/indian-express-malayalam/media/media_files/uploads/2017/11/deepka-majid16_majidi.jpg)
മലയാളിയായ മാളവിക മോഹനനെ നായികയാക്കി പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മാജിദ് മജീദി സംവിധാനം ചെയ്ത 'ബിയോണ്ട് ദ ക്ലൗഡ്സ്' ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ അര്‍ദ്ധ സഹോദരനായ ഇഷാന്‍ ഖട്ടാറാണ് നായകന്‍. ചിത്രത്തിനായി ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുകോണിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം മാളവികയെ നിശ്ചയിക്കുകയായിരുന്നു.
ഓഡീഷനില്‍ ദീപിക ഉണ്ടായിരുന്നെങ്കിലും എന്ത് കൊണ്ട് നടിയെ തിരഞ്ഞെടുത്തില്ല എന്ന് വെളിപ്പെടുത്തുകയാണ് മാജിദ് മജീദി. 'ബോളിവുഡ് സൂപ്പര്‍താരങ്ങളോടൊത്ത് ജോലി ചെയ്യണം എന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. മുംബൈയിലെ ഒളിച്ചുകിടക്കുന്ന സ്ഥലങ്ങളില്‍ ചിത്രീകരിക്കാനായിരുന്നു എനിക്ക് താത്പര്യം. കാരണം ചിത്രത്തില്‍ ഓരോ സ്ഥലങ്ങളും കഥാപാത്രങ്ങളാണ്. എന്നാല്‍ ദീപികയോടൊത്തുളള ആദ്യ ഓഡീഷന്‍ തന്നെ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. നിരവധി ആളുകളാണ് ഒച്ചയും ബഹളവുമായി താരത്തെ കാണാന്‍ തിങ്ങിക്കൂടിയത്. അത്കൊണ്ടാണ് ചിത്രത്തിലേക്ക് ഒരു സൂപ്പര്‍താരത്തെ കാസ്റ്റ് ചെയ്യേണ്ടെന്ന് ഞാന്‍ തീരുമാനിച്ചത്', ഇറാനിയന്‍ സംവിധായകന്‍ പിങ്ക്‍വില്ലയോട് പറഞ്ഞു.
'സമൂഹത്തില്‍ നിന്നാണ് ഞാന്‍ എന്റെ വിഷയം തിരഞ്ഞെടുക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ നിന്നാണ് ഞാന്‍ എന്റെ കഥാനായകന്മാരെ ഞാന്‍ തെരഞ്ഞെടുക്കാറുളളത്. ഞാന്‍ കൂടുതലായും നവാഗതരോടൊത്താണ് സിനിമ ചെയ്തിട്ടുളളത്. പ്രൊഫഷണല്‍ താരങ്ങളോടൊത്തം സിനിമ ചെയ്യില്ല എന്നല്ല ഇതിന്റെ അര്‍ത്ഥം', മാജിദ് മജീദി വ്യക്തമാക്കി.
'ചില്‍ഡ്രന്‍ ഓഫ് പാരഡൈസ്', 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്നീ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനും നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനുമായ മാജിദ് മജീദി ആദ്യമായിട്ടാണ് ഇറാന് പുറത്ത് സിനിമ ചിത്രീകരിക്കുന്നത്. മുംബൈയിലായിരുന്നു ഭൂരിഭാഗവും ചിത്രീകരിച്ചത്.
തന്‍റെ അടുത്ത ചിത്രമായ 'ഗോള്‍ഡ് മൈനും' ഇന്ത്യയില്‍ തന്നെയാണ് ചിത്രീകരിക്കുന്നത് എന്നാണു സംവിധായകന്‍ മജിദി പത്രക്കുറിപ്പില്‍ അറിയിക്കുന്നത്. ഇന്ത്യയില്‍ ചിത്രീകരിക്കുന്ന മജിദിയുടെ രണ്ടാമത്തെ ചിത്രമാകുമിത്.
ഇന്ത്യയുടെ അന്തരീക്ഷവും ഇവിടുത്തെ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധവുമൊക്കെ തന്നെ പ്രചോദിപ്പിക്കുന്നതായും മജിദി പറഞ്ഞു. കഷ്ടപ്പാടുകള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ ജീവിക്കുന്ന ഒരു ജനതയുടെ ഉത്സാഹം അവിശ്വസനീയമാണ് എന്നും മജിദി കൂട്ടി ചേര്‍ത്തു.
'അടുത്ത ഒരു കഥയും ഇന്ത്യയില്‍ സെറ്റ് ചെയ്യാനുള്ള കാരണം എനിക്ക് ഈ ജനതയുടെ കഥ പറയണം എന്നുള്ളത് കൊണ്ടാണ്. പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നോട്ട് പോകാന്‍ ഉത്സാഹിക്കുന്ന ഈ സ്ത്രീകളുടെയും കുട്ടികളുടെയും കഥ.'
വര്‍ഷങ്ങളായി സംഭവിക്കാന്‍ കാത്തിരുന്ന ഒരു സിനിമയാണ് ബിയോണ്ട് ദി ക്ലൗഡ്‌സ് എന്നാണ് അദ്ദേഹം ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മാനുഷിക മൂല്യങ്ങള്‍, സ്‌നേഹം, സൗഹൃദം, കുടുംബ ബന്ധങ്ങള്‍ എന്നിവയാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം.
പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെയു മോഹനനന്റെ മകളാണ് മാളവിക. സംവിധായകന്‍ ഗൗതം ഘോഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പട്ടം പോലെ, നിര്‍ണ്ണായകം എന്നീ ചിത്രങ്ങളിലെ നായികയാണ് മാളവിക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.