നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം മുതലായ ഓവർ ദി ടോപ് (ott) മീഡിയ സേവനങ്ങൾ നടത്തുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ലോകമെമ്പാടും സ്വീകരിക്കപ്പെടുന്ന ഈ കാലത്ത്, മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ച് ആദ്യമായൊരു സ്ട്രീമിംഗ് പ്ലാറ്റ്ഫോം. മെയിൻസ്ട്രീം ടിവി എന്ന പേരിൽ ഈ ആരംഭിച്ച ഈ സൗജന്യ സേവന ആപ്പ് മുഖേന നിങ്ങൾക്ക് മലയാള ഭാഷയിലുള്ള സിനിമകൾ, പാട്ടുകൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ ചിത്രങ്ങൾ, വെബ് സീരീസുകൾ, അഭിമുഖങ്ങൾ, ഹാസ്യ പരിപാടികൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്.
ഇതിനോടകം തന്നെ 700 -ഓളം മലയാള സിനിമകളുടെയും മൂവായിരത്തോളം ഹ്രസ്വ ചിത്രങ്ങളും ഈ മലയാളി ആപ്പിൽ ലഭ്യമാണ്. ഒ ടി ടിയുടെ വിനോദ സാദ്ധ്യതകൾ പ്രാദേശിക പ്രേക്ഷകർക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആശയമാണ് വർഷങ്ങളായി മാധ്യമ രംഗത്ത് പ്രവർത്തന പരിചയമുള്ള ശിവ എസ് എന്ന ബാംഗ്ലൂർ മലയാളി മെയിൻസ്ട്രീം ടി വി എന്ന സൗജന്യ പ്ലാറ്റ്ഫോമിലൂടെ യാഥാർഥ്യമാക്കുന്നത്.
“ദൃശ്യ മാധ്യമത്തിന്റെ കലാപരമായ സാധ്യതകൾ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന തലമുറയാണിവിടെ ഉള്ളത്. ഒരു മൊബൈൽ ക്യാമറയും രസകരമായ, പിടിച്ചിരുത്താവുന്ന ആശയവുമുണ്ടെങ്കിൽ, വല്യ സാമ്പത്തിക ചിലവുകൾ ഇല്ലാതെ ആർക്കും ഒരു ഹ്രസ്വ ചിത്രമോ വെബ് സീരീസോ സ്റ്റാൻഡ് അപ്പ് കോമഡിയോ ചെയ്യാൻ സാധിക്കും. അത്തരം പ്രാദേശികമായി നിർമിക്കപ്പെടുന്ന ചിത്രങ്ങളിൽ നിന്ന് മികച്ചത് കണ്ടെത്തി പ്രേക്ഷകർക്ക് സൗജന്യമായി എത്തിക്കാനുള്ള സംവിധാനമാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നത്,” ശിവ പറയുന്നു. അത്തരം ചിത്രങ്ങൾ നേടുന്ന ജനപ്രീതിയുടെയും സാമ്പത്തിക നേട്ടത്തിന്റെയും അടിസ്ഥാനത്തിൽ ലാഭവിഹിതം പങ്കു വെച്ച് മുന്നോട്ടു പോകാനുള്ള പദ്ധതിയും അണിയറയിൽ നടക്കുന്നുണ്ടെന്ന് ശിവ പറയുന്നു.

“ഇതുവരെ പുറത്തിറങ്ങാത്ത, അപൂർവമായ മലയാള ചിത്രങ്ങളെ കാഴ്ചക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി ഈ ദൗത്യത്തിന് പുറകിലുണ്ട്,” ശിവ പറയുന്നു. മോഹൻലാൽ ആദ്യമായി അഭിനയിച്ച, വെളിച്ചം കാണാത്ത, ‘തിരനോട്ടം’ പോലെയുള്ള ചിത്രങ്ങൾ മെയിൻസ്ട്രീം ആപ്പിലൂടെ പുറത്തെത്തിക്കാൻ പദ്ധതിയുണ്ട്,” ശിവ പറഞ്ഞു. ഇതിനോടകം തന്നെ ഗൂഗിൾ സ്റ്റോറിൽ മെയിൻസ്ട്രീം ആപ്പ് ലഭ്യമാണ്.
