ട്രോമ ബോണ്ടിംഗ് എന്നൊന്നുണ്ട് ബന്ധങ്ങളിൽ. ആവർത്തിച്ചുള്ള മോശമായ പെരുമാറ്റങ്ങൾക്കിടയിലും പങ്കാളിയോടുള്ള അമിതമായ ആശ്രിതത്വമാണിതെന്ന് പറയാം. വലിയ വേദനകളെ ചെറിയ സന്തോഷങ്ങൾ കൊണ്ട് റദ്ദ് ചെയ്യാൻ ശ്രമിച്ച് അതേ ബന്ധത്തിൽ തന്നെ തുടരുന്ന അവസ്ഥ. ട്രോമ ബോണ്ടിംഗിന്റെ ഒരു പ്രശ്നം നമുക്ക് എളുപ്പത്തിൽ പങ്കാളിയ്‌ക്കോ/പ്രണയിതാവിനോ മാപ്പു കൊടുക്കാനാവും എന്നതാണ്. അവരിൽ ഇപ്പോഴും എന്തോ നന്മ ബാക്കിയുണ്ടെന്ന് നമ്മൾ വിചാരിക്കും. അങ്ങനെ തന്നെ വിചാരിക്കാനാണ് എനിക്കിഷ്ടം. കാരണം ഞാൻ 17-ാം വയസ്സിൽ കണ്ടു തുടങ്ങിയ ആ മനുഷ്യനിൽ അയാളുടേതായ നന്മകളുണ്ടായിരുന്നു, അയാളെന്റെ ജീവിതത്തെയും ചിന്തകളെയും സ്വാധീനിച്ചിട്ടുണ്ട്, അതൊന്നും മറന്നുകളയാൻ ഞാനൊരുക്കമല്ല. ആ ബഹുമാനമൊക്കെ എനിക്ക് ഇന്നുമുണ്ട്. പക്ഷേ, അന്ന് ഞാൻ കണ്ടയാൾ അല്ലായിരുന്നു യഥാർത്ഥത്തിൽ ബാലുവെന്ന് ജീവിച്ചുജീവിച്ചു വന്നപ്പോഴാണ് മനസ്സിലായത്. ആ തിരിച്ചറിവിൽ വേദനയുമുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് ബാലു എന്റെ കുട്ടികളുടെ അച്ഛനാണ്. എന്റെ അപ്പച്ചൻ എനിക്കൊപ്പമുണ്ടായിരുന്നതിനേക്കാൾ കാലം കൂടെയുണ്ടായിരുന്ന പുരുഷൻ, 30 വർഷമെന്നൊക്കെ പറയുന്നത് ഒരു ചില്ലറ കാലയളവല്ലല്ലോ.
ബാലുവിന് വയ്യാതിരിക്കുന്നു, കണ്ണിനു കാഴ്ച കുറയുന്നു എന്നൊക്കെ കേട്ടപ്പോൾ എനിക്കൊന്നു പോയി കാണാൻ തോന്നി. ബാലു ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് അപ്പോഴേക്കും രണ്ടര വർഷത്തോളമായിരുന്നു. വയനാട്ടിലായിരുന്നു ബാലുവും കൂട്ടുകാരിയും താമസം. ഞങ്ങളുടെ ചില കോമൺ സുഹൃത്തുക്കൾ ബാലുവിനെ കാണാനായി വയനാട്ടിലേക്ക് പോവുന്നു എന്നു കേട്ടപ്പോൾ അവർക്കൊപ്പം ഞാനും കൂടി. ‘എനിക്കൊന്നു കാണണം’ എന്നു പറഞ്ഞു. അവർക്ക് ടെൻഷനുണ്ടായിരുന്നതിനാൽ, ഞാൻ കൂടെയുള്ള കാര്യം അവർ ബാലുവിനെ മുൻകൂട്ടി അറിയിച്ചില്ല.
