മലയാളികളായ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും, നടി മേനകയുടേയും മകളാണ് കീര്‍ത്തി സുരേഷ്. പക്ഷെ മലയാളത്തിലല്ല, തമിഴിലും തെലുങ്കിലുമാണ് കീര്‍ത്തി തിളങ്ങിയത്. കൈനിറയെ സിനിമകളാണ് കീര്‍ത്തിക്ക്.
തെലുങ്ക് നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടി എന്ന ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനുമാണ് വേഷമിട്ടിരിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിലായി 250 ലേറെ സിനിമകളില്‍ സാവിത്രി അഭിനയിച്ചിട്ടുണ്ട്. ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.
അതിനിടയില്‍ പ്രേക്ഷകരെ ചിരിപ്പിച്ചു സൈഡാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുന്നു. മഹാനടിക്കായി തെലുങ്കില്‍ ഡബ്ബ് ചെയ്യാന്‍ കീര്‍ത്തി പാടുപെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
സിനിമയ്ക്കകത്തു നിന്നും പുറത്തുനിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ദുല്‍ഖറും കീര്‍ത്തിയും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി എന്നാണ് എല്ലാവരും പറയുന്നത്. തന്റെ അമ്മ മുന്നില്‍ വന്നു നില്‍ക്കുന്നതു പോലെ തോന്നിയെന്നാണ് സാവിത്രയുടെ മകള്‍ സിനിമ കണ്ടതിനു ശേഷം പ്രതികരിച്ചത്.
വൈജയന്തി മൂവീസ് നിര്‍മ്മിച്ച ചിത്രത്തില്‍ കീര്‍ത്തിക്കും ദുല്‍ഖറിനും പുറമേ, സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചിത്രം നടികര്‍ തിലകം എന്ന പേരിലാണ് തമിഴില്‍ റിലീസ് ചെയ്തത്.