/indian-express-malayalam/media/media_files/uploads/2018/05/keerthi-cats-horz.jpg)
തെലുങ്കിലെ സൂപ്പര്‍ താരം സാവിത്രിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ 'മഹാനടി' എന്ന ചിത്രത്തോടെ കീര്‍ത്തി സുരേഷിന്റെ താരപദവി ഒന്നുകൂടി ഉയര്‍ന്നു. ചിത്രം കണ്ടവര്‍ ഒരേസ്വരത്തില്‍ പറയുന്നു 'കീര്‍ത്തി തകര്‍ത്തു,' എന്ന്. തമിഴിലും, തെലുങ്കിലുമെല്ലാം കീര്‍ത്തിക്കിപ്പോള്‍ നിറയെ ആരാധകരാണ്.
ഇതിനിടെയാണ് മറ്റൊരു ജീവചരിത്രത്തില്‍ നടി അഭിനയിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കീര്‍ത്തി വേഷമിടുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തിരുപ്പതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കീര്‍ത്തി ഇത് സംബന്ധിച്ച മറുപടി പറഞ്ഞു. മഹാനടിക്ക് ശേഷം മറ്റൊരു സിനിമയ്ക്കും താന്‍ കരാര്‍ ഒപ്പിട്ടില്ലെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. 'മറ്റ് സിനിമകളുടെ തിരക്കിലാണ് ഞാനിപ്പോള്‍. ഏതെങ്കിലും ജീവചരിത്രം സിനിമയാകുന്നതിന് ഞാന്‍ കരാറൊന്നും ഒപ്പിട്ടിട്ടില്ല', കീര്‍ത്തി പറഞ്ഞു.
എന്നാല്‍ മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹാനടി തന്റെ കരിയറിലെ ആദ്യത്തേയും അവസാനത്തേയും ജീവചരിത്ര സിനിമയായിരിക്കുമെന്ന് കീര്‍ത്തി പറഞ്ഞു. ഇനിയും ഒരു ജീവചരിത്ര സിനിമയുടെ ഭാഗമാവില്ലെന്നും നടി വ്യക്തമാക്കി. മഹാനടിക്ക് ശേഷം ദളപതി 62വിലാണ് നടി അഭിനയിക്കുന്നത്. വിജയ്‌യുടെ നായികയായാണ് ചിത്രത്തില്‍ കീര്‍ത്തി പ്രത്യക്ഷപ്പെടുന്നത്.
കോളിവുഡിൽ മാത്രമല്ല ടോളിവുഡിലും കീർത്തി വിജയങ്ങൾ തീർക്കുകയാണ്. തമിഴിലും തെലുങ്കിലുമായി 6 ബിഗ് ബജറ്റ് ചിത്രങ്ങളാണ് കീർത്തിയുടേതായി പുറത്തിറങ്ങാൻ പോകുന്നത്. മലയാളത്തിൽ ഗീതാഞ്ജലി, റിങ് മാസ്റ്റർ എന്നീ 2 ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കീർത്തിക്ക് മലയാളികളുടെ മനസ് കീഴടക്കാനായില്ല. മറ്റു മലയാളി നടിമാരെ പോലെ കീർത്തിയും അടുത്ത തന്റെ തട്ടകമായി തിരഞ്ഞെടുത്തത് തമിഴകമായിരുന്നു.
മലയാളികളെ എന്നും സ്വീകരിച്ചിട്ടുളള തമിഴ് മക്കൾ കീർത്തിയെയും മനസാ സ്വീകരിച്ചു. 2015 ലാണ് തമിഴിൽ കീർത്തി അരങ്ങേറ്റം കുറിക്കുന്നത്. 'ഇതു എന്ന മായം' എന്ന ചിത്രത്തിൽ വിക്രം പ്രഭുവിന്റെ നായിക ആയിട്ടായിരുന്നു തുടക്കം. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കീർത്തിയെ തേടി നിരവധി സിനിമകൾ എത്തി. തമിഴിൽ അരങ്ങേറ്റം കുറിച്ചതിനുപിന്നാലെ തെലുങ്കിലും കീർത്തി അരങ്ങേറ്റം നടത്തി. 2016 ൽ പുറത്തിറങ്ങിയ 'നേനു സൈലജ' ആയിരുന്നു കീർത്തിയുടെ ആദ്യ തെലുങ്ക് ചിത്രം. ബോക്സോഫിസിൽ വൻ ഹിറ്റായിരുന്നു സിനിമ.
