വിട പറഞ്ഞ താരം ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മഹേഷ് ഭട്ട്. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു മഹേഷ് ഭട്ട് മനസു തുറന്നത്. തന്റെ സിനിമയായ ഗുംരായുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവമാണ് ഭട്ട് മറ്റുള്ളവരുമായി പങ്കുവച്ചത്.

‘ഗുംരാഹിന്റെ ചിത്രീകരണം നടക്കുമ്പോള്‍, പൂർണമായും വെളളത്തില്‍ ഷൂട്ട് ചെയ്യേണ്ട ഒരു ഭാഗമുണ്ടായിരുന്നു. അതില്‍ ശ്രീദേവിയും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് പനിയാണെന്ന് ഞാന്‍ അറിഞ്ഞു. ഷൂട്ടിങ് മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് എല്ലാവരും പറഞ്ഞത്.’ അദ്ദേഹം പറയുന്നു.

‘അവരുടെ ആരോഗ്യത്തിന്റെ കാര്യമായതിനാല്‍ ഞാനവരെ നേരില്‍ കണ്ട് സംസാരിച്ചു. ഷൂട്ടിങ് മാറ്റിവയ്ക്കാമെന്നും നിങ്ങളുടെ അസുഖം മാറിയിട്ട് തുടരാമെന്നും അറിയിച്ചു. കാരണം അവരുടെ അവസ്ഥ വളരെ മോശമായിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവര്‍ ഷൂട്ടിങ് മാറ്റി വയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു.’ ഭട്ട് പറയുന്നു.

‘പനിയായിരുന്നിട്ടും മണിക്കൂറുകളോളം വെളളത്തിനടിയില്‍ അഭിനയിച്ചു. എതിര്‍ത്ത് ഒരക്ഷരം പോലും പറഞ്ഞില്ല. അവര്‍ വളരെ പ്രൊഫഷണല്‍ ആയിരുന്നു. ശ്രീദേവിയുടെ സ്പിരിറ്റിനെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. അവരെ ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം 24-ാം തീയതിയായിരുന്നു ശ്രീദേവി മരിച്ചത്. ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു വാര്‍ത്ത. ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇന്നും ബോളിവുഡ് വിട്ടുമാറിയിട്ടില്ലെന്നതാണ് വാസ്തവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