തെലുങ്ക് നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി നാഗ് അശ്വിന്‍ ഒരുക്കിയ ചിത്രം മഹാനടി യുഎസ് ബോക്‌സ് ഓഫീസില്‍ രണ്ട് മില്ല്യണ്‍ ഡോളര്‍ കടന്നു. അതായത് ഏകദേശം 140 കോടി രൂപ. മഹാനടി കൂടാതെ മറ്റ് 10 തെലുങ്ക് ചിത്രങ്ങള്‍ കൂടി യുഎസ് ബോക്‌സ് ഓഫീസില്‍ രണ്ട് മില്ല്യണ്‍ ഡോളര്‍ വാരിയതായി ട്രാക്കര്‍ രമേഷ് ബാല അറിയിച്ചു.

ബാഹുബലി, രംഗസ്ഥലം, ഭരത് അനേ നേനു, ശ്രീമന്തുഡു, എഎഎ, ഖൈദി നമ്പര്‍ 150, ഫിദ, അജ്ഞാനതവാസി, നന്നക്കു പ്രേമതോ എന്നീ ചിത്രങ്ങളാണ് മറ്റുള്ളവ.

ചിത്രം രണ്ടു മില്ല്യണ്‍ ഡോളര്‍ കഴിഞ്ഞെന്നും ഇപ്പോളും 120ല്‍ അധികം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണെന്നും രമേഷ് ബാല നിര്‍വാണ സിനിമാസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി അറിയിച്ചു. കൂടാതെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ തെലുങ്ക് ചിത്രം എന്ന നേട്ടത്തിലേക്കാണ് മഹാനടിയുടെ ഇപ്പോഴത്തെ യാത്ര.

സാവിത്രിയായി കീര്‍ത്തി സുരേഷും, ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും വേഷമിട്ട ചിത്രത്തിന് സിനിമയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇവരെ കൂടാതെ സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടിയുടെ നിര്‍മ്മാണം വൈജയന്തി ഫിലിംസ് ആണ്. തമിഴില്‍ നടികര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