“മലയാളി ഓൺലൈൻ പ്രേക്ഷകരുടെ അഭിരുചികൾക്കും താൽപ്പര്യത്തിനും അടിസ്ഥാനമാക്കിയുള്ള സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, വെബ് സീരീസുകൾ തുടങ്ങിയവയിൽ നിന്നും മികച്ചവയെ കണ്ടെത്തി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് മെയിൻസ്ട്രീം ലക്ഷ്യമിടുന്നത്,” ഇതിന്റെ സ്ഥാപകരിൽ ഒരാളായ ജയകൃഷ്ണൻ പറയുന്നു. യുവതലമുറയെ മാത്രമല്ല ആപ്പ് ലക്ഷ്യമിടുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും അഭിരുചികൾക്കനുസരിച്ചുള്ള ചിത്രങ്ങളും കാർട്ടൂണുകളും ഹ്രസ്വചിത്രങ്ങളും ഈ ആപ്പിൽ ലഭ്യമാണ്.
Read more: Netflix Review: ‘ലഞ്ച് ബോക്സ്’ മുതല് ‘വൺസ് എഗെയ്ൻ’ വരെ: പ്രണയത്തിന്റെ രുചിക്കൂട്ടുകള്
റോക്ക് ആൻഡ് റോൾ സംഗീത സംസ്കാരത്തിന്റെ ഏറ്റവും വിസ്ഫോടനാത്മക തലമായ ഹെവി മെറ്റൽ സംഗീതത്തിന്റെ വകഭേദമായ ‘ട്രാഷ് മെറ്റൽ’ എന്ന ലോകപ്രശസ്ത നവസംഗീത ധാരയെ ഇന്ത്യയിൽ നിന്നും പ്രതിനിധാനം ചെയുന്ന സംഗീതജ്ഞരിൽ പ്രമുഖനാണ് ജാഗ എന്നറിയപ്പെടുന്ന ജയകൃഷ്ണൻ. കെയോസ് എന്നറിയപ്പെടുന്ന ട്രാഷ് മെറ്റൽ ബാൻഡിലെ വോക്കലിസ്റ് ആണ് ജാഗ.
“മെയിൻസ്ട്രീം ആപ്പ് വഴി മുഖ്യധാര അവഗണിക്കുന്ന, കലാമൂല്യമുള്ള, വൈവിധ്യത്തെ അന്വേഷിക്കുന്ന കലാസൃഷ്ടികൾ (അത് സംഗീതമായാലും ദൃശ്യമായാലും) പരമാവധി കാണികളിലേക്ക് എത്തിക്കുക എന്നുള്ളതും നമ്മുടെ ലക്ഷ്യമാണ്,” ജാഗ കൂട്ടിച്ചേർത്തു. “ആൾട്ടർനേറ്റീവ് അല്ലെങ്കിൽ പരീക്ഷണ ചിത്രങ്ങൾ, സംഗീതം തുടങ്ങിയവ ആസ്വദിക്കുന്ന ഒരു തലമുറയാണ് ഇവിടെയുള്ളത് . മലയാളത്തിൽ അത്തരം പുതുമകൾ ഇഷ്ടപെടുന്നവർക്കും അത്തരം ക്രിയാത്മകമായ സൃഷ്ടികൾ നിർമിക്കുന്നവർക്കും കൂടുതൽ അവസരം ഒരുക്കികൊടുക്കുക എന്നുള്ളതാണ് നമ്മുടെ വരുംകാല പദ്ധതി,” ജാഗ പറഞ്ഞു.