മലയാള സിനിമയിലെ താരപുത്രിമാരാണ് ജയറാമിന്റെ മകൾ മാളവികയും ദിലീപിന്റെ മകൾ മീനാക്ഷിയുമൊക്കെ. മീനാക്ഷിയുമായുള്ള സൗഹൃദത്തിന്റെയും ഒന്നിച്ച് ഒപ്പിക്കുന്ന കുസൃതികളുടെയും കഥ പറയുകയാണ് മാളവിക ജയറാം.
“മീനൂട്ടി എന്റെ ബേബി സിസ്റ്റർ ആണ്. പണ്ടു മുതലേ മീനൂട്ടിയെ അറിയാം, മീനൂട്ടി വീട്ടിലൊക്കെ വന്നിട്ടുണ്ട്. ചെന്നൈയിൽ എംബിബിഎസിനു പഠിക്കുകയാണ് മീനൂട്ടി. അവൾ ചെന്നൈയിൽ എത്തിയതിനു ശേഷം ഞാൻ ഡ്രൈവ് ചെയ്ത് ചെന്ന് അവളെ ഹോസ്റ്റലിൽ നിന്നും ചാടിക്കും, ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഞങ്ങളുടെ കുറേ ഫൺ കഥകളുണ്ട്,” മാളവിക പറയുന്നു.
ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിനോട് സംസാരിക്കുകയായിരുന്നു മാളവിക. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി എന്നിവരെ കുറിച്ചും അഭിമുഖത്തിൽ മാളവിക സംസാരിക്കുന്നുണ്ട്.
“ഒരുപാട് ലെയേഴ്സുള്ള ഒരാളാണ് ഫഹദ് ഫാസിൽ. അഭിമുഖങ്ങളിൽ ഒക്കെ സൈലന്റായി ഇരിക്കുന്നുവെന്നേയുള്ളു, യഥാർത്ഥത്തിൽ എനിക്ക് അറിയാവുന്ന ഫഹദ് ഒരു അടിപൊളി, ഫൺ ആളാണ്. നമ്മളെയൊക്കെ കളിയാക്കുന്ന ടൈപ്പാണ്,” ഫഹദിനെ കുറിച്ച് മാളവികയുടെ കമന്റിങ്ങനെ.
“ഡിക്യുവിനെ പണ്ട് പരിചയപ്പെട്ടതാണ്. വളരെ ക്യൂട്ടാണ് ആള്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയചിത്രം ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ട്,” മാളവിക പറയുന്നു.
ഉണ്ണി മുകുന്ദൻ മലയാളത്തിന്റെ സൂപ്പർമാനാണ് എന്നാണ് മാളവിക വിശേഷിപ്പിച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ഉണ്ണിമുകുന്ദനെന്നും മാളവിക കൂട്ടിച്ചേർത്തു.
“പ്രണവ് എനിക്ക് അപ്പുവാണ്. അവരിവിടെ ചെന്നൈയിൽ താമസിക്കുമ്പോൾ ഉള്ള പരിചയമാണ്. സിനിമയിൽ വന്നതിനു ശേഷം പിന്നെ ഞാൻ അങ്ങനെ കണ്ടിട്ടില്ല. ഫിൽട്ടറുകൾ ഇല്ലാത്ത ഒരാളാണ് അപ്പു.”
“കല്യാണി എന്റെ മച്ചാനാണ്, എന്റെ ചെന്നൈ ബഡിയാണ്. ഞങ്ങളെല്ലാം ചെന്നൈ കിഡ്സാണ്. വരനെ ആവശ്യമുണ്ട് എന്ന റോൾ കല്യാണിയ്ക്ക് പോയതിൽ എനിക്ക് ഏറ്റവും സന്തോഷമുണ്ട്. അത്രയും നന്നായി അത് പോർട്രൈ ചെയ്തിട്ടുണ്ട്. നടക്കേണ്ടതേ നടക്കൂ എന്നു പറയുന്നത് അതാണ്, ഇപ്പോൾ ആ കഥാപാത്രത്തിന് കല്യാണിയെ അല്ലാതെ മറ്റാരെയും ഓർക്കാനാവില്ല,” മാളവിക പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കഥാപാത്രം ആദ്യം തേടിയെത്തിയത് മാളവികയെ ആയിരുന്നു.
“എന്റെ ബൊമ്മിയാണ് അപ്പു, ഞാനങ്ങനെയാണ് അപർണയെ വിളിക്കാറുള്ളത്. കണ്ണനും അപ്പുവും കൂടി ഒരു സിനിമയിൽ ജോലി ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ പരിചയം തുടങ്ങുന്നത്. അപ്പുവിന്റെ മാതാപിതാക്കൾ എന്റെ അപ്പയുടെയും അമ്മയുടെയും സുഹൃത്തുക്കളാണ്. അപ്പു എപ്പോൾ ചെന്നൈയിൽ വന്നാലും ഞങ്ങൾ കാണും. അപ്പുവിന് അവാർഡ് കിട്ടിയതിൽ ഏറ്റവും അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. അവാർഡ് കിട്ടിയെന്നറിഞ്ഞ പാടെ വിളിച്ചു വിഷ് ചെയ്തു. അതിനു ശേഷവും ഞങ്ങൾ കണ്ടിരുന്നു,” അപർണ ബാലമുരളിയെ കുറിച്ച് മാളവിക പറയുന്നു.