/indian-express-malayalam/media/media_files/uploads/2018/08/M_Id_456021_Malaika_Arora_Khan.jpg)
ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലൈക തന്നെയാണ് സോഷ്യൽ മീഡിയ വഴി ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇന്നലെ നടനും മലൈകയുടെ കൂട്ടുകാരനുമായ അർജുൻ കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
"ഇന്ന് എന്റെ കോവിഡ് പരിശോധനയുടെ ഫലം വന്നു, പോസ്റ്റീവ് ആണ്. നിലവിൽ മറ്റു കുഴപ്പങ്ങളൊന്നുമില്ല. എനിക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടർമാരും ബന്ധപ്പെട്ട അധികാരികളും നൽകുന്ന നിർദ്ദേശങ്ങളെല്ലാം പാലിച്ച് ഹോം ക്വാറന്റൈനിൽ പ്രവേശിക്കുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കൂ," ഇൻസ്റ്റഗ്രാം പോസ്റ്റിൽ മലൈക അറോറ പറഞ്ഞു.
അർജുൻ കപൂറും ഹോം ക്വാറന്റൈനിലാണ് ഉള്ളത്. "എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച വിവരം നിങ്ങളെ എല്ലാവരേയും അറിയിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് കുഴപ്പമൊന്നുമില്ല, രോഗ ലക്ഷണങ്ങളുമില്ല. ഡോക്ടർമാരുടെയും അധികൃതരുടേയും ഉപദേശപ്രകാരം ഞാൻ വീട്ടിൽ ക്വാറന്റൈനിലാണ്. നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് ഞാൻ എല്ലാവരോടും മുൻകൂറായി നന്ദി രേഖപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ എന്റെ ആരോഗ്യത്തെക്കുറിച്ച് ഞാൻ നിങ്ങളെ അറിയിക്കും. വളരെ അസാധാരണമായ ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മനുഷ്യരാശി ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഒരുപാട് സ്നേഹം, അർജുൻ,” എന്നാണ് ഇന്നലെ അർജുൻ കപൂർ കുറിച്ചത്.
അർജുൻ കപൂറിനും മലൈകയ്ക്കും രോഗ ശാന്തി ആശംസിച്ച് നിരവധി ചലച്ചിത്ര പ്രവർത്തകരും സെലിബ്രിറ്റികളും കമന്റ് ചെയ്തിട്ടുണ്ട്.
മുൻപ് ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ആരാധ്യ ബച്ചൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗം ഭേദമായി.
Read in English: Arjun Kapoor tests positive for coronavirus
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.