തിരുവനന്തപുരം: സിനിമാ പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി നാളുകള്‍ മാത്രം ബാക്കി. പ്രളയം വില്ലനായെങ്കിലും കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇത്തവണയും ആളെത്തുമെന്നു തന്നെയാണ് സംഘാടകരുടെ വിശ്വാസം. സിനിമയുടെ ഉത്സവ വേദിയില്‍ ഇത്തവണ പ്രശസ്ത സംവിധായകന് മജീദ് മജീദിയുമുണ്ടാകും.
ഐ.എഫ്.എഫ്.കെ.യുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായി വിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി എത്തും. തമിഴ് സംവിധായകനായ വെട്രിമാരന്, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകനായ അഡോല്‍ഫോ അലിക്സ് ജൂനിയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. വെട്രിമാരന്റെ വടചെന്നൈ, ഉമേഷ് കുല്‍ക്കര്‍ണിയുടെ ഹൈവേ, അഡോല്‍ഫോ അലിക്സ് ജൂനിയറിന്റെ ഡാര്‍ക്ക് ഈസ് ദ നൈറ്റ് എന്നീ ചിത്രങ്ങള്‍ ജൂറി ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
മജീദിയുടെ മുഹമ്മദ് : ദ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. 2015 ല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ആവിഷ്കരിക്കുന്നത്. ഇറാനിയന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ.ആര്. റഹ്മാനാണ്.