scorecardresearch
Latest News

ഈ ഇന്റര്‍വ്യൂ പുറത്തു വരുമ്പോഴേ അമ്മ അതറിയൂ: കോളേജ്‌കാലകുസൃതികൾ തുറന്നുപറഞ്ഞ് മാളവിക

ജയറാമിനും പാർവതിയ്ക്കും കാളിദാസിനും പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മാളവികയും

ഈ ഇന്റര്‍വ്യൂ പുറത്തു വരുമ്പോഴേ അമ്മ അതറിയൂ: കോളേജ്‌കാലകുസൃതികൾ തുറന്നുപറഞ്ഞ് മാളവിക

ജയറാമിനെയും പാർവതിയേയും കാളിദാസനെയും പോലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മാളവികയും. ‘മായം സെയ്തായ് പൂവേ’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. അധികം വൈകാതെ മാളവികയെ സിനിമയിലും കാണാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ കോളേജ് കാലത്തെ കുസൃതികളെ പറ്റി മാളവിക പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

മുൻപൊരു അഭിമുഖത്തിൽ, മാളവിക ഡേറ്റിന് പോവുമ്പോൾ താനാണ് ഒരുക്കി വിടുന്നതെന്നും ഡേറ്റ് കഴിഞ്ഞാൽ നേരെ വീട്ടിലെത്തിക്കാൻ ഡ്രൈവറെ ചട്ടം കെട്ടാറുണ്ടെന്നും പാർവതി പറഞ്ഞിരുന്നു. പാർവതിയുടെ ഈ വാക്കുകൾ എടുത്തുപറഞ്ഞ്, അമ്മയറിയാതെ കറങ്ങാൻ പോയിട്ടുണ്ടോ എന്നായിരുന്നു അവതാരക മാളവികയോട് ചോദിച്ചത്.

ചെന്നൈ സ്റ്റെല്ലാ മേരീസില്‍ പഠിക്കുന്ന സമയത്ത് മതിലു ചാടി കൂട്ടുക്കാരുമായ് മറീന സ്ട്രീറ്റിൽ കറങ്ങാൻ പോകുമായിരുന്നു. തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ ഒന്നും സംഭവിക്കാത്തതു പോലെ നില്‍ക്കും. ഇന്റര്‍വ്യൂ പുറത്തു വരുമ്പോഴായിരിക്കും അമ്മ ഇതൊക്കെ അറിയുകയെന്നുമായിരുന്നു മാളവികയുടെ മറുപടി. ബിഹൈന്റ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.

ഉടനെ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകൾ മാളവിക അടുത്തിടെ നൽകിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടുത്തിടെ മാളവിക പങ്കുവച്ചിരുന്നു.

മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു ഇപ്പോഴിതാ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും മാളവികയ്ക്ക് ഓഫർ വന്നിരുന്നുവെന്നാണ് ജയറാം പറയുന്നത്. “അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് ആദ്യം വിളി വന്നത് ചക്കിയ്ക്കു വേണ്ടിയാണ്. അനൂപ് മദ്രാസിൽ വന്നു ചക്കിയോട് കഥ പറഞ്ഞു, കഥ ഇഷ്ടപ്പെട്ടെങ്കിലും മാനസികമായി ഞാൻ സിനിമ ചെയ്യാൻ റെഡിയായിട്ടില്ല എന്നു പറഞ്ഞ് ചക്കി ഒഴിഞ്ഞുമാറുകയായിരുന്നു. ആ വേഷമാണ് പിന്നീട് കല്യാണി പ്രിയദർശൻ ചെയ്തത്.”

“ജയം രവിയും അടുത്തിടെ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നു, ചക്കി വരുന്നോ? എന്ന്. ജയം രവിയ്ക്ക് ഒക്കെ ചക്കിയെ ചെറുപ്പം മുതൽ അറിയാം. ഇപ്പോൾ തമിഴിലും തെലുങ്കിലുമൊക്കെയായി കഥകൾ കേൾക്കുന്നുണ്ട്, ഉടനെ തന്നെ ഏതെങ്കിലും ഫിക്സ് ചെയ്യുമായിരിക്കും. ഈ വർഷം തന്നെ മിക്കവാറും ചക്കിയുടെ അരങ്ങേറ്റമുണ്ടാവും,” ജയറാം കൂട്ടിച്ചേർത്തു.

പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ‌ തുളി, നടൻ സൗരഭ് ഗോയൽ എന്നിവരും മാളവികയ്ക്കൊപ്പം പങ്കെടുത്തിരുന്നു.

ഒരു അഭിമുഖത്തിൽ തന്റെ സിനിമ പ്രവേശനത്തെ കുറിച്ച് മാളവിക മനസ് തുറന്നിരുന്നു. തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് മാളവിക പറഞ്ഞത്. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണെന്നും മാളവിക പറഞ്ഞു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിനും തടിക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും മാളവിക പറഞ്ഞിരുന്നു.

അടുത്തിടെ ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

ഫുട്ബോള്‍ പ്രേമിയായ മാളവിക സ്‌പോട്ട്‌സ് മാനേജ്‌മെന്റിലാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malavika jayaram about college days