ബാലു ഇനി ഞങ്ങളുടെ ജീവിതത്തിലില്ല എന്ന അവസ്ഥയോട് ഞാനും എന്റെ മനസ്സും പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. രണ്ടര വർഷത്തോളമായി ബാലുവും പുതിയ കൂട്ടുകാരിയും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഇനി എന്താണ് ബാക്കിയുള്ളത്? അവരെങ്കിലും സന്തോഷമായി ജീവിക്കട്ടെ. സ്നേഹങ്ങൾക്കൊക്കെ എക്സ്റ്റൻഷൻസ് സാധ്യമാണെന്ന് ഞാനെന്റെ ജീവിതത്തിൽ നിന്നു പഠിച്ചതാണ്. തിരിച്ചുപോവാനും വരാനും റബ്ബറുപോലെ വലിച്ചുനീട്ടാനുമൊക്കെയുള്ള സാധ്യതകൾ സ്നേഹത്തിലുണ്ട്. ഇനി സങ്കടമോ ദേഷ്യമോ ഒന്നും ബാക്കിയില്ല, അവരെ രണ്ടുപേരെയും ഒന്നു നേരിൽ കാണണം. മനസ്സിനെയും ചിലതെല്ലാം ബോധ്യപ്പെടുത്തണം. അങ്ങനെ വിചാരിച്ചിട്ടാണ് ഞാൻ പോവുന്നത്. എനിക്ക് അതിനാൽ കൺഫ്യൂഷനോ പേടിയോ ഒന്നുമുണ്ടായിരുന്നില്ല.

ഞങ്ങൾ കാറിൽ ചെന്നിറങ്ങി, എന്നെ കണ്ടപ്പോൾ ബാലു അമ്പരന്നു. എന്നോട് കയറിയിരിക്കാൻ പറഞ്ഞു. അത്രകാലം എന്നെ മോളൂട്ടി എന്നു വിളിച്ച ബാലു വളരെ ഫോർമലായി ‘ജോളി’ എന്നു വിളിച്ചു ഇരിക്കാൻ പറഞ്ഞു. അപ്രതീക്ഷിതമായി എന്നെ കണ്ടതോടെ ആ സ്ത്രീയും അസ്വസ്ഥയായി. വിറയലോടെ ചുമരിൽ ചാരി നിൽപ്പാണ്. ഞാനും കൂട്ടുകാരും ബാലുവുമൊക്കെ ഇരിപ്പിടങ്ങളിൽ ഇരിക്കുകയാണ്. എന്റെ അടുത്തുമാത്രമേ ഇനി ഇരിക്കാൻ സ്ഥലമുള്ളൂ. ഞാൻ ആ സ്ത്രീയെ എന്റെയടുത്ത് ഇരിക്കാനായി ക്ഷണിച്ചു. ആള് ആകെ വെപ്രാളത്തിലാണ്. ഞാൻ തന്നെ എണീറ്റുചെന്ന് ആളുടെ കൈ പിടിച്ച് അടുത്തിരുത്തി. “ടെൻഷനൊന്നും വേണ്ട, ഞാൻ പ്രശ്നമുണ്ടാക്കാനൊന്നും വന്നതല്ല. വയനാട് വരെ വന്നപ്പോൾ ഇവർക്കൊപ്പം ഞാനും കൂടെ വന്നു എന്നേയുള്ളൂ,” എന്നു പറഞ്ഞു.
