മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് മാളവിക മോഹനൻ. വിജയ് ദേവേരകൊണ്ടയുടെ തമിഴ്- തെലുങ്ക് ദ്വിഭാഷാചിത്രമായ ‘ഹീറോ’യിലൂടെയാണ് മാളവികയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിന്റെ പൂജ ഇന്നലെ ഹൈദരാബാദിൽ നടന്നു. ചിത്രീകരണം ഉടനെ ഡൽഹിയിൽ ആരംഭിക്കും. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
#Hero launched!
Starring @TheDeverakonda, @MalavikaM_ and Directed by the debutant #AnandAnnamalai. Thank you @sivakoratala garu and Gottipati Ravi garu for gracing the pooja event! pic.twitter.com/6cSTlffU3e— Mythri Movie Makers (@MythriOfficial) May 19, 2019
‘കാക്കമുട്ടായി’ എന്ന തമിഴ് ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതിയ ആനന്ദ് അണ്ണാമലൈയുടെ ആദ്യ സംവിധാന സംരംഭമാണ് ‘ഹീറോ’. സ്പോർട്സിനെ അടിസ്ഥാനമാക്കിയുള്ള മ്യൂസിക്കൽ എന്റർടെയിനറായ ‘ഹീറോ’യിൽ ഒരു ബൈക്ക് റേസറായിട്ടാണ് വിജയ് ദേവേരകൊണ്ട എത്തുന്നത്. ചിത്രത്തിൽ വിജയ് ദേവേരകൊണ്ടയുടെ നായികയായാണ് മാളവിക എത്തുന്നത്.
ചിത്രത്തിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്.
ശിവകാർത്തികേയനെ നായകനാക്കി ‘ഇരുമ്പുതുറൈ’ സംവിധായകൻ പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും ‘ഹീറോ’എന്നതാണെന്നാണ് മറ്റൊരു കൗതുകം.
പ്രശസ്ത ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. ഛായാഗ്രാഹകനായ അഴഗപ്പൻ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടംപോലെ’ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ സിനിമാ അരങ്ങേറ്റം. ആസിഫ് അലിയ്ക്ക് ഒപ്പം ‘നിർണായകം’ എന്ന ചിത്രത്തിലും മമ്മൂട്ടി ചിത്രം ‘ഗ്രേറ്റ് ഫാദറി’ലും മാളവിക അഭിനയിച്ചിരുന്നു. രജനീകാന്തിന്റെ ‘പേട്ട’യിലൂടെയായിരുന്നു മാളവികയുടെ തമിഴകത്തേക്കുള്ള അരങ്ങേറ്റം. ശശികുമാറിന്റെ നായികയായിട്ടായിരുന്നു മാളവിക അഭിനയിച്ചത്.
പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘ബിയോണ്ട് ദ ക്ലൗഡ്സ്’ എന്ന ചിത്രത്തിലും മാളവിക ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോഡലിംഗിലും തിളങ്ങുന്ന താരമായ ഈ ഇരുപത്തിയാറുകാരി സമൂഹമാധ്യമങ്ങളിലും സജീവമാണ്.
Read more: ഇഷ്ടമുള്ള വേഷം ധരിക്കും: ട്രോളന്‍മാരുടെ വായടപ്പിച്ച് മാളവിക, പിന്തുണയുമായി പാര്‍വ്വതിയും സ്രിന്ദയും
അതേസമയം, ക്രാന്തി മാധവിന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ചുവരികയാണ് വിജയ് ദേവേരകൊണ്ട. ഇതുവരെ പേരിടാത്ത ചിത്രത്തിൽ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ല ഡേ, കാതറീൻ ട്രീസ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
‘ഡിയർ കൊമ്രേഡ്’ എന്ന ചിത്രമാണ് വിജയ് ദേവേരകൊണ്ടയുടേതായി ഇനി തിയേറ്ററുകളിലെത്താനുള്ള ചിത്രം. ജൂലൈ 26 നാണ് ചിത്രത്തിന്റെ റിലീസ്. രശ്മിക മന്ദാനയാണ് നായിക. ഗീതാ ഗോവിന്ദത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ചിത്രമാണ് ‘ഡിയർ കൊമ്രേഡ്’. ഭരത് കമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. ജസ്റ്റിന്‍ പ്രഭാകരൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമാണം മൈത്രി മൂവി മേക്കേഴ്‌സ്.
തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. വിദ്യാര്‍ഥി നേതാവായാണ് വിജയ് ദേവേരകൊണ്ട അഭിനയിക്കുന്നത്. ചിത്രത്തിലെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മൂന്നു മില്യൺ വ്യൂസ് ആണ് വീഡിയോ നേടിയത്.