വിഖ്യാതനായ ഇറാനിയന്‍ ചലച്ചിത്രകാരന്‍ ഇന്ത്യയില്‍ ഒരു സിനിമ ചിത്രീകരിക്കാന്‍ എത്തിയത് ലോക സിനിമയെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ വലിയ ആവേശത്തോടെയാണ് വരവേറ്റത്. മാളവിക മോഹനന്‍ എന്ന മലയാളി നടി, ബോളിവുഡ് നടിമാരെ പിന്‍തള്ളി നായികാ വേഷത്തിലേക്കെത്തിയതും സന്തോഷം ഇരട്ടിക്കാന്‍ കാരണമായി.

ബിയോണ്ട് ദി ക്ലൌഡ്സ് എന്ന ചിത്രത്തിന്‍റെ റിലീസ് കാത്തിരിക്കുന്ന വേളയില്‍ തന്‍റെ ഇന്ത്യന്‍ ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ മജിദി.

തന്‍റെ അടുത്ത ചിത്രമായ ‘ഗോള്‍ഡ്‌ മൈനും’ ഇന്ത്യയില്‍ തന്നെയാണ് ചിത്രീകരിക്കുന്നത് എന്നാണു സംവിധായകന്‍ മജിദി പത്രക്കുറിപ്പില്‍ അറിയിക്കുന്നത്. ഇന്ത്യയില്‍ ചിത്രീകരിക്കുന്ന മജിദിയുടെ രണ്ടാമത്തെ ചിത്രമാകുമിത്.

ഇന്ത്യയുടെ അന്തരീക്ഷവും ഇവിടുത്തെ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധവുമൊക്കെ തന്നെ പ്രചോദിപ്പിക്കുന്നതായും മജിദി പറഞ്ഞു. കഷ്ടപ്പാടുകള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ ജീവിക്കുന്ന ഒരു ജനതയുടെ ഉത്സാഹം അവിശ്വസനീയമാണ് എന്നും മജിദി കൂട്ടി ചേര്‍ത്തു.

‘അടുത്ത ഒരു കഥയും ഇന്ത്യയില്‍ സെറ്റ് ചെയ്യാനുള്ള കാരണം എനിക്ക് ഈ ജനതയുടെ കഥ പറയണം എന്നുള്ളത് കൊണ്ടാണ്. പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നോട്ട് പോകാന്‍ ഉത്സാഹിക്കുന്ന ഈ സ്ത്രീകളുടെയും കുട്ടികളുടെയും കഥ.’

മജിദിയുടെ ചിത്രങ്ങളായ ‘ചില്‍ട്രെന്‍ ഓഫ് ഹെവന്‍’, ‘സോങ്ങ് ഓഫ് സ്പാരോസ്’, ദി കളര്‍ ഓഫ് പാരഡൈസ്’, എന്നിവയെല്ലാം തന്നെ ഇതിവൃത്തം കൊണ്ടും ആവിഷ്‌ക്കാരശൈലി കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ്.

‘ഗോള്‍ഡ്‌ മൈന്‍’ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. നമാ പിക്ചര്‍സിന്‍റെ ബാനറില്‍ ഷരീന്‍ മന്ത്രി, കിഷോര്‍ അറോറ എന്നിവരാണ് ‘ഗോള്‍ഡ്‌ മൈന്‍’ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ കാസ്റ്റിംഗ് രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കും എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