ഇടയ്ക്ക് ആ സ്ത്രീ എണീറ്റ് ചായ ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. വീടിനകത്ത് ആകെയൊരു നിശബ്ദതയാണ്. ബാലു എന്റെ മുഖത്തേക്ക് നോക്കുന്നില്ല. കൂടെ വന്നവർക്കും എന്താണ് സംസാരിക്കേണ്ടത് എന്നുള്ള കൺഫ്യൂഷനുണ്ട്. കൂടെ വന്നവരോട് ഞാൻ പറഞ്ഞിരുന്നു എനിക്ക് ഒരു 10 മിനിറ്റ് ആ സ്ത്രീയോട് മാത്രമായി സംസാരിക്കണം എന്ന്. ഞാനും അവർക്കു പിന്നാലെ അടുക്കളയിലേക്ക് ചെന്നു. അവരപ്പോഴും അസ്വസ്ഥയാണ്. ഞാൻ അവരോട് വിശേഷങ്ങളൊക്കെ ചോദിച്ചു. ചെറുപ്പത്തിൽ തന്നെ അപ്പൻ മരിച്ചയാളാണ്, കുറച്ചുവർഷങ്ങൾക്കു മുൻപു അമ്മയും മരിച്ചു, സഹോദരങ്ങളുമായൊന്നും യാതൊരു ബന്ധവുമില്ല. ആദ്യം വിവാഹത്തിലെ ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഗർഭിണിയായിരിക്കെ ഭർത്താവ് ചവിട്ടിയതിനെ തുടർന്ന് കുട്ടി ചാപിള്ളയായി പോയി. ഒടുവിൽ പള്ളി ഇടപ്പെട്ട് ആ ബന്ധം വേർപ്പെടുത്തി കൊടുക്കുകയായിരുന്നു. പിന്നീട് കുറേനാൾ ലാബ് അസിസ്റ്റന്റായി വർക്ക് ചെയ്തു. അതിനിടയിൽ മാട്രിമോണിയൽ വന്നൊരു പരസ്യം കണ്ട് വീണ്ടും വിവാഹിതയായി. ഭാര്യ മരിച്ച, വലിയ മക്കളൊക്കെയുള്ള ഒരു മനുഷ്യനായിരുന്നു ഭർത്താവ്. നിർഭാഗ്യത്തിന് ഒരു വർഷം കഴിഞ്ഞപ്പോൾ ആ ഭർത്താവും മരിച്ചു. അതോടെ അവർക്ക് ആരുമില്ലാതെയായി. ഏകാന്തതയും ഒറ്റപ്പെടലുമായി അവരാകെ തകർന്നു നിൽക്കുമ്പോഴാണ് ബാലുവിനെ പരിചയപ്പെടുന്നത്. ജീവിതത്തിൽ കടന്നുപോയ ദുരനുഭവങ്ങളും തന്റെ കഥകളുമൊളൊക്കെ അവരെന്നോട് പറഞ്ഞു.
“അതൊക്കെ കഴിഞ്ഞില്ലേ, ഇനിയെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കൂ,” ഞാനവരെ ആശ്വസിപ്പിച്ചു. “ഇങ്ങനെ ഒക്കെ സംഭവിച്ചെന്നു കരുതി നിങ്ങൾ ഒളിജീവിതമൊന്നും ജീവിക്കേണ്ട. ഞാനും മക്കളും ഈ ബന്ധത്തെ അംഗീകരിച്ചില്ലേ. നാടും വീടും വിട്ട് ആരുമില്ലാത്ത പോലെ ഇവിടെ ജീവിക്കണമെന്നൊന്നുമില്ല. എപ്പോൾ വേണമെങ്കിലും എറണാകുളത്തേക്ക് വരാം. അവിടെ ഒരു വീടും സുഹൃത്തുമുണ്ടെന്ന് കരുതാം. തനിയെയോ നിങ്ങൾക്കൊന്നിച്ചോ ഒക്കെ അങ്ങോട്ട് വരാം. അങ്ങനെയും ജീവിതത്തിന് സാധ്യതയുണ്ടാവട്ടെ. നമുക്കു മൂന്നുപേർക്കും കൂടി രണ്ടു പിള്ളേരെയൊക്കെ വളർത്തിയങ്ങു പോവാമെന്നെ. അവര് ഇവിടെ വന്നു നിൽക്കുമ്പോൾ നീ മക്കളെ പോലെ തന്നെ കാണൂ, ഒരമ്മയുടെ സ്ഥാനത്തുനിന്ന് അവരെ ശാസിക്കുകയോ ഗുണദോഷിക്കുകയോ ചെയ്യാം. ഇനിയങ്ങനെയൊക്കെ പോവട്ടെടീ, അല്ലാതെ എന്താ ചെയ്യാ,” എന്റെ സംസാരം കേട്ട് പെട്ടെന്ന് ആ സ്ത്രീ എന്റെ കൈയ്യിൽ കയറി പിടിച്ചു, “സോറിട്ടോ. എനിക്ക് നിങ്ങളെ കുറിച്ച് കിട്ടിയ പിക്ച്ചർ വേറെയായിരുന്നു,” എന്നു പറഞ്ഞു.
“അതു സ്വാഭാവികമല്ലേ.. ഒരു ദാമ്പത്യത്തിൽ നിൽക്കുന്നവർക്ക് വേറെ പ്രണയമുണ്ടാവാൻ പോലും കൂടെ നിൽക്കുന്ന ആളിൽ എന്തെങ്കിലും കുറ്റം ചാരണമല്ലോ. അതല്ലാതെ സ്വതന്ത്രമായി പ്രേമിക്കാനുള്ള അവകാശമൊന്നും ഇല്ലല്ലോ ഇവിടെ,” ഞാനതിനെ ചിരിച്ചു ലഘൂകരിക്കാൻ ശ്രമിച്ചു. “ചിലപ്പോൾ ഞാൻ മോശക്കാരി ആയിരുന്നിരിക്കാം. പക്ഷേ സത്യത്തിൽ ഞാനത്ര മോശക്കാരി ഒന്നുമല്ലാട്ടോ.”
എന്നെ കൊണ്ട് പറ്റുന്നതുപോലെയൊക്കെ ഞാൻ ചേട്ടനെ നോക്കാട്ടോ എന്നായി അവർ. “ബേബി സിറ്റിംഗിനു ഇരുത്തിയതല്ലല്ലോ. പറ്റുന്ന പോലെ നോക്കാൻ പുള്ളി കുട്ടിയൊന്നുമല്ലല്ലോ. രണ്ടുപേർക്കും പ്രായമായി വരികയല്ലേ. നിനക്കുമില്ലേ ആരോഗ്യപ്രശ്നങ്ങൾ? രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കെയർ ചെയ്ത് മുന്നോട്ടു പോവണം,” എന്നൊക്കെ പറഞ്ഞിരിക്കുമ്പോഴേക്കും ബാലുവും ഞങ്ങളുടെ അടുത്തേക്ക് വന്നു. യാത്ര പറഞ്ഞിറങ്ങും മുൻപ്, ഞങ്ങൾ മൂന്നുപേരും ഒരുമിച്ചൊരു ഫോട്ടോയെടുത്തു, ഒരോർമ്മയ്ക്കായി എനിക്കെന്നും സൂക്ഷിച്ചുവയ്ക്കാൻ.

യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും ആ സ്ത്രീയുടെ മനസ്സിലെ ഭാരമെല്ലാം പെയ്തൊഴിഞ്ഞിരുന്നു. പേടികൊണ്ട് വിറങ്ങലിച്ചു പോയൊരാൾ ആ പേടിയിൽ നിന്നെല്ലാം മുക്തയായി സമാധാനം കൊണ്ട് തൂവലുപോലെയായി മാറി. തുള്ളിച്ചാടുന്ന പോലെയുള്ള സന്തോഷമുണ്ടായിരുന്നു ആ ശരീരഭാഷയിൽ. ഞാനവരെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു, യാത്ര പറഞ്ഞ് തിരിച്ച് കാറിൽ കയറി. കണ്ണിൽ നിന്നും മറയുന്നതുവരെ ആ സ്ത്രീ കൈവീശി യാത്ര പറയുന്നുണ്ടായിരുന്നു.
തിരിച്ചുള്ള യാത്രയിൽ തൂവലു പോലെ നേർത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാനും. മനസ്സു മൊത്തം ഫ്രീയായി. വലിയ സന്തോഷവും സമാധാനവുമൊക്കെ തോന്നി. കൂടെ വന്നവരും അമ്പരപ്പോടെ ‘നിനക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ സംസാരിക്കാൻ പറ്റിയത്?” എന്നു ചോദിക്കുന്നുണ്ട്. “നമുക്ക് പറ്റും, വയലൻസിന് എത്രദൂരം സഞ്ചരിക്കാമോ, അതുപോലെ തന്നെ സ്നേഹത്തിനും അതിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാൻ പറ്റും. വയലൻസിന്റെ എല്ലാ സാധ്യതകളും മനുഷ്യനു അറിയാമല്ലോ, ശരീരത്തിലും മനസ്സിലും ആത്മാവിലും വരെ മുറിപ്പെടുത്തുന്നതെങ്ങനെയെന്ന്. ഇനി സ്നേഹത്തിന്റെ സാധ്യതകളിൽ കൂടിയേ പരീക്ഷണം നടത്താനുള്ളൂ. ഞാനതിനൊരു തുടക്കമിട്ടു എന്നു കരുതിയാൽ മതി. എനിക്കിനി സമാധാനമായി ഉറങ്ങാൻ പറ്റും. “
ഞാൻ ചെന്ന കാര്യം ബാലു ചേട്ടന്മാരെയും മക്കളേയുമൊക്കെ വിളിച്ചു പറഞ്ഞു. മകനതു കേട്ട് ദേഷ്യവും വിഷമവുമൊക്കെയായി. എന്നെ വിളിച്ച് “അമ്മയെവിടെയാ? അവിടെ പോയല്ലേ? അമ്മയ്ക്ക് നാണമുണ്ടോ? സെൽഫ് റെസ്പെക്റ്റില്ലേ, അമ്മയെ ഉപേക്ഷിച്ചു പോയ ആളെ കാണാൻ പോയേക്കുന്നു,” എന്നൊക്കെ ദേഷ്യം കൊള്ളുകയാണ്. “ഇല്ലെടാ. എനിക്കു നാണമില്ല. എന്റെ സ്കൂൾ വേറെയാ, നിന്റേത് വേറെയാ… ഞാനെന്തു ചെയ്യണമെന്ന് എനിക്കറിയാം,”എന്നു പറഞ്ഞ് ഞാൻ ഫോൺ കട്ടുചെയ്തു.
കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് അതൊക്കെ വലിയ സീനാണ്. കാരണം അച്ഛൻ അമ്മയേയും മക്കളേയും തെറ്റിക്കാൻ എന്തോ ഗെയിം കളിച്ചു എന്നൊക്കെയുള്ള തോന്നൽ അവരുടെയുള്ളിലുണ്ട്. കുടുംബക്കാർക്കു മുന്നിൽ എന്നെ വിചാരണയ്ക്ക് നിർത്തിയതൊക്കെ അവർക്ക് പ്രശ്നമാണ്. പിന്നീട് ഞാനവരെ പറഞ്ഞു മനസ്സിലാക്കി, “ഇനി അമ്മ എവിടെ കിടന്നു മരിച്ചാലും എത്ര മനസ്സമാധാനത്തോടെയാണ് മരിച്ചുപോവുക എന്നറിയാമോ. എന്റെ മനസ്സിൽ ഇനിയൊരു കാലുഷ്യവുമില്ല. മനസ്സിലെ അവസാനത്തെ ആ കലക്കവും തെളിഞ്ഞു. അവരെ രണ്ടുപേരെയും വേറിട്ടു തന്നെ കാണാൻ ഇനിയെനിക്കു പറ്റും. എന്തിന്, ഇനിയവരെ കാണണമെന്നു പോലും എനിക്കില്ല. അവർക്ക് കാണണമെന്നുണ്ടെങ്കിൽ അതിനുള്ള പാലം ഞാൻ തുറന്നിട്ടിട്ടുമുണ്ട്. ആ വഴി അവർക്ക് വേണമെങ്കിൽ ഉപയോഗിക്കാം.”
