‘ബേൺ മൈ ബോഡി’ എന്ന ഒരൊറ്റ ഹ്രസ്വചിത്രം കൊണ്ട് തന്നിലെ സംവിധായകനെ അടയാളപ്പെടുത്തിയ ആര്യൻ കൃഷ്ണമേനോൻ സിനിമാ അഭിനയത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നു. അതിജീവനത്തിനായി ഒരു സ്ത്രീ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറഞ്ഞ സര്‍വൈവല്‍ ത്രില്ലര്‍ ഴോണറില്‍ ഉൾപ്പെടുന്ന ‘ലില്ലി’ യിലെ നായകവേഷത്തിനു പിന്നാലെ ‘കൂദാശ’യിലെ ആന്റണിയെന്ന കഥാപാത്രവുമായി ആര്യൻ അഭിനയത്തില്‍ സജീവമാവുകയാണ്.

‘കൂദാശ’ നാളെ തിയേറ്ററുകളിൽ എത്താനൊരുങ്ങുമ്പോൾ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും കടന്നു വന്ന വഴികളെ കുറിച്ചും ഭാവി സ്വപ്നങ്ങളെ കുറിച്ചും സംവിധാന മോഹത്തെക്കുറിച്ചുമൊക്കെ ആര്യൻ കൃഷ്ണമേനോൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് മനസ്സു തുറക്കുന്നു.

‘ലില്ലി’യ്ക്ക് ശേഷം വീണ്ടും ‘കൂദാശ’യിലൂടെ ശ്രദ്ധേയമായൊരു ക്യാരക്ടറുമായി എത്തുകയാണല്ലോ. ‘കൂദാശ’യെ കുറിച്ച് എന്താണ് പറയാനുള്ളത്?

ഒരു ത്രില്ലർ പടമാണ് ‘കൂദാശ’. ഗിമ്മിക്ക്സുകളൊന്നുമില്ലാത്ത ഒരു പ്യുവർ ത്രില്ലർ. തനതായൊരു ക്യാരക്ടർ ഉണ്ട് ഈ സിനിമയ്ക്ക്. മെത്രാൻ ജോയുടെ ജീവിത കഥയാണ് ‘കൂദാശ’. ബാബുരാജേട്ടനാണ് മെത്രാൻ ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പണ്ട് ക്വട്ടേഷനൊക്കെയായി ഗുണ്ടാ ജീവിതം നയിച്ച ഒരാള് തന്റെ അമ്മയില്ലാത്ത മകൾക്ക് വേണ്ടി എല്ലാം നിർത്തി സാധാരണ ജീവിതം ജീവിച്ചു തുടങ്ങുന്ന ഒരു ഘട്ടത്തിലാണ് സിനിമയുടെ കഥ തുടങ്ങുന്നത്. ആ സ്വൈര്യ ജീവിതത്തിലേക്ക് ഒരപരിചിതൻ വരുന്നതോടെ ജോയുടെ ജീവിതം മാറി മറിയുന്നു. നവാഗതനായ ഡിനു തോമസ് ഈലാനാണ് സംവിധായകൻ. ‘കൂദാശ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഡിനു തന്നെ.

സംവിധായക സ്വപ്നവും സ്ക്രിപ്റ്റ് എഴുത്തുമൊക്കെയായി ഞാനിരിക്കുമ്പോഴാണ് ഇങ്ങനെയൊരു സ്ക്രിപ്റ്റുമായി ഡിനു വീട്ടിലേക്ക് വരുന്നത്. എന്തായാലും കേട്ടു നോക്കാം, അത്ര എക്സൈറ്റ് ചെയ്യുന്ന കഥയാണെങ്കിൽ ചെയ്യാം, അല്ലെങ്കിൽ നോ പറയാം എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ, സ്ക്രിപ്റ്റ് വായിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ചിത്രത്തിലെ പ്രധാന കഥാപാത്രം ബാബുരാജേട്ടനാണ് ചെയ്യുന്നത് എന്നു കേട്ടപ്പോഴും എനിക്കത്ര വിശ്വസനീയമായി തോന്നിയില്ല, ബാബുരാജേട്ടൻ ചെയ്താൽ എങ്ങനെയുണ്ടാവും എന്നൊക്കെയായിരുന്നു ആലോചന. പക്ഷേ ആ കാസ്റ്റിംഗിൽ ഡിനുവിന് നല്ല ഉറപ്പുണ്ടായിരുന്നു, ക്രൗര്യതയുള്ളൊരു നായകൻ വേണം. മെത്രാൻ ജോയ് ആവാൻ ബാബുരാജേട്ടൻ പക്കയാണെന്ന ഡിനുവിന്റെ കാസ്റ്റിംഗ് തെറ്റിയില്ലെന്ന് പ്രിവ്യൂ കണ്ടപ്പോൾ ബോധ്യമായി.

