മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ.’ ജോൺ ആൻഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ഗുസ്തിക്കാരനായാണ് വേഷമിടുന്നത് എന്നാണ് റിപ്പോർട്ട്. രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ച ‘മലൈക്കോട്ടൈ വാലിബന്റെ’ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്.
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കട്ടത്താടിയും ഇടിവളയുമൊക്കെ അണിഞ്ഞ് ഗുസ്തിക്കാരൻ ലുക്കിലാണ് മോഹൻലാൽ. ‘ഇനി മുഖം കണ്ട് ചിത്രത്തിനായി കാത്തിരിക്കൂ’ എന്നാണ് പോസ്റ്റിനു താഴെ കുറിച്ചിരിക്കുന്നത്. വാശിയോടെയുള്ള ഭാവമാണ് മോഹൻലാലിന്റെ മുഖത്ത് നിറയെ. ലാലേട്ടൻ തിരിച്ചെത്തിയെന്നാണ് ആരാധകരുടെ കമന്റ്. തിരുമ്പി വന്തിട്ടേന്ന് സൊല്ല്, ഒരു ഒന്നൊന്നര തിരിച്ചു വരവ് ഉണ്ടെന്ന് പറഞ്ഞേക്ക്, നാമ പേസ കൂടാത്. നമ്മ പടം താൻ പേസണം.., അങ്ങോട്ട് ഇറക്കി വിടണ്ണാ പടം…
തൂക്കിയടി ലോഡിങ് തുടങ്ങിയ കമന്റുകളാണ് നിറയുന്നത്.
മമ്മൂട്ടിയെ പ്രധാന കഥാപാത്രമായി ഒരുക്കിയ ‘നൻപകൽ നേരത്ത് മയക്കം’ ആണ് ലിജോയുടെ അവസാനം റിലീസിനെത്തിയ ചിത്രം. ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിച്ച ചിത്രം രജത ചകോരം നേടിയിരുന്നു. 2023 ജനുവരി 19 നാണ് ചിത്രം തിയേറ്ററർ റിലീസിനെത്തിയത്.