എന്തിനു ഞാൻ പോയി എന്നത് അവർക്ക് മനസ്സിലായെങ്കിലും ആ സ്ത്രീ ഇങ്ങോട്ട് വരേണ്ട എന്നായിരുന്നു ആ സമയത്ത് മക്കളുടെ നിലപാട്. ഒരു വർഷത്തോളമെടുത്തു മക്കളുടെ മനോഭാവം മാറാൻ. ഇപ്പോൾ ആറു വർഷത്തോളമായി ഇതെല്ലാം കഴിഞ്ഞിട്ട്. മക്കൾ ഇടയ്ക്ക് ബാലുവിനെ കാണാനായി അങ്ങോട്ട് പോവും. മക്കളോട് ഞാനെപ്പോഴും പറയാറുള്ള ഒരു കാര്യം, “നിങ്ങൾ ആ വീട്ടിൽ ചെല്ലുമ്പോൾ ആ സ്ത്രീയെ ഒരിക്കലും അക്നോളജ് ചെയ്യാതിരിക്കരുത് എന്നാണ്. സുഖമല്ലേ ആന്റി എന്നെങ്കിലും അവരോട് സ്നേഹപൂർവ്വം തിരക്കാവുന്ന ഒരു മാനസികാവസ്ഥയിൽ മാത്രമേ നിങ്ങൾ അവിടെ പോകാവൂ. അല്ലാതെ അവരെ ഹുമിലിയേറ്റ് ചെയ്യാനായി ഒരിക്കലും അവിടെ പോവരുത്. അവരോട് ദേഷ്യമൊന്നും മനസ്സിൽ വയ്ക്കരുത്, അവരല്ല അച്ഛനും അമ്മയും പിരിയാനും ബന്ധം തകരാനും കാരണം. ആ സ്ത്രീയും എത്രയോ നാൾ ഒറ്റയ്ക്ക് ജീവിച്ച ഒരാളാണ്, നിങ്ങളുടെ അച്ഛൻ അങ്ങോട്ട് ചെന്നിട്ട് പ്രതീക്ഷയും മോഹവും കൊടുത്ത് അവരുടെ ജീവിതത്തിലേക്ക് കയറിയതാണ്. അല്ലാതെ അവർ നമ്മുടെ ജീവിതം തകർത്തിട്ടില്ല, അതു മക്കൾ എപ്പോഴും മനസ്സിൽ ഓർക്കണം. “
ഒരു സ്ത്രീയെന്ന രീതിയിലും സിസ്റ്റർഹുഡിനെയും ഫെമിനിസ്റ്റ് രാഷ്ട്രീയത്തിനെയുമൊക്കെ ഉയർത്തിപിടിക്കുന്ന ഒരാളെന്ന രീതിയിലും ആ സ്ത്രീയെ എന്റെ മക്കൾ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചാൽ അതെനിക്കു നോവും. അവിടെ പോയാൽ നിങ്ങൾ വീട്ടിൽ ചെയ്യുന്നതു പോലെ തന്നെ സ്വന്തം പാത്രങ്ങൾ കഴുകി വയ്ക്കണം, ഭക്ഷണം കഴിക്കാൻ അവരെയും കൂടെയിരുത്തണം, ആ വീട്ടിലെ തൂപ്പുകാരിയോ വിളമ്പുകാരിയോ ആക്കി അവരെ മാറ്റി നിർത്തരുത് എന്നൊക്കെ ഞാൻ മക്കളോട് പറഞ്ഞിട്ടുണ്ട്. അതവർ പാലിക്കാറുമുണ്ട്.
ബാലുവിനെ ഞാൻ ഒടുവിൽ കണ്ടത്, വീട് മകനു എഴുതി കൊടുക്കാനായി ബാലു വന്നപ്പോഴാണ്. ഞാൻ വയനാട്ടിൽ അവരെ കാണാൻ പോയ സമയത്തു തന്നെ, മ്യൂചൽ ഡിവോഴ്സ് ഫയൽ ചെയ്യുന്ന കാര്യവും ഞാനായിട്ട് അങ്ങോട്ട് സംസാരിച്ചിരുന്നു. “നിങ്ങൾക്കൊരു ഇൻസെക്യൂരിറ്റിയും വേണ്ട. ഉടനെ തന്നെ ഡിവോഴ്സ് ഫയൽ ചെയ്യാം” എന്ന്.
