പ്രേക്ഷകരുടെ ഇഷ്‌ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളായ കാളിദാസും മാളവികയും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മാളവികയുടെ ജന്മദിനത്തിൽ കാളിദാസ് പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജയറാമിന്റെയും പാർവതിയുടെയും പഴയൊരു അഭിമുഖത്തിനിടെ പകർത്തിയ വീഡിയോ ആണിത്. കുട്ടികളായ കാളിദാസിനെയും മാളവികയേയും വീഡിയോയിൽ കാണാം. അഭിമുഖം നീണ്ടുപോവുന്നതിനു അനുസരിച്ച് അസ്വസ്ഥയാവുന്ന കുട്ടി മാളവികയുടെ മുഖഭാവങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്.
“ഇന്ന് നിന്റെ പിറന്നാളാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് എന്നെ കൊലപ്പെടുത്താൻ നീ വിചാരിക്കുന്നുണ്ടാകാം എന്നെനിക്കറിയാം, എന്നാൽ നിന്റെ സ്വാഭാവികമായ ചങ്കൂറ്റവും തെമ്മാടി സ്വഭാവവും ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് പറയാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നു. ഈ വീഡിയോയിൽ അത് വ്യക്തമായി കാണാം. എല്ലാത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു ഒരു ദിവസം നീ ഇഷ്ടപ്പെടുന്നത് ചെയ്ത് ലോകം കീഴടക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു! ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വീഡിയോയെ നിങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നത് വ്യക്തമാണ്, ചുരുക്കത്തിൽ ഇത് നമ്മളുടെ ജീവിതമാണ്, ക്ഷമിക്കണം, ഞാൻ ഇടയ്ക്ക് ഒരു വിഡ്ഢിയാവുന്നുണ്ടെങ്കിൽ… ഞാൻ വാഗ്ദാനം ചെയ്യുന്ന, മരണം വരെ ഞാനിങ്ങനെ തുടരുമെന്ന്. നമ്മളെ കാത്തിരിക്കുന്ന നിരവധി ഭ്രാന്തുകൾക്കും സാഹസികതകൾക്കും…” കാളിദാസിന്റെ രസകരമായ പിറന്നാൾ ആശംസ ഇങ്ങനെ.
കാളിദാസിനു പുറമെ ജയറാമും പാർവതിയും മാളവികയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
കാളിദാസിന്റെ കൂട്ടുകാരിയായ തരിണിയും മാളവികയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. “എന്റെ കുഞ്ഞു ചക്കി കുട്ടന് പിറന്നാൾ ആശംസകൾ. എന്റെ അതിശയകരമായ സഹോദരിയായി മാറിയതിന് നന്ദി. നിന്നെ ഒരുപാട് സ്നേഹിക്കുന്നു,” എന്നാണ് തരിണിയുടെ ആശംസ.

ജയറാമിനെയും പാർവതിയേയും മകൻ കാളിദാസനെയും പോലെ മകൾ മാളവികയും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഒരു മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്.എൻജോയ് എൻജാമി എന്ന ഹിറ്റ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത “മായം സെയ്തായ് പൂവേ,” എന്ന മ്യൂസിക് വീഡിയോയിലാണ് അശോക് ശെൽവനൊപ്പം മാളവിക സ്ക്രീനിലെത്തിയത്.
അടുത്തിടെ ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ പ്രവേശനത്തെ കുറിച്ച് മാളവിക മനസ് തുറന്നിരുന്നു. തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് മാളവിക പറഞ്ഞത്. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണെന്നും മാളവിക പറഞ്ഞു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിനും തടിക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും മാളവിക പറഞ്ഞിരുന്നു.
ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.