തെലുങ്കിൽ വിജയം നേടിയെങ്കിലും കീർത്തി കരിയറിനു പ്രാധാന്യം നൽകിയത് തമിഴകത്തായിരുന്നു. 2016 ൽ തന്നെ 3 സിനിമകളിൽ കീർത്തി അഭിനയിച്ചു. ശിവകാർത്തികേയൻ നായകനായ രജനി മുരുകൻ, ധനുഷ് നായകനായ തൊടരി എന്നീ 2 ചിത്രങ്ങളും കീർത്തിക്ക് പരാജയം നൽകി. എന്നാൽ കീർത്തിയുടെ കരിയറിനെ മാറ്റിമറിച്ച ചിത്രമായിരുന്നു അതേവർഷം പുറത്തിറങ്ങിയ 'റെമോ'. ശിവകാർത്തികേയനൊപ്പം രണ്ടാമതും കീർത്തി ഒന്നിച്ച സിനിമ വൻ ഹിറ്റായിരുന്നു. കീർത്തിയുടെ കാവ്യ എന്ന കഥാപാത്രം തമിഴരുടെ ഹൃദയം കീഴടങ്ങി.
റെമോയുടെ വിജയത്തിനുശേഷം പിന്നെ തമിഴകത്ത് കീർത്തിയുടെ കാലമായിരുന്നു. ദളപതി വിജയ് നായകനായ ഭൈരവയിൽ നായികയായതോടെ കീർത്തി നമ്പർ വൺ നായികയായി മാറി. ഇപ്പോൾ തമിഴകത്തെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി കരാർ ഒപ്പിട്ടു കഴിഞ്ഞു കീർത്തി. 2018 തമിഴകത്തും തെലുങ്കിലും കീർത്തിയുടെ കാലമാണെന്ന് പറയാതെ വയ്യ.
താനാ സേർന്ത കൂട്ടം
സൂര്യയെ നായകനാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് താനാ സേർന്ത കൂട്ടം. സൂര്യയുടെ ജോഡിയായി കീർത്തി എത്തുന്നത് ഇതാദ്യം. സൂര്യ-കീർത്തി സുരേഷ് ജോഡികൾ ആദ്യമായി ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഉയരുന്നുണ്ട്. കാർത്തിക്, രമ്യ കൃഷ്ണൻ, സെന്തിൽ, സുരേഷ് ചന്ദ്ര മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനിരുദ്ധാണ് സിനിമയുടെ സംഗീത സംവിധായകൻ. വിജയ് സേതുപതി-നയൻതാര ജോഡികളായ ഹിറ്റ് ചിത്രം 'നാനും റൗഡി താൻ' എന്ന സിനിമയ്ക്കുശേഷം വിഘ്നേശ് സംവിധായകനാവുന്ന ചിത്രം കൂടിയാണ് താനാ സേർന്ത കൂട്ടം. ജനുവരി 12ന് പൊങ്കൽ റിലീസായാണ് ചിത്രം എത്തിയത്.
മഹാനടി
ഒരേ സമയം രണ്ടു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രമാണ് മഹാനടി. ഒരു കാലത്ത് വെളളിത്തിരയിൽ വിസ്‌മയം സൃഷ്‌ടിച്ച നായിക സാവിത്രിയുടെ ജീവിതത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയത്. തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സാവിത്രിയായി വെളളിത്തിരയിലെത്തിയത് കീർത്തി സുരേഷാണ്. ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവിതം പറയുന്ന സിനിമയിൽ ജെമിനി ഗണേശനായത് ദുൽഖർ സൽമാനാണ്. സാമന്ത, മോഹൻ ബാബു, വിജയ് ദേവരക്കൊണ്ട എന്നിവരും ചിത്രത്തിലുണ്ട്. നാഗ് അശ്വിനാണ് സംവിധായകൻ.
സാമി 2
ആറുസാമിയെന്ന പൊലീസ് ഓഫിസറായി വിക്രം എത്തിയപ്പോൾ ബോക്സോഫിൽ അത് പുതുചരിത്രമായി. ഹരി സംവിധാനം ചെയ്ത സാമി വിക്രമിന്റെ കരിയറിൽതന്നെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ നായികയാവുന്നത് കീർത്തി സുരേഷാണ്. ആദ്യ ഭാഗത്തിൽ തൃഷയായിരുന്നു നായിക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.