ഫ്ളാറ്റിന്റെ രജിസ്ട്രേഷനു ബാലു വന്നപ്പോൾ ഞങ്ങൾ നാലുപേരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. അതിനു ശേഷം ഞാനും ബാലുവും വക്കീലും ഒരു സുഹൃത്തും കൂടെ ഹൈക്കോടതി പരിസരത്ത് പോയി, മ്യൂചൽ ഡിവോഴ്സിനായി പേപ്പറുകളിലെല്ലാം ഒപ്പിട്ട് നൽകി. അവിടുന്ന് അവർ ആ വഴി തിരിച്ചു തൃശൂരിലേക്ക് പോവുകയാണ്. എന്നെ തിരികെ വീട്ടിലാക്കാൻ സമയവുമില്ല. “നീയെങ്ങനെ പോവും, മോനോട് നിന്നെ കൂട്ടാൻ വരാൻ പറയട്ടെ?” എന്നായി ബാലു. “വേണ്ട, എന്നെ കലൂരിൽ ഇറക്കി വിട്ടാൽ മതി,” ഞാൻ പറഞ്ഞു.
അങ്ങനെ ഞാനവർക്കൊപ്പം കാറിൽ യാത്ര തുടർന്നു. കലൂർ സിഗ്നലിന് അരികെ വണ്ടി നിർത്തി. ഞാനിറങ്ങി, യാത്ര പറയാനായി ബാലുവും പുറത്തിറങ്ങി വന്നു. പോവാനായി ബാലു ധൃതിവച്ചു. ഞാൻ ബാലുവിനെ കെട്ടിപ്പിടിച്ചു. റോഡ് സൈഡിൽ നിന്നുള്ള കെട്ടിപ്പിടുത്തമായതുകൊണ്ട് ബാലുവിന് ടെൻഷനുണ്ടായിരുന്നു. ആളുകൾ ശ്രദ്ധിക്കുമെന്ന ഭയം ബാലുവിന്റെ കണ്ണുകളിലും വാക്കുകളിലും. “അതിനെന്താ, എനിക്കൊരുമ്മ കൂടി വേണ,”മെന്നായി ഞാൻ. ബാലുവിൽ നിന്ന് കവിളത്തൊരു ഉമ്മയും വാങ്ങി തിരിച്ചൊരുമ്മയും കൊടുത്തു, അന്ന് ഞങ്ങൾ പിരിഞ്ഞു…
ആ സിഗ്നലിൽ നിന്നും ഞങ്ങൾ രണ്ടു വഴിയേ യാത്ര തുടർന്നു.
2. രാഷ്ട്രീയം തലയ്ക്ക് പിടിച്ച കാലം
3. പള്ളിക്കാർക്ക് പിടിക്കാത്ത മിശ്രവിവാഹം
4. ജീവിതവും വിഷാദവും മുഖാമുഖം നിന്ന കാലം
5. മനുഷ്യബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാട് നൽകിയ പോണ്ടിച്ചേരി
6.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക്
7. തുടർക്കഥ പോലെ പൊലീസ് വേട്ടയാടലും അറസ്റ്റും; മാവോയിസ്റ്റ് ടാഗ് വരെ ചാർത്തി കിട്ടിയ നാളുകൾ
8. പൊരുത്തക്കേടുകൾ വേർപിരിയലിലേക്ക്
9. പള്ളിയുമായുള്ള കലഹം
10. സിനിമ എന്റെ പാഷനല്ല, അതിജീവനമാണ്
11. സിനിമയിലെ സ്ത്രീയിടങ്ങൾ
12. എന്റെ നീതിബോധത്തിന്റെ ശരികൾ
13. വിശ്വാസമെന്ന നൂൽപ്പാലം