വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റർ’ എന്ന ചിത്രത്തിനായി കഴിഞ്ഞ രണ്ടുമാസമായി പാർക്കൗർ പരിശീലിക്കുകയാണ് മാളവിക മോഹനൻ. വിജയ് സേതുപതിയും മാളവികയും ഉൾപ്പെടുന്ന ആക്ഷൻ സീനുകളാൽ സമ്പന്നമാവും ചിത്രം എന്നാണ് റിപ്പോർട്ട്. രജനിചിത്രം ‘പേട്ട’യ്ക്ക് ശേഷം മാളവിക അഭിനയിക്കുന്ന സൂപ്പർസ്റ്റാർ ചിത്രമെന്ന വിശേഷണവും ‘മാസ്റ്ററി’നുണ്ട്.

മാളവികയെ കൂടാതെ ആൻഡ്രിയ ജെർമിയ, ഗൗരി കിഷൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘മാസ്റ്ററി’ന്റെ അവസാന ഷെഡ്യൂൾ ഫെബ്രുവരിയോടെ പൂർത്തിയാവും.

വിജയിനെ ഇതുവരെ കാണാത്തൊരു കഥാപാത്രമായി കാണാൻ കഴിയും ചിത്രത്തിൽ എന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് ഇന്ത്യൻ എക്സ്‌പ്രസ്.കോമിനോട് പ്രതികരിച്ചത്. ഒരു കോളേജ് പ്രൊഫസറായാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. 2020 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും.

അനിരുദ്ധ് രവിചന്ദർ സംഗീതവും സത്യൻ സൂര്യൻ ഛായാഗ്രഹണവും നിർവ്വഹിക്കും. ഫിലോമിൻ രാജ് ആണ് ചിത്രസംയോജനം. 2011ൽ റിലീസിനെത്തിയ ‘സൈലൻസ്ഡ്’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. ചൈൽഡ് അബ്യൂസ് പോലുള്ള സെൻസിറ്റീവ് പ്രശ്നങ്ങളാണ് ഈ കൊറിയൻ ചിത്രം കൈകാര്യം ചെയ്തത്.

Read more: ഇഷ്ടമുള്ള വേഷം ധരിക്കും: ട്രോളന്‍മാരുടെ വായടപ്പിച്ച്‌ മാളവിക, പിന്തുണയുമായി പാര്‍വ്വതിയും സ്രിന്ദയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook