ആരാധകരെ ത്രസിപ്പിക്കുന്ന ഐറ്റം ഡാൻസുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് മലൈക അറോറ. വിശാൽ ഭരദ്വാജിന്റെ ‘പടാഖ’യിലാണ് മലൈകയുടെ പുതിയ ഐറ്റം നമ്പർ. സെപ്തംബർ നാലിന് റിലീസ് ചെയ്ത ‘പടാഖ’യിലെ ‘ഹലോ ഹലോ’ എന്ന ഗാനം രണ്ടു ദിവസത്തിനകത്ത് കണ്ടത് ഒരുകോടിയിലേറേ പേർ.
വിശാലിന്റെ ഭാര്യ രേഖ ഭരദ്വാജ് ആണ് ‘ഹലോ ഹലോ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഗുൽസാറിന്റെ വരികൾക്ക് വിഷാൽ ഭരദ്വാജ് തന്നെ സംഗീതം നൽകിയിരിക്കുന്നു. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ആടി തിമർക്കുകയാണ് മലൈക അറോറ ഗാനരംഗത്തിൽ. ഗണേഷ് ആചാര്യയുടേതാണ് കൊറിയോഗ്രാഫി.
പരസ്പരം പോരടിക്കുന്ന സഹോദരിമാരുടെ കഥ പറയുന്ന ചിത്രമാണ് വിശാൽ ഭരദ്വാജിന്റെ ‘പടാഖ’. ചരൺ സിംഗ് പഥികിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമാണിത്.
ജീവിതത്തിലുടനീളം ശത്രുക്കളെ പോലെ പരസ്പരം പോരടിച്ച് ജീവിക്കുന്ന സഹോദരിമാരായി, സന്യ മൽഹോത്രയും പുതുമുഖനായിക രാധിക മദനുമെത്തുന്നു. പരസ്പരം ശത്രുത കൊണ്ടുനടക്കുന്ന സഹോദരിമാരുടെ ജീവിതത്തിൽ വിവാഹത്തോടെയുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. രാജസ്ഥാൻ ഗ്രാമാന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. ‘പടാഖ’ സെപ്തംബർ 28 ന് റിലീസിനെത്തും.