നടൻ മഹേഷ് ബാബുവിന്റെ മെഴുകുപ്രതിമ ഹൈദരാബാദിൽ അനാച്ഛാദനം ചെയ്തു. കുടുംബ സമേതം എത്തിയാണ് മഹേഷ് ബാബു തന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഒർജിനൽ മഹേഷ് ബാബുവിനെ വെല്ലുന്ന മെഴുകുപ്രതിമ കണ്ട് താരത്തിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോസ്കറും മക്കളായ സിതാരയും ഗൗതമും അമ്പരന്നു. സിംഗപ്പൂരിലെ മാഡം റ്റുസാഡ്‌ വാക്സ് മ്യൂസിയത്തിൽ ആണ് താരത്തിന്റെ ഈ മെഴുകുപ്രതിമ സ്ഥാപിക്കുക.

“ആവേശം, സന്തോഷം, ഭയം, വിചിത്രമായ ഫീലിംഗുകളിലൂടെയാണ് കടന്നു പോവുന്നത്. പക്ഷേ അവനെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ. ലോകപ്രശസ്തമായ സിംഗപ്പൂരിലെ മാഡം റ്റുസാഡ് മ്യൂസിയത്തെ കുറിച്ച് ഞാൻ ധാരാളം കേട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾക്കൊപ്പം റ്റുസാഡ് മ്യൂസിയത്തിലൊരിടം ലഭിച്ചത് ഒരു ബഹുമതിയായി കാണുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഇതെന്റെ നേട്ടമാണ്. ശരിക്കും ആദരിക്കപ്പെട്ടിരിക്കുന്നു, ” തന്റെ മെഴുകുപ്രതിമ അനാച്ഛാദനം ചെയ്യും മുൻപ് മഹേഷ് ബാബു പറഞ്ഞു.

മെഴുകുപ്രതിമയ്ക്കായി മഹേഷ് ബാബുവിന്റെ 200 ഓളം അളവുകളാണ് എടുത്തതെന്നും ആറുമാസമെടുത്താണ് പ്രതിമ പൂർത്തിയാക്കിയതെന്നും മാഡം റ്റുസാഡ് ടീം അനാച്ഛാദന ചടങ്ങിനിടെ വെളിപ്പെടുത്തി.

“അവിശ്വസനീയമായ ഒരു അനുഭവമാണിത്. ഇതെനിക്കൊരിക്കലും മറക്കാനാവില്ല. ഇതൊരുക്കിയ ശില്പികൾക്ക് ഞാൻ നന്ദി പറയുന്നു. ഓരോ ഡീറ്റെയിലിംഗിലും അവർ ചെലുത്തിയ സൂക്ഷ്മത ശ്രദ്ധേയമാണ്. അൽപ്പം നീണ്ടൊരു പ്രോസസ് ആയിരുന്നു. ചിലതൊക്കെ വളരെ രസകരവും. അവരൊരു പെട്ടിയിൽ കുറേ കണ്ണുകൾ കൊണ്ടുവന്നു, എന്നിട്ട് അതിലൊന്നെടുത്ത് എന്റെ തലയ്ക്ക് അടുത്ത് പ്ലെയ്സ് ചെയ്യാൻ പറഞ്ഞു.” മഹേഷ് ബാബു പറയുന്നു.

“അതിശയകരമാണ് ഓരോ ഡീറ്റെയിൽസും. മൂന്നുമാസം മുൻപ് അവർ ഒരു ഫോട്ടോ എന്റെ ഭാര്യയ്ക്ക് അയച്ചുകൊടുത്തു. അപ്പോഴും മെഴുകുപ്രതിമയുടെ നിർമ്മാണജോലികൾ പൂർത്തിയായിരുന്നില്ല, പക്ഷേ ചിത്രം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. എന്റെ സുഹൃത്തുക്കൾക്കൊന്നും വിശ്വസിക്കാൻ സാധിച്ചില്ല, അവർ കരുതിയത് അതൊരു ഫോട്ടോഷൂട്ട് ചിത്രമാണെന്നാണ്,” മഹേഷ് ബാബു കൂട്ടിച്ചേർക്കുന്നു.

“എനിക്ക് രണ്ട് ഭർത്താക്കന്മാരോ എന്നാണ് ഞാനിപ്പോൾ ചിന്തിച്ചത്. അതിശയകരം,” എന്നായിരുന്നു ഭാര്യ നമ്രത ശിരോദ്കറുടെ പ്രതികരണം.

Read more: തലമുറകൾക്കപ്പുറത്തു നിന്നുമൊരു അതിഥി, മുത്തശ്ശിസ്നേഹം കൺകുളിർക്കെ കണ്ട് മഹേഷ് ബാബു

തന്റെ 25മത്തെ ചിത്രമായ ‘മഹർഷി’യുടെ റിലീസിന് കാത്തിരിക്കുകയാണ് താരം. ആക്ഷൻ എന്റർടെയിനറായ ‘മഹർഷി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് വംശിയാണ്. പൂജ ഹെജ്ഡെയാണ് നായിക. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. ഏപ്രിൽ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