പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അച്ഛനമ്മമാരുടെ വഴിയെ കാളിദാസ് സിനിമയിലേക്ക് എത്തിയെങ്കിലും ചക്കി എന്ന് വിളിക്കുന്ന മാളവിക ഇതുവരെ ആ പാത തിരഞ്ഞെടുത്തിട്ടില്ല. എന്നാലും വലിയൊരു ആരാധകവൃന്ദം തന്നെ മാളവികയ്ക്കുമുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മാളവികയുടെ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഫാദേഴ്സ് ഡേയോട് അനുബന്ധിച്ചു മാളവിക പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മക്കളെ രണ്ടുപേരെയും പുറത്തേറ്റി ജയറാം ‘ആന കളിക്കുന്ന’തിന്റെ ചിത്രമാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയറാമിന്റെ പുറത്ത് മുന്നിലായി മാളവികയും പിന്നിലായി ഒരു വടിയും പിടിച്ച് കാളിദാസും ഇരിക്കുന്നത് കാണാം. കുഞ്ഞു ചക്കി അല്പം പേടിയോടെയും കാളിദാസ് ചിരിച്ചു സന്തോഷവാനായുമാണ് ചിത്രത്തിൽ.
അടുത്തിടെ മാളവികയും അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. ഒരു മ്യൂസിക് വീഡിയോയിലാണ് മാളവിക ഒരു വേഷം ചെയ്തത്. എൻജോയ് എൻജാമി എന്ന ഹിറ്റ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത “മായം സെയ്തായ് പൂവേ,” എന്ന മ്യൂസിക് വീഡിയോയിലാണ് അശോക് ശെൽവനൊപ്പം മാളവിക സ്ക്രീനിലെത്തിയത്.
ഉടനെ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകൾ മാളവിക അടുത്തിടെ നൽകിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടുത്തിടെ മാളവിക പങ്കുവച്ചിരുന്നു.
മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു ഇപ്പോഴിതാ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും മാളവികയ്ക്ക് ഓഫർ വന്നിരുന്നുവെന്നാണ് ജയറാം പറയുന്നത്. “അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് ആദ്യം വിളി വന്നത് ചക്കിയ്ക്കു വേണ്ടിയാണ്. അനൂപ് മദ്രാസിൽ വന്നു ചക്കിയോട് കഥ പറഞ്ഞു, കഥ ഇഷ്ടപ്പെട്ടെങ്കിലും മാനസികമായി ഞാൻ സിനിമ ചെയ്യാൻ റെഡിയായിട്ടില്ല എന്നു പറഞ്ഞ് ചക്കി ഒഴിഞ്ഞുമാറുകയായിരുന്നു. ആ വേഷമാണ് പിന്നീട് കല്യാണി പ്രിയദർശൻ ചെയ്തത്.”
“ജയം രവിയും അടുത്തിടെ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നു, ചക്കി വരുന്നോ? എന്ന്. ജയം രവിയ്ക്ക് ഒക്കെ ചക്കിയെ ചെറുപ്പം മുതൽ അറിയാം. ഇപ്പോൾ തമിഴിലും തെലുങ്കിലുമൊക്കെയായി കഥകൾ കേൾക്കുന്നുണ്ട്, ഉടനെ തന്നെ ഏതെങ്കിലും ഫിക്സ് ചെയ്യുമായിരിക്കും. ഈ വർഷം തന്നെ മിക്കവാറും ചക്കിയുടെ അരങ്ങേറ്റമുണ്ടാവും,” ജയറാം കൂട്ടിച്ചേർത്തു.
പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ തുളി, നടൻ സൗരഭ് ഗോയൽ എന്നിവരും മാളവികയ്ക്കൊപ്പം പങ്കെടുത്തിരുന്നു.
അടുത്തിടെ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ പ്രവേശനത്തെ കുറിച്ച് മാളവിക മനസ് തുറന്നിരുന്നു. തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് മാളവിക പറഞ്ഞത്. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണെന്നും മാളവിക പറഞ്ഞു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിനും തടിക്കും കറക്ടായ മലയാളത്തിലെ നടന് ഉണ്ണി മുകുന്ദന് ആണെന്നും മാളവിക പറഞ്ഞിരുന്നു.
അടുത്തിടെ ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.