയുള്ള ഒരുത്സാഹം എന്റെയുള്ളിൽ തോന്നി തുടങ്ങിയത് അവരുടെ ‘സിസ്റ്റർഹുഡ്’ കണ്ടിട്ടാണ്. കുശുമ്പും കുന്നായ്മയുമൊക്കെയുണ്ടെങ്കിലും ഒരു ക്രിട്ടിക്കൽ പോയിന്റിൽ അവരൊന്നിച്ച് നിൽക്കുന്നതും പരസ്പരം ചേർത്തു പിടിക്കുന്നതുമൊക്കെ നിത്യം കണ്ടു വളർന്ന കുട്ടിയാണ് ഞാൻ.

അമ്മയ്‌ക്കൊപ്പം ജോളി ചിറയത്ത്

ആറാം വയസ്സിൽ എന്നെ നാട്ടിലെ സ്കൂളിൽ ചേർത്തു. പക്ഷേ അരകൊല്ല പരീക്ഷയായപ്പോഴേക്കും ഞങ്ങളെല്ലാവരും വീണ്ടും നാസിക്കിലേക്ക് മടങ്ങി. അവിടെ  ചെന്നപ്പോഴാണ് അടുത്ത പ്രശ്നം  നേരിടുന്നത്, താമസിക്കുന്നതിന് അടുത്ത്  ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവുമൊന്നുമില്ല, ഉള്ളത് മറാഠി മീഡിയമാണ്. ഏഴിലും നാലിലും പഠിക്കുന്ന ചേച്ചിയേയും ചേട്ടനെയും തിരിച്ച് നാട്ടിലേക്ക് തന്നെ അയച്ചു, അവർ വല്യമ്മയുടെ വീട്ടിൽ നിന്ന് പഴയ സ്കൂളിൽ പഠിത്തം തുടർന്നു. ഞാൻ ഇളയകുട്ടിയായതിനാൽ അപ്പച്ചനും അമ്മച്ചിയും  എന്നെ അവർക്കൊപ്പം  നാസിക്കിൽ തന്നെ നിർത്തി.

അമ്മയുടെ അസുഖകാലത്തുണ്ടായ കുട്ടിയായതു കൊണ്ട്, എനിക്ക് ജന്മനാ  കേൾവി കുറവുണ്ടായിരുന്നു.  45 ശതമാനം കേൾവിശേഷിയെ  ഉണ്ടായിരുന്നുള്ളൂ.  അങ്ങനെയൊരു പ്രശ്നം എനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അമ്മയ്ക്ക് ടെൻഷനായി, എപ്പോഴും എന്നെ കൂടെ നിർത്തി.  എന്നെ അവിടെയൊരു  മറാഠി മീഡിയം സ്കൂളിൽ ചേർത്തു. പരിചയമില്ലാത്ത ഭാഷയായതിനാൽ എനിക്കൊന്നും  മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഒടുവിൽ അപ്പച്ചനു മനസ്സിലായി, ഇങ്ങനെ പോയിട്ട് കാര്യമില്ലെന്ന്. വൈകാതെ അവരെല്ലാം ചേർന്ന് അവിടെയൊരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു. ഏഴു വയസ്സായപ്പോഴാണ് ഞാൻ വീണ്ടും എൽകെജി മുതൽ പഠിച്ചു തുടങ്ങുന്നത്. എന്റെ വർഷം നഷ്ടപ്പെടാതിരിക്കാനായി  ആറു മാസം കൊണ്ട് എൽകെജിയും ആറുമാസം കൊണ്ട് യുകെജിയും പഠിപ്പിച്ചെടുത്തു.

നാസിക്കിലെ ആ സ്കൂൾ അന്തരീക്ഷം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഗോവയിൽ നിന്നുള്ള അധ്യാപികമാരായിരുന്നു അവിടെ പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. വളരെ വിശാലമായി ചിന്തിക്കുന്നവരായിരുന്നു അവർ. ആൺകുട്ടികളും പെൺകുട്ടികളും  ഒന്നിച്ചിരിക്കണം, ഇരിക്കുന്നതും കളിക്കുന്നതുമൊക്കെ ഒരുമിച്ച്. കബഡി, ഖോ-ഖോ ഒക്കെ ഒന്നിച്ചാണ് കളിക്കുക. ആഴ്ചയിൽ ഒരു ദിവസം ജനറൽ ക്ലീനിംഗ് ഉണ്ട്. എല്ലാ കാര്യങ്ങളും കുട്ടികൾ ഒന്നിച്ച് ചെയ്യണം. ലിംഗവിവേചനം ഇല്ലാതെയാണ് അവിടെ പഠിച്ചത്. അതൊരു വലിയ അനുഭവമായിരുന്നു എനിക്ക്. കുട്ടികൾക്കിടയിലെ ഇൻഹിബിഷൻസ് മാറ്റിയെടുക്കാനായി അവർ ബോധപൂർവ്വം സെറ്റ് ചെയ്ത കരിക്കുലമായിരുന്നു അതെന്ന് മുതിർന്നപ്പോഴാണ് തിരിച്ചറിവുണ്ടായത്. എഴുപതുകളിലാണത് എന്നോർക്കണം, തിരിഞ്ഞുനോക്കുമ്പോൾ ആ അധ്യാപികമാരുടെ ദീർഘവീക്ഷണമോർത്ത് അത്ഭുതം തോന്നിയിട്ടുണ്ട്.

ആഗ്ലോ ഇന്ത്യൻസ് സമുദായത്തിൽ നിന്നുള്ളവരായിരുന്നു ഈ അധ്യാപികമാർ. അവർ സ്കൂളിലേക്ക് വരുന്നത് പോലും  അവരുടെ ബോയ് ഫ്രണ്ട്സിനൊപ്പമാണ്.  ബോയ് ഫ്രണ്ടിനൊപ്പം കുട്ടിയുടുപ്പൊക്കെയിട്ട്, കൂളിംഗ് ഗ്ലാസ്സ് വച്ച്, ലിപ്സ്റ്റിക്കിട്ട് ബുള്ളറ്റിൽ വന്നു ഇറങ്ങുന്നു. ഞങ്ങൾ മലയാളി കുട്ടികൾക്ക് അതൊക്കെ വലിയ കൗതുകമായിരുന്നു, പക്ഷേ കൂടെയുള്ള നോർത്തിന്ത്യക്കാരായ കുട്ടികൾക്ക് ഇതൊരു വിഷയമേ അല്ല. അവർ ബോളിവുഡ് സിനിമകളൊക്കെ കണ്ടുകണ്ട് ഇത്തരം വസ്ത്രധാരണരീതികൾ പരിചിതമാണ്. കാഴ്ചകൾ എങ്ങനെ നമ്മളെ പരുവപ്പെടുത്തുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു അത്. മലയാളികൾ പൊതുവെ ഇവിടെ തിരിച്ചാണല്ലോ കാര്യങ്ങളെ നോക്കി കാണുന്നത്, ലിപ്സ്റ്റിക് ഇടുന്ന, കൂളിംഗ് ഗ്ലാസ് വയ്ക്കുന്ന അത്തരം സ്ത്രീകളെയൊക്കെ മലയാളികൾക്ക് മോശക്കാരാണല്ലോ.

