തെലുങ്ക് സൂപ്പര്‍ താരം മഹേഷ്‌ ബാബുവിനെ നായകനാക്കി എ ആര്‍ മുരുഗദാസ് സംവിധാനം ചെയ്യുന്ന തമിഴ് – തെലുങ്ക് ചിത്രം സെപ്റ്റംബര്‍ 27ന് റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. 170 കോടിയോളം ചെലവ് വരുന്ന ഈ മെഗാ ബജറ്റ് ചിത്രത്തില്‍ എസ് ജെ സൂര്യ, രാകുല്‍ പ്രീത് സിംഗ്, ഭരത് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

 

മഹേഷ്‌ ബാബുവിന്‍റെ തമിഴ് സിനിമാ പ്രവേശം എന്നത് കൂടാതെ ഈ ബ്ലോക്ക്‌ ബസ്റ്ററിന് ഒരു പ്രത്യേകതയും കൂടിയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നായകനും പ്രതി നായകനുമുള്‍പ്പെടെയുള്ള ഒരു കഥാപാത്രങ്ങളും സിഗരെറ്റോ മദ്യമോ ഉപയോഗിക്കുന്നതായി സിനിമയില്‍ കാണിക്കുന്നില്ല എന്നുള്ളതാണ്.  അത് കൊണ്ട് തന്നെ സിനിമയ്ക്ക് മുന്‍പും ഇടവേളയ്ക്കു ശേഷവും കാണിക്കുന്ന നിയപ്രകാരമുള്ള മുന്നറിയിപ്പുകള്‍ ഈ ചിത്രത്തില്‍ ഉണ്ടാവില്ല എന്നാണു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നായകന്‍റെ ആണത്തം കൂട്ടാനും സീനുകള്‍ക്ക് കൊഴുപ്പേകാനും ഇത് രണ്ടും ഉപയോഗിക്കുന്ന, സിഗരറ്റ് കറക്കി എറിഞ്ഞു പിടിക്കുന്ന നായകന് കൈയ്യടിക്കുന്ന ഒരു സിനിമാ സമൂഹത്തിലാണ് ഇങ്ങനെയൊരു നിലപാട് എന്നുള്ളത് ശ്രദ്ധേയമാണ്.

ഓഡിയോ റിലീസ് വേളയില്‍ രാകുല്‍ പ്രീത്

സ്പൈ ത്രില്ലെര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംഗീതം ഹാരിസ് ജയരാജ്‌, ക്യാമറ സന്തോഷ്‌ ശിവന്‍, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്‌ ആക്ഷന്‍ പീറ്റര്‍ ഹെയിന്‍. ചിത്രത്തിന്‍റെ ഓഡിയോ റിലീസ് ഇന്ന് ചെന്നൈയില്‍ നടന്നു.

മലയാളത്തിലും അറബിയിലും ചിത്രം മൊഴിമാറ്റം ചെയ്തു റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