തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെയാണ് ഉദയകുമാര്‍ മരണപ്പെടുന്നത്. 2005 സെപ്തംബർ 27ന് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ അതിഭീകരമായ മൂന്നാംമുറയിലൂടെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയത്. ഏകമകന് നീതി കിട്ടാന്‍ വേണ്ടി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ നടത്തിയ പോരാട്ടം നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ നീണ്ടു നിന്നു
ഒടുവില്‍, ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ച് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി വിധി വന്നു. അതില്‍ രണ്ട് പേര്‍ക്ക് വധശിക്ഷയും വിധിച്ചു. ഒന്നും രണ്ടും പ്രതികളായ മലയിൻകീഴ് കമലാലയത്തിൽ ഡി.സി.ആർ.ബി എ.എസ്.ഐ കെ. ജിതകുമാർ, നെയ്യാറ്റിൻകര സ്വദേശിയും നാർക്കോട്ടിക് സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ എസ്.വി. ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്.
കേരളം കണ്ട വലിയ നിയമപോരാട്ടങ്ങളില്‍ ഒന്നായിരുന്നു ഇത്. കേസ് അട്ടിമറിക്കാന്‍ പല കോണുകളില്‍ നിന്നും ഉള്ള ശ്രമങ്ങളെ (പ്രധാന സാക്ഷി ഉള്‍പ്പടെ കൂറി മാറി) വെല്ലുവിളിച്ച്, ചെരുപ്പിടാത്ത കാലും, വെള്ളമുണ്ടും നേര്യതും ധരിച്ചു, കൈയ്യിലൊരു കുടയുമായി പ്രഭാവതിയമ്മ ഒരു വ്യാഴവട്ടക്കാലം കോടതി കയറിയിറങ്ങി. ഒടുവില്‍ സത്യം ജയിച്ചു.
Read Here: എന്റെ കണ്ണീര് തീരില്ല: ഉദയകുമാറിനെ ഓർത്ത് പ്രഭാവതി അമ്മ

മകനെ കൊന്നവര്‍ക്ക് ശിക്ഷ കിട്ടിയിട്ടേ ഇനി അമ്പലത്തില്‍ കയറുകയുള്ളൂ എന്നും ആ അമ്മ ശപഥം ചെയ്തിരുന്നു. അവരുടെ ജീവിതമാണ് ഒരു മറാത്തി ചിത്രത്തിലൂടെ എത്തുന്നത്. ‘മായി ഘാട്ട്’ എന്ന പേരുള്ള സിനിമ സംവിധാനം ചെയ്യുന്നത് അനന്ത് മഹാദേവന് ആണ്. ഉദയകുമാര്‍ കൊലക്കേസിലെ ചരിത്ര വിധി പത്രത്താളുകളിലൂടെ അറിഞ്ഞ സംവിധായകന് പ്രഭാവതിയമ്മയുടെ അനുഭവം Mai Ghat: Crime No. 103/2005 എന്ന ചിത്രമാക്കാന്‍ തീരുമാനിച്ചത്. ചിത്രം സിങ്കപൂര് സൌത്ത് ഏഷ്യന്‍ ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പ്രഭാവതിയമ്മയെ അഭിമുഖം ചെയ്തു, ഇത് സിനിമയാക്കാനുള്ള അവകാശം വാങ്ങിയിട്ടാണ് അനന്ത് മഹാദേവന് ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. അവര്‍ക്കുള്ള തന്റെ ‘ട്രിബ്യൂട്ട്’ ഈ സിനിമ എന്നും അനന്ത് മഹാദേവന് ‘ദി ഹിന്ദു’വിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
പ്രഭാ മായി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉഷാ ജാദവ് ആണ്.