അപ്പച്ചനും അമ്മച്ചിയ്ക്കുമൊപ്പം വളരുന്നുവെങ്കിലും വീട്ടിലെ അവസ്ഥ അത്ര നല്ലതായിരുന്നില്ല. അവരുടേത് ഒരു സന്തുഷ്ട കുടുംബജീവിതമൊന്നും ആയിരുന്നില്ല. അതിന്റേതായ ട്രോമകൾ ഞാൻ കുട്ടിക്കാലത്ത് അനുഭവിച്ചിട്ടുണ്ട്. പക്ഷേ എന്റെ  അധ്യാപികമാർ അതുപോലും മനസ്സിലാക്കിയിരുന്നു. പ്രശ്നബാധിതമായൊരു സാഹചര്യത്തിലാണ് ഞാൻ വളരുന്നത് എന്നു മനസ്സിലാക്കിയ ടീച്ചർമാർ ഇടയ്ക്കിടെ വീട്ടിൽ വരും, നമ്മളോട് സംസാരിക്കും, കുട്ടികളെ  എങ്ങനെയാണ് വീട്ടിലെ വഴക്കുകൾ ബാധിക്കുകയെന്ന് അപ്പച്ചനും  അമ്മച്ചിക്കും കൗൺസിലിങ് നൽകും. അത്രയ്ക്കും കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് ആ സ്കൂളും ടീച്ചേഴ്സും നിർണായക പങ്ക് വഹിച്ചിരുന്നു.  ഇന്ന് പല സ്കൂളുകളിലും കുട്ടികൾക്കായി കൗൺസിലർമാരുണ്ട്, അതൊരു അൾട്രാ മോഡേൺ സൗകര്യം പോലെയാണ് പല സ്കൂളുകളും  അവതരിപ്പിക്കുന്നത്. എന്നാൽ നാസിക്കിലെ എന്റെ ആ സ്കൂളിൽ അത് അടിസ്ഥാനപരമായ സ്ട്രെക്ച്ചറിന്റെ  ഭാഗമായിരുന്നു.

എനിക്ക് പത്തു വയസ്സുള്ളപ്പോൾ ഞങ്ങൾ നാട്ടിലേക്കു തിരിച്ചു വന്നു. എന്നെ ഒരു പള്ളി സ്കൂളിൽ ചേർത്തു. അവിടെ നിന്നാണ് എന്റെ  ദുരന്തങ്ങൾ തുടങ്ങുന്നത്. നാസിക്കിൽ ഞാൻ പ്രാക്റ്റീസ് ചെയ്ത രീതികളിൽ നിന്നും തീർത്തും വ്യത്യസ്തമായ സാഹചര്യം. അതോടെ ടീച്ചേഴ്സിനു ഞാനൊരു തലവേദനയായി. എപ്പോഴും ആൺപിള്ളേരുടെ കൂടെ കളിക്കുന്നു എന്നതൊക്കെയാണ് പരാതി. ആൺകുട്ടികളാവട്ടെ എന്നെ കാണുന്നത് ‘ബോംബെക്കാരിയായ ഒരു വട്ടുപെണ്ണ്’ എന്ന രീതിയിലാണ്. അതിന്റെ ഒരു സ്ട്രെസ്സും ആശയക്കുഴപ്പവും  ഞാൻ തുടക്കത്തിൽ നേരിട്ടിരുന്നു. എനിക്ക് തിരിച്ചുപോവണമെന്നൊക്കെ ഞാൻ നിരന്തരം വീട്ടിൽ പറയുമായിരുന്നു. പതിയെ ആ സാഹചര്യത്തോട് ഞാൻ പൊരുത്തപ്പെട്ടു.

അപ്പോഴും പൊരുത്തപ്പെടാൻ കഴിയാതിരുന്നത്, അപ്പച്ചനും അമ്മച്ചിയും തമ്മിലുള്ള വഴക്കുകളോടായിരുന്നു. അപ്പച്ചന്റെ മദ്യപാനം, അമ്മയുടെ രോഗാവസ്ഥകൾ എല്ലാം കൂടി വീട്ടിലെ അന്തരീക്ഷം അനുദിനം മോശമാക്കി. അമ്മച്ചി  എപ്പോൾ വേണമെങ്കിലും ഞങ്ങളെ വിട്ടുപോയേക്കാമെന്നൊരു ഭീതി എന്നെ വേട്ടയാടിരുന്നു. ക്ലാസ്സിലിരിക്കുമ്പോൾ പോലും പേടി തോന്നും, തിരിച്ചു ചെല്ലുമ്പോൾ അമ്മ ജീവനോടെയുണ്ടാവുമോ എന്ന്.

ജോളി ചിറയത്ത് പഴയ കാല ചിത്രം

അപ്പച്ചൻ നാട്ടിൽ വരുന്ന സമയത്ത് രംഗം കൂടുതൽ മോശമാവും. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്ന അപ്പച്ചനല്ല തിരിച്ചുവരുന്നത്. മദ്യപിച്ചു കഴിഞ്ഞാൽ  ആകെ പ്രശ്നമാണ്, അപ്പച്ചൻ വേറെയൊരാളാണ്. അപ്പച്ചന് ഹോട്ടൽ ബിസിനസ്സായിരുന്നുവെന്നു പറഞ്ഞല്ലോ…  ടയർ റീസോളിംഗ് ബിസിനസ്സ്, കൂൾബാർ അങ്ങനെ പല തരം ജോലികൾ അദ്ദേഹം ചെയ്തുനോക്കി. അദ്ദേഹമൊരു രസികൻ കക്ഷിയായിരുന്നു, ആകെ കുഴപ്പം ഗൃഹനാഥനാവാൻ പറ്റിയ ആളല്ലായിരുന്നു എന്നതാണ്. ബാക്കിയെല്ലാ കാര്യത്തിനും ആള് വലിയ ഉദാരമതിയാണ്. എല്ലാവരെയും സഹായിക്കും. എക്സ്ട്രീം സോഷ്യലിസ്റ്റാണ്, എല്ലാം എല്ലാവർക്കുമുള്ളതാണ് എന്നൊക്കെ ചിന്തിക്കുന്ന മനുഷ്യൻ. അതിന്‍റെ തിക്താനുഭവമൊക്കെ നേരിട്ടത് അമ്മയും ഞങ്ങൾ മക്കളുമായിരുന്നു.

സത്യത്തിൽ അപ്പച്ചനും അമ്മച്ചിക്കും ഇടയിലുള്ള പ്രശ്നങ്ങൾക്കു പോലും അവരുടെ കുട്ടിക്കാല അനുഭവങ്ങളുടെ ട്രോമയാണ് അടിസ്ഥാനകാരണമെന്നു എനിക്ക്  തോന്നിയിട്ടുണ്ട്. അപ്പച്ചന് അധികം വിദ്യാഭ്യാസമില്ല, നാലു വരെ പഠിച്ചു. ചെറുപ്പത്തിലെ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. ഒരുപാട് കഷ്ടപ്പെട്ടു. 13-ാം വയസ്സിൽ നാടുവിട്ടു. അമ്മയുടെ കാര്യവും കഷ്ടമാണ്. ആറു വയസ്സിൽ അമ്മയുടെ അമ്മ മരിച്ചു, 12 വയസ്സിൽ അച്ഛനും പോയി. 17 വയസ്സിൽ കല്യാണം കഴിപ്പിച്ചു വിട്ടു. എന്നെ പ്രസവിക്കുന്നതിനു മുൻപേ, വളരെ ചെറുപ്പത്തിൽ തന്നെ രോഗിയായി. ഒന്നും അവരുടെ കുറ്റങ്ങളല്ല, സാഹചര്യങ്ങളാണ് അവരെ അങ്ങനെയൊക്കെയാക്കി തീർത്തത്. തനിയെ തനിയെ നിൽക്കുമ്പോൾ അവർ നല്ല മനുഷ്യരാണ്, പക്ഷേ ചേർന്നു നിൽക്കുമ്പോൾ ചേർച്ച കുറഞ്ഞുപോയി. അത്തരമൊരു ദാമ്പത്യത്തിലുള്ള മക്കൾ അനുഭവിക്കുന്ന എല്ലാ ഗതികേടുകളും ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. ആ വയലൻസും പ്രശ്നങ്ങളുമെല്ലാം അടുത്തുനിന്ന് കണ്ടാണ് ഞാൻ വളർന്നത്. ഇത്തരം ട്രോമകൾക്കിടയിലൂടെ  എന്റെ  കുട്ടിക്കാലം കടന്നു പോയി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actor activist jolly chirayath life story part 1 childhood

Next Story
വിവാഹവേദിയിൽ ഒത്തുകൂടി എൺപതുകളിലെ സൂപ്പർ നായികമാർ
Exit mobile version