കോവിഡ് കാലത്ത് ചുറ്റും നോക്കിയാൽ കാണാവുന്ന പലതരം മാസ്ക്ധാരികളെ കാണാം. അത്തരക്കാരെ രസകരമായി അവതരിപ്പിക്കുകയാണ് നടി മാളവിക മോഹൻ ഒരു വീഡിയോയിൽ. അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന ചില രീതികളാണ് മാളവിക വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. മാസ്ക് താടിയിൽ ധരിക്കുന്നതും കണ്ണിലേക്ക് വെളിച്ചം തട്ടാതിരിക്കാൻ മാസ്ക് വച്ച് കണ്ണു മൂടുന്നതുമെല്ലാം വീഡിയോയിൽ കാണാം. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്നാണ് വീഡിയോ പങ്കുവച്ച് മാളവിക കുറിക്കുന്നത്.
Read more: ‘മാസ്റ്ററി’ന്റെ നായിക; മാളവിക മോഹനന് അഭിമുഖം
നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേഷും വിവിധതരം മാസ്ക് ധാരികളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തിറക്കിയിരുന്നു. മൂക്കൻ, സിഖ് മതവിശ്വാസി, ബന്ധാനധാരി, പൊലീസ്മാസ്കൻ, മാസ്ക് അവിശ്വാസി എന്നിങ്ങനെ അഞ്ചായാണ് മാസ്ക്ധാരികളെ മിഥുൻ വേർത്തിരിക്കുന്നത്. മൂക്ക് പുറത്തു കാണുന്ന രീതിയിൽ മാസ്ക് ധരിക്കുന്ന ആളുകളെയാണ് മൂക്കൻ എന്നു വിശേഷിപ്പിക്കുന്നത്. സിഖ് മതവിശ്വാസികൾ താടി മറയ്ക്കാൻ ഉപയോഗിക്കുന്ന തട്ടി പോലെ മാസ്ക് ധരിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. മാസ്ക് തൊപ്പിയാക്കുന്നവർ, പൊലീസിനെ കാണുമ്പോൾ മാത്രം മാസ്ക് ധരിക്കുന്നവർ, മാസ്കിൽ വിശ്വാസമില്ലാത്ത മാസ്ക് അവിശ്വാസികൾ എന്നിങ്ങനെ മാസ്ക് തെറ്റായ രീതിയിൽ ധരിക്കുന്നവരെയാണ് വീഡിയോയിൽ മിഥുൻ ചൂണ്ടികാണിക്കുന്നത്.
“തത്കാലം നമ്മളെ രക്ഷിക്കാൻ മാസ്കും സാമൂഹിക അകലവും മാത്രമേ ഉള്ളൂ,
മരുന്ന് കണ്ടുപിടിക്കുന്നതുവരെ അത് ജീവിതചര്യ ആക്കണം. നമുക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും,” എന്ന സന്ദേശത്തോടെയാണ് മിഥുൻ വീഡിയോ പങ്കുവച്ചത്.