49കാരിയായ മലൈക അറോറയും 37കാരനായ അർജുൻ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡിലും ഇരുവരുടെയും കുടുംബങ്ങളിലും ആദ്യകാലത്തുണ്ടാക്കിയ കോളിളക്കങ്ങൾ ചില്ലറയല്ല. ബോളിവുഡിലെ തന്നെ ഏറ്റവും പ്രശസ്ത കുടുംബങ്ങളായ ഖാൻ ഫാമിലിയിലും കപൂർ ഫാമിലിയിലും ഈ ബന്ധം അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ, കോളിളക്കങ്ങളെയും അസ്വാരസ്യങ്ങളെയുമെല്ലാം മറികടന്ന് കഴിഞ്ഞ നാലുവർഷമായി ഡേറ്റിംഗ് തുടരുകയാണ് അർജുനും മലൈകയും. അർജുനെക്കാളും പ്രായത്തിൽ 12 വയസ്സിന് മൂത്തതാണ് മലൈക.
ഇപ്പോഴിതാ, അർജുൻ കപൂറുമൊത്തുള്ള തന്റെ ഭാവി പരിപാടികളെക്കുറിച്ച് സംസാരിക്കുകയാണ് മലൈക. അർജുനുമായുള്ള ബന്ധത്തിന്റെ പ്രീ-ഹണിമൂൺ ഘട്ടം ആസ്വദിക്കുകയാണ് താനെന്നാണ് മലൈക പറയുന്നത്. “വിവാഹം എന്നത് രണ്ടുപേർ തമ്മിൽ ചർച്ച ചെയ്യേണ്ട കാര്യമാണ്. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നാൽ ഞങ്ങൾ തമ്മിൽ സംസാരിച്ച് ആലോചിച്ച് തീരുമാനിക്കും. ഈ നിമിഷം, ഞങ്ങൾ ജീവിതത്തെ ഒരുപാട് സ്നേഹിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ പ്രീ-ഹണിമൂൺ ഘട്ടം ആസ്വദിക്കുകയാണ്,” ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മലൈക.
മലൈക നേരത്തെ നടൻ അർബാസ് ഖാനെ വിവാഹം കഴിച്ചിരുന്നു. 1998-ലാണ് മലൈകയും അർബ്ബാസും വിവാഹിതരായത്. ഈ ബന്ധത്തിൽ മലൈകയ്ക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2017ൽ അർബാസ് ഖാനും മലൈകയും വിവാഹമോചനം നേടി. ഇതിനുശേഷമാണ് അർജുനും മലൈകയും പ്രണയത്തിലാവുന്നത്, 2019 ജൂൺ 26ന് അർജുനും മലൈകയും തങ്ങളുടെ പ്രണയം ലോകത്തോട് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബോളിവുഡിലെ ഏറ്റവും സ്റ്റൈലിഷായ നടിമാരിൽ ഒരാൾ കൂടിയാണ് മലൈക. പലപ്പോഴും സെക്സ് സിംബൽ എന്ന രീതിയിലാണ് മലൈക വിശേഷിപ്പിക്കപ്പെടാറുള്ളത്. ആ വിശേഷണം തനിക്കിഷ്ടമാണെന്നും മലൈക പറയുന്നു. ” സെക്‌സ് സിംബൽ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഒരു സെക്‌സ് സിംബൽ ആകുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. പ്ലെയിൻ ജെയ്ൻ എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ സന്തോഷമാണ് സെക്‌സ് സിംബലായി അറിയപ്പെടുന്നത്. ഞാൻ വളരെ സന്തോഷവതിയാണ്, ആ ടാഗ് എനിക്കിഷ്ടമാണ്.”
“പക്ഷേ എനിക്കെന്റെ തല എപ്പോഴും വെള്ളത്തിനു മുകളിലേക്കു ഉയർത്തി പിടിക്കണം, കാരണം എനിക്കറിയാം ഓരോ ദിവസവും അതെന്റെ മുഖത്തേക്ക് തിരയടിച്ചെത്താൻ സാധ്യതയുണ്ടെന്ന്. സിംഗിൾ മദർ, ഡിവോഴ്സ്ഡ് തുടങ്ങിയ വിശേഷണങ്ങൾ എല്ലാ ദിവസവും എന്റെ മുഖത്തേക്ക് എറിയപ്പെടുന്നു. അതുകൊണ്ട് എന്നെ സംബന്ധിച്ച് ഈ ഗെയിമിന് മുകളിൽ തുടരുക എന്നത് വളരെ കഠിനമാണ്. ഒരുപക്ഷെ ഞാൻ നിത്യേന കൈകാര്യം ചെയ്യേണ്ടി വരുന്ന അരക്ഷിതാവസ്ഥയായിരിക്കാം ഇവ,” മലൈക കൂട്ടിച്ചേർത്തു.
നിർമാതാവ് ബോണി കപൂറിന്റെയും ആദ്യഭാര്യ മോണ ഷോറി കപൂറിന്റെയും മകനാണ് അർജുൻ. 1983ൽ വിവാഹിതരായ ബോണി കപൂറും മോണയും 1996ൽ വിവാഹമോചിതരായി. പിന്നീടാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്.