/indian-express-malayalam/media/media_files/uploads/2017/11/mahesh-narayanan-take-off.jpg)
പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്താന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ്. മേളയില്‍ മൂന്നു വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്. സുവര്‍ണ മയൂരം, ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി മെഡല്‍, മികച്ച പുതുമുഖ സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ കിടപിടിക്കാന്‍ ടേക്ക് ഓഫിനെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
'ഇത്തരത്തില്‍ അംഗീകാരങ്ങള്‍ തേടിയെത്തുമെന്നോ, ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നോ ഒന്നും വിചാരിച്ചല്ല സിനിമ ചെയ്തത്. പക്ഷേ സന്തോഷവും അഭിമാനവുമുണ്ട്. ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക സിനിമയാണ് ടേക്ക് ഓഫ്. സനല്‍കുമാര്‍ ശശിധരന്റെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നു പറഞ്ഞതില്‍ വിഷമമുണ്ട് എന്നുകൂടി പറയണം.' മഹേഷ് വ്യക്തമാക്കി.
2014ല്‍ ആഭ്യന്തര യുദ്ധകാലത്ത് ഇറാഖില്‍ കുടുങ്ങിയ 19 നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ടേക്ക് ഓഫിന്റെ കഥ പുരോഗമിക്കുന്നത്. യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്‌സുമാരുടെ കഥ പറയുന്ന സിനിമയില്‍ പാര്‍വ്വതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെബിന്‍ ബേക്കര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ടേക്ക് ഓഫില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ പി.വി ഷാജികുമാറായിരുന്നു.
ദുബായിലും കൊച്ചിയിലുമായി ചിത്രീകരിച്ച ടേക്ക് ഓഫ് രാജേഷ് പിള്ള ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്. ഈ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള വയലാർ രാമവർമ്മ പുരസ്കാരം നേടിയ ടേക്ക് ഓഫ് 22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മത്സവിഭാഗത്തിലേക്ക് മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മറാത്തി ചിത്രമായ കച്ചാ ലിംബുവും അസാമി ചിത്രമായ വില്ലേജ് റോക്ക്‌സ്റ്റാര്‍സുമാണ് മറ്റു രണ്ട് ചിത്രങ്ങള്‍. മൂന്നു സിനിമകളും മികച്ച പുതുമുഖ സംവിധായക ചിത്രങ്ങളുടെ മത്സരവിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us