മെത്രാൻ ജോയുടെ വളർത്തു മകനും വലംകൈയ്യുമൊക്കെയാണ് എന്റെ കഥാപാത്രമായ ആന്റണി. മെത്രാൻ ജോയ് ഉള്ളിടത്തൊക്കെ നിഴലു പോലെ ആന്റണിയും കാണും.

എങ്ങനെയാണ് ആന്റണി എന്ന കഥാപാത്രം ആര്യനെ തേടി വന്നത്?

ഡിനുവും ഞാനും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. പഠിക്കുന്ന കാലത്ത് ഞങ്ങൾക്ക് അധികം പരിചയപ്പെടാനോ സൗഹൃദം കൂടാനോ പറ്റിയിരുന്നില്ല. അന്ന് കോളേജില് കലോത്സവങ്ങൾക്കൊക്കെ എന്റെ ഹൗസും ഡിനുവിന്റെ ഹൗസും തമ്മിലാണ് യുദ്ധം. ഞങ്ങൾ ഒരു ഡ്രാമ ഇറക്കും, ഡിനുവിന്റെ ടീം വേറൊയൊരു ഡ്രാമ ഇറക്കും. എപ്പോഴും ഞങ്ങളുടെ ഡ്രാമയെ ജയിച്ചിട്ടുള്ളൂ. അവരുടെ ഡ്രാമ ഒരിക്കലും ജയിച്ചിട്ടില്ല. ബന്ധവൈരികളെ പോലെയാണ് അന്ന്. നമ്മള് പരസ്പരം മൈൻഡ് ചെയ്യുകയൊന്നുമില്ല. ഓപ്പോസിറ്റ് ഹൗസിലുള്ള ഒരുത്തൻ. അത്രയേ ഉണ്ടായിരുന്നുള്ളൂ പരിചയം.

‘കൂദാശ’ എഴുതി കഴിഞ്ഞപ്പോൾ ഒരു ദിവസം ഡിനു വിളിച്ചു. നിനക്കു പറ്റിയൊരു കഥാപാത്രമുണ്ട് എന്നു പറഞ്ഞു. ഞാൻ അഭിനയിക്കാനല്ല ശ്രമിക്കുന്നത്, സംവിധാനമാണ് ഭ്രാന്ത് എന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും ‘നീ കഥ കേട്ട് നോക്ക്, എന്നിട്ട് തീരുമാനിക്കൂ’ എന്നായി ഡിനു. സ്ക്രിപ്റ്റ് കേട്ട് കഴിഞ്ഞപ്പോ പിന്നെ നമ്മള് ശരിക്കും എക്സൈറ്റഡായി. അവന്റെ സ്ക്രിപ്റ്റ് തന്നെയാണ് പടത്തിന്റെ സ്ട്രെങ്ത്ത്.

ആര്യൻ എന്ന നടനെ സംബന്ധിച്ച് ഏറെ ചലഞ്ചിംഗ് ആയൊരു കഥാപാത്രമാണോ ‘കൂദാശ’യിലേത്?

എന്നെ സംബന്ധിച്ച് എന്റെ കരിയറിൽ ഇങ്ങനെ ഒരു ക്യാരക്ടർ എനിക്കു വേണമായിരുന്നു. ജീവിതത്തിൽ, എന്റെ പേഴ്സണൽ സ്പെയ്സിൽ ഞാനിത്തിരി ലൗഡ് ആണ്. എന്നാൽ ഇതു വരെ ചെയ്ത സിനിമകളിലെല്ലാം ഞാൻ ഭയങ്കര സോഫ്റ്റ് അല്ലെങ്കിൽ കോംപ്ലിക്കേറ്റഡ് കഥാപാത്രമാണ്. അതു കൊണ്ടു തന്നെ, ലൗഡായ ഒരു ക്യാരക്ടർ ചെയ്യണം എന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. ആന്റണി എപ്പോഴും ഭയങ്കര ഹൈപ്പറാണ്. അയാൾ നടക്കുമ്പോഴും ചിരിക്കുമ്പോഴും ഒക്കെ ഇത്തിരി ലൗഡാണ്. അടിയുണ്ടാക്കാൻ പോണതൊക്കെ ഭയങ്കര ഹരമാണ് ആന്റണിയ്ക്ക്. വളരെ എനർജറ്റിക് ആയൊരു കഥാപാത്രം. ഇതു വരെ എന്നെ അതുപോലെ ഞാൻ സ്ക്രീനിൽ കണ്ടിട്ടില്ല. ഓരോരുത്തർക്കും നല്ല സ്ക്രീൻ സ്‌പെയ്സ് ഉള്ളൊരു ചിത്രം കൂടിയാണ് ‘കൂദാശ’.

‘കൂദാശ’ തന്ന അനുഭവങ്ങൾ എന്തൊക്കെയാണ്?

കഥാപാത്രത്തിന്റെ ഡെപ്‌ത്ത് നോക്കിയാലും സ്ക്രീൻ പ്രസൻസ് പരമായി നോക്കിയാലും ഇതു വരെ ചെയ്ത റോളുകളിൽ നിന്നെല്ലാം കുറച്ചു കൂടി വലിയ കഥാപാത്രമാണ് ‘കൂദാശ’യിലേത്. സിനിമയിലെ ഒരു മുഴുനീള ക്യാരക്ടർ ആണ് ആന്റണി. 22 ദിവസത്തോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു.

സായ്‌കുമാർ ചേട്ടൻ, ബാബുരാജേട്ടൻ, ജോയ് മാത്യു ചേട്ടൻ പോലെയുള്ള അനുഭവസമ്പത്തും പ്രതിഭയുമുള്ള നടന്മാരുടെ കൂടെ അഭിനയിക്കാൻ പറ്റി എന്നതാണ് ‘കൂദാശ’ തന്ന മറ്റൊരു ഭാഗ്യം.

സായ് ചേട്ടനാണ് സിനിമയിലെ മറ്റൊരു പ്രധാന ക്യാരക്ടർ. അപ്കമിങ്ങ് ആക്റ്റേഴ്സ് എല്ലാം സായിച്ചേട്ടന്റെ അടുത്തു നിന്ന് ഒരു ക്ലാസ്സൊക്കെ അറ്റൻഡ് ചെയ്യണം എന്നാണ് എനിക്ക് തോന്നിയത്. ഒരു ആക്റ്റർ എന്ന രീതിയിൽ നമ്മൾക്ക് ഏറെ പ്രോത്സാഹനവും പ്രചോദനവുമൊക്കെ തരുന്ന നടനാണ് അദ്ദേഹം. ഇത്ര സീനിയർ ആയ നടനല്ലേ, സ്വന്തം കാര്യം നോക്കി ക്യാരവാനിലൊക്കെ ഇരിക്കുന്ന ഒരു സെറ്റപ്പായിരിക്കും എന്നൊക്കെയാണ് ഞാൻ വിചാരിച്ചു വെച്ചിരുന്നത്. പക്ഷേ ആള് സെറ്റിലുള്ളവരോടൊക്കെ രസകരമായി പെരുമാറും, മോട്ടിവേറ്റ് ചെയ്യും. സെറ്റിലൊക്കെ നമ്മളെങ്ങനെ ബിഹേവ് ചെയ്യണം, എങ്ങനെ സംസാരിക്കണം എന്നൊക്കെ സ്നേഹത്തോടെ പറഞ്ഞു തരും. ശരിക്കും അത്ഭുതപ്പെടുത്തികളഞ്ഞു.

അതു പോലെ തന്നെയാണ്, കണ്ണിന്റെ മുന്നിൽ പുള്ളി പെർഫോം ചെയ്യുന്നത് കാണുന്നതും. ഭയങ്കര ഗ്രേസാണ്. വല്ലാത്ത എനർജി ഫീൽ ചെയ്യും. ജോയ് മാത്യു ചേട്ടനും നല്ല രസമുള്ളൊരു ക്യാരക്ടറാണ്. സിനിമക്കാരുടെ ആർട്ടിഫിഷ്യാലിറ്റിയൊന്നുമില്ല പുള്ളിക്ക്.

ബാബുരാജേട്ടനും അതെ, പുറത്തു നിന്നു കാണുമ്പോൾ റഫ് ആന്റ് ടഫ് ഇമേജാണല്ലോ. പക്ഷേ അടുത്തപ്പോൾ ആ ഇംപ്രഷൻ മൊത്തം മാറി. വെട്ടൊന്ന് മുറി രണ്ട് എന്നാണ് പ്രകൃതം. അതിനപ്പുറം ഭയങ്കര ജെനുവിൻ ആണ് ആള്. വലിയ ശരീരമാണെങ്കിലും പിഞ്ചോമന മനസ്സാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ആർക്കൊക്കെ അത് മനസ്സിലാവും എന്നറിയില്ല. എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ആള്.

എനിക്ക് അവരോടൊക്കെയുള്ള ഇഷ്ടം കൊണ്ടാണോ എന്നറിയില്ല ഒപ്പം അഭിനയിക്കുമ്പോൾ ശരിക്കും ചാർജ്ഡായൊരു ഫീലാണ്. എത്ര ഈസിയായിട്ടാണ് അവരഭിനയിക്കുന്നത് എന്നൊക്കെ കണ്ടു പഠിക്കേണ്ട കാര്യങ്ങളാണ്. ക്ലൈമാക്‌സിൽ സായിച്ചേട്ടന്റെ ഒരു ഡയലോഗുണ്ട്. സ്ക്രിപ്റ്റിൽ അതു വായിച്ചപ്പോൾ ഒരു കഥാപാത്രം ഇതെങ്ങനെ പറയും, പാളി പോകില്ലേ എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ പുള്ളി അത് പ്രസന്റ് ചെയ്യുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. തഴക്കം വന്ന അഭിനയം എന്നൊക്കെ പറയുന്നത് അടുത്തു നിന്നു കാണുകയായിരുന്നു.

Koodasa film poster

എട്ടുവർഷത്തിനിടെ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണല്ലോ അഭിനയിച്ചത്. അതിൽ ‘പ്രണയ’ത്തിനു ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷമാണല്ലോ ‘ലില്ലി’യിലേത്. നടനായപ്പോള്‍ ജീവിതം മാറിയോ?

ജീവിതത്തിലെ മറക്കാൻ പറ്റാത്ത സിനിമയാണ് ‘ലില്ലി’. ആ സിനിമ കണ്ടവരിൽ നല്ലൊരു ശതമാനവും സീരിയസായി സിനിമയെ കാണുന്ന ഒരു ഓഡിയൻസാണ്. നല്ലൊരു ക്രൗഡ് തന്നെയാണ് ലില്ലിയ്ക്ക് കിട്ടിയത്. കിട്ടിയ ഫീഡ് ബാക്കും വളരെ ജെനുവിൻ ആയി തോന്നി. ഒരു നടനെന്ന രീതിയിൽ എനിക്ക് ഏറെ കോൺഫിഡൻസ് തന്ന ചിത്രമാണ് ‘ലില്ലി’.

‘ലില്ലി’യിലെ കഥാപാത്രം, ശ്രദ്ധ നേടി. ‘കൂദാശ’ തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നു. ആക്റ്റിംഗുമായി മുന്നോട്ട് പോകാനാണോ പ്ലാൻ? അതോ സംവിധാന സ്വപ്നത്തിനു പിറകിൽ തന്നെയാണോ?

എനിക്ക് സിനിമാക്കാരനായാൽ മതി. ബാക്കിയൊക്കെ സെക്കന്ററിയാണ്. ഞങ്ങൾ കൂട്ടുകാരൊക്കെ ചേർന്ന് ഒരു ചെറിയ സിനിമ നിർമിക്കാൻ പരിപാടിയുണ്ട്. സിനിമയെ സംബന്ധിച്ചുള്ള എന്ത് കാര്യമാണെങ്കിലും അത് ഭയങ്കര എക്സൈറ്റ്മെന്റ് നൽകുന്നുണ്ടെങ്കിൽ ചെയ്യുക എന്നതാണ് ഇപ്പോഴത്തെ തീരുമാനം.

പിന്നെ, തീർച്ചയായും സംവിധാനത്തോട് ഒരു പൊടി കൂടുതൽ ഇഷ്ടമുണ്ട്. അതൊരു ലഹരിയാണ്. സംവിധാനം എന്നു പറഞ്ഞാൽ ശൂന്യതയിൽ നിന്ന് നമ്മളൊരു കാലത്തിനെ പിടിച്ചെടുക്കുകയും അതിൽ നിന്ന് ഒരു കഥയുണ്ടാക്കിയെടുക്കുകയുമല്ലേ. രസകരമായ ഒരു പ്രോസസ് ആണത്.

അഭിനയിക്കാൻ ഓഫറുകൾ വരുന്നുണ്ട്. പക്ഷേ വെറുതെ അങ്ങനെ അഭിനയിക്കാൻ പരിപാടിയില്ല. ഞാനൊരിക്കലും പൈസയ്ക്ക് വേണ്ടിയല്ല സിനിമ ചെയ്യുന്നത്. നല്ല സിനിമകളുടെ ഭാഗമാകണം എന്നതാണ് ആഗ്രഹം. എക്സൈറ്റ്മെന്റ് നൽകുന്ന സിനിമകൾ, നല്ല കഥാപാത്രങ്ങൾ, ചെയ്യുക. ഡയറക്ട് ചെയ്യാൻ പ്ലാനുള്ള ഒരു സിനിമയുടെ എഴുത്തും ചർച്ചകളും നടക്കുന്നുണ്ട്. അതും ചാടിക്കയറി ചെയ്യാനല്ല പ്ലാൻ.

പിന്നെ മക്കള് വളർന്നോണ്ടിരിക്കുകയാണ്. അവരുടെ ഈ പ്രായത്തിൽ അവരുടെ ഓരോ മൈൽസ്റ്റോണും കണ്ടിരിക്കണം, ആസ്വദിക്കണം എന്ന് ഭയങ്കര ആഗ്രഹമുണ്ട്.

മക്കളുമൊത്ത് ആര്യന്‍

സിനിമയോടുള്ള ഇഷ്ടം കുട്ടിക്കാലം മുതലേയുള്ളതാണോ?

സിനിമ വളരെ സ്ട്രോങ്ങ് ആയിട്ടുള്ളൊരു മീഡിയമല്ലേ. ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയേറെ ആളുകളോട് ഒരേ സമയം സംവദിക്കാൻ പറ്റുന്ന മറ്റെന്തു കലയാണുള്ളത്. ഒരു ലക്ഷം പേരോട് മൈക്കിൽ പ്രസംഗിക്കുന്നതിലും എഫക്റ്റീവാണ് ഒരു സിനിമയിലൂടെ നമ്മളൊരു കോൺസെപ്റ്റ് പറയുന്നത്. ഒരുപാട് കലകളുടെ മേളനം കൂടിയല്ലേ സിനിമ. അതിനൊരുപാട് സാധ്യതകളുണ്ട്. റിയാലിറ്റിയിൽ നിന്ന് നമ്മളെ ഡിസ്കണക്റ്റ് ചെയ്ത് വേറൊരു ലോകത്തേക്ക് കൊണ്ടു പോയി തിരിച്ചു കൊണ്ടു വരാൻ പറ്റുന്ന ഒരു മാജിക്കുണ്ട് സിനിമയ്ക്ക്. ഓരോരുത്തർക്കും ഓരോ പ്രാന്തുകളുണ്ടല്ലോ, കുട്ടിക്കാലം മുതൽ എന്റെ ‘പ്രാന്ത്’ സിനിമയായിരുന്നു.

എങ്ങനെയാണ് ആ ‘പ്രാന്തി’ലേക്കുള്ള വഴി തുറക്കുന്നത്?

റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സമയത്തും സിനിമയാണ് പാഷൻ. ഞാൻ പത്മരാജന്റെ ഒരു കൊടും ഫാനാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും അദ്ദേഹമെഴുതിയ എല്ലാ ടെക്സ്റ്റുകളും എന്റെ കയ്യിലുണ്ട്. പുള്ളി ആദ്യം റേഡിയോയിൽ കയറിയിട്ട് അവിടെ നിന്നാണ് സിനിമയിലേക്ക് വന്നത് എന്ന് എവിടെയോ വായിച്ചിരുന്നു പണ്ട്. അതു വായിച്ച് അതേ പോലെ തന്നെ സിനിമയിലേക്ക് പോകാം എന്നായിരുന്നു അന്നത്തെ തോന്നൽ. കുട്ടിക്കാലത്തെ ഒരു പൊട്ടത്തരമാണെങ്കിലും ഒടുവിൽ അതേ പോലെ തന്നെ ഞാൻ മാതൃഭൂമി എഫ്എമ്മിൽ ജോലിയ്ക്ക് ചേര്‍ന്നു.

എഫ് എമ്മിലായിരുന്നപ്പോൾ ‘സ്റ്റാർ ജാം’ എന്നൊരു പ്രോഗ്രാം ചെയ്യുന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഒരു നീണ്ട റേഡിയോ ഇന്റർവ്യൂ അന്ന് എഫ്എമ്മിനായി ചെയ്യാൻ പറ്റി. അതിനു വേണ്ടി പലതവണ ബെസ്റ്റ് ആക്റ്ററിന്റെ ലൊക്കേഷനിലൊക്കെ പോയിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു ദിവസം മമ്മൂക്കയുടെ കൂടെ കാറിൽ വെല്ലിംഗ്ടൺ ഐലൻഡിലേക്ക് പോയികൊണ്ടിരുന്നപ്പോഴാണ് മമ്മൂക്ക എന്നോട് ചോദിക്കുന്നത്, ‘നിനക്ക് സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ’ എന്ന്. ആദ്യമായിട്ട് എന്നോട് അങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് മമ്മൂക്കയാണ്. ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി, ബോധം കെട്ടില്ല എന്നേയുള്ളൂ. ‘ആഗ്രഹമുണ്ട് മമ്മൂക്ക. പിന്നെ അതൊന്നും നമ്മടെ കയ്യിൽ അല്ലല്ലോ. സമയമാവേണ്ട സമയത്ത് അതു നമ്മടെ മുന്നിൽ വരുമെന്നാണ് പ്രതീക്ഷ’ എന്നു പറഞ്ഞു.

Image may contain: 1 person, beard, cloud, sky, text, nature and outdoor

ഞങ്ങൾ വെല്ലിംഗ്ടൺ ഐലൻഡിൽ എത്തി കഴിഞ്ഞപ്പോൾ അവിടെ സംവിധായകൻ ലാൽ സാറുമുണ്ട്. മുൻപ് ഞാൻ മമ്മൂക്കയെ കാണാൻ വേണ്ടി ലൊക്കേഷനിൽ ചെന്നപ്പോൾ ലാൽ സാർ എന്നെ കണ്ടിരുന്നു. ‘ആ പയ്യന് എന്റെ സിനിമയിലെ ഒരു കഥാപാത്രത്തിനോട് സാമ്യമുണ്ട്. അവനോട് താൽപ്പര്യമുണ്ടോ’ എന്ന് മമ്മൂക്ക ഒന്നു ചോദിക്കുമോ എന്ന് ലാൽ സാർ മമ്മൂക്കയോട് പറഞ്ഞിരുന്നു. അങ്ങനെയാണ് മമ്മൂക്ക എന്നോട് സംസാരിക്കുന്നതും ‘ടൂർണമെന്റ്’ എന്ന സിനിമയിൽ ഞാനഭിനയിക്കുന്നതും. എല്ലാം ഒരു നിമിത്തമായി മാറുകയായിരുന്നു.

ആ സിനിമ റിലീസ് കഴിഞ്ഞപ്പോൾ മമ്മൂക്ക വിളിച്ച്, ‘നീ തന്നെയാണല്ലേ ഡബ്ബ് ചെയ്തത്. നമ്മുടെ കഥാപാത്രത്തിന് നമ്മള് തന്നെ ഡബ്ബ് ചെയ്യുന്നതാ നല്ലത്’ എന്നൊക്കെ പറഞ്ഞു. പുള്ളിയുടെ ഒരു പോസിറ്റീവിറ്റിയും സ്നേഹവും സപ്പോർട്ടുമൊക്കെ എപ്പോഴുമുണ്ട്. ‘ടൂർണമെന്റ്’ കണ്ടിട്ടാണ് ‘പ്രണയ’ത്തിലേക്ക് വിളിക്കുന്നത്. എവിടെയോ എനിക്ക് അനുപം ഖേറിന്റെ ഒരു ലുക്കുണ്ടെന്ന് പറഞ്ഞാണ് ആ ഓഫർ വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook