ബോളിവുഡ് താരദമ്പതികളായ മലൈക അറോറയും അർബാസ് ഖാനും നിയമപരമായി വേർപിരിഞ്ഞു. 18 വർഷം നീണ്ടുനിന്ന വിവാഹ ബന്ധത്തിനാണ് ഇരുവരും അവസാനം കുറിച്ചത്. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്.

2016 നവംബറിലാണ് ഇരുവരും പരസ്പര ധാരണയിൽ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇന്നു രണ്ടുപേരും ഒരേ കാറിലാണ് കോടതിയിൽ എത്തിയത്. ഇന്നലെ ഇരുവരും ഒരുമിച്ച് പോപ് താരം ജസ്റ്റിൻ ബീബറിന്റെ ഷോയിൽ പങ്കടുത്തിരുന്നു. ഒപ്പം 14 വയസ്സുകാരനായ മകൻ അർഹാനും ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതു കണ്ട ആരാധകർ ഇരുവരും തമ്മിലുളള പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നും കരുതിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് ഇരുവരും വേർപിരിഞ്ഞതായുളള വാർത്തകൾ പുറത്തുവന്നത്.

മകൻ അർഹാനെ മലൈകയ്ക്ക് ഒപ്പം പോകാനാണ് കോടതി അനുവദിച്ചത്. അർബാസിന് എപ്പോൾ വേണമെങ്കിലും കുഞ്ഞിനെ കാണാനുളള അനുമതിയും കോടതി നൽകിയിട്ടുണ്ട്. ബോളിവുഡ് നടൻ അർജുൻ കപൂറുമായി മലൈകയ്ക്ക് ബന്ധമുണ്ടെന്നും ഇതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നും ചില വാർത്തകൾ പരന്നിരുന്നു.

നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർഖാസ് ഖാൻ. ഇരുവരും തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കാൻ സൽമാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും വിവരമുണ്ട്. ഷാരൂഖ് ഖാൻ നായകനായ ദിൽ സേ എന്ന ചിത്രത്തിലെ ചല ചയ്യ ചയ്യ എന്ന ഗാനത്തിൽ നർത്തകിയായി എത്തിയത് മലൈക അറോറയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