1989ലെ ‘മൈനേ പ്യാര്‍ കിയാ’ എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡിന്‍റെ മനം കവര്‍ന്ന നടിയാണ് ഭാഗ്യശ്രീ. സൂരജ് ബര്‍ജാത്തിയയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനായ ആ ചിത്രം ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രണയ ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയിലാണ്.

സൂപ്പര്‍ ഹിറ്റായ ആ ചിത്രത്തിന് ശേഷം ധാരാളം അവസരങ്ങള്‍ ഭാഗ്യശ്രീയെ തേടിയെത്തിയെങ്കിലും അവര്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്. മഹാരാഷ്ട്രയിലെ സാംഗ്ലി പ്രദേശത്തെ രാജകുടുംബാംഗമായ ഭാഗ്യശ്രീയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്‍റെ ഭാഗമായാണ് അഭിനയത്തില്‍ നിന്നും വിട്ടു നിന്നത്. ഭാവി വരനായ ഹിമാലയ ദസനിയോടൊപ്പം മാത്രമേ അഭിനയിക്കൂ എന്നതാണ് തന്നെ സമീപിച്ച സംവിധായകരോട് ഭാഗ്യശ്രീ മുന്നോട്ടു വച്ച നിബന്ധന. ഇത് പ്രകാരം ഹിമാലയയോടൊപ്പം ചില ചിത്രങ്ങളില്‍ വേഷമിട്ടു എങ്കിലും അതൊന്നും തന്നെ വിജയിച്ചില്ല. പിന്നീട് വല്ലപ്പോഴും ചില മറാഠി, ഭോജ്പുരി ചിത്രങ്ങളില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നതൊഴിച്ചാല്‍ അഭിനയത്തില്‍ സജീവമായിരുന്നില്ല ഭാഗ്യശ്രീ.

ഇപ്പോള്‍ ‘ടു സ്റ്റേറ്റ്സ്’ എന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിലൂടെ ഭാഗ്യശ്രീ സിനിമയിലേക്ക് മടങ്ങിയെത്തുന്നതായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.

ചേതന്‍ ഭഗത്തിന്‍റെ ‘ടു സ്റ്റേറ്റ്സ്’ എന്ന പേരിലുള്ള വിഖ്യാതമായ പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജ്ജുന്‍ കപൂര്‍, ആലിയ ഭട്ട്, രേവതി, അമൃത സിംഗ്, എന്നിവരാണ്‌ അഭിനേതാക്കള്‍. ഇതില്‍ രേവതി ചെയ്ത കഥാപാത്രമാണ് ഭാഗ്യശ്രീയ്ക്ക്.

“കണ്ടു മടുക്കാത്ത ഒരു മുഖം തേടിയാണ് ഞങ്ങള്‍ ഭാഗ്യശ്രീയിലേക്ക് എത്തിയത്. ‘ടു സ്റ്റേറ്റ്സ്’ എന്ന പുസ്തകം വളരെ ഇഷ്ടമായിരുന്നത് കൊണ്ടാണ് ഭാഗ്യശ്രീ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്.” എന്ന് തെലുങ്ക്‌ പതിപ്പിന്‍റെ സംവിധായകന്‍ വെങ്കട്ട് റെഡ്ഡി പറഞ്ഞു.

bhagyasree

സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും ഭാഗ്യശ്രീ തന്‍റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സജീവയായ അവര്‍ തന്‍റെ വര്‍ക്ക്‌ ഔട്ട്‌ ചിത്രങ്ങള്‍ സ്ഥിരമായി പങ്കു വച്ച് കൊണ്ടാണ് ആരാധകരുമായി സംവദിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook