സിനിമാ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മഹാനടി. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും നായികാനായകന്‍മാരായെത്തുന്ന സിനിമ പ്രഖ്യാപനം മുതല്‍ത്തന്നെ പ്രേക്ഷക മനസില്‍ ഇടം പിടിച്ചിരുന്നു.
മെയ് ഒമ്പതിന് തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്തത്. മറ്റ് പതിപ്പുകള്‍ മെയ് 11 നാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ അഭിനേത്രികളിലൊരാളാണ് സാവിത്രി. സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ രാജമൗലി അടക്കമുളളവര്‍ ചിത്രത്തെ കുറിച്ച് പുകഴ്ത്തി രംഗത്തെത്തി.
അത്രയും മികച്ചൊരു ദൃശ്യാവിഷ്കാരമാണ് ചിത്രത്തിന്റേതെന്നാണ് കണ്ടവരുടെ അഭിപ്രായം. നിരൂപകപ്രശംസയ്ക്കൊപ്പം ചിത്രം കൈനിറയെ പണവും വാരിയതായാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം അമേരിക്കയില്‍ റിലീസ് ചെയ്ത 142 തിയേറ്ററുകളില്‍ നിന്നായി 3,00,984 ഡോളര്‍ ചിത്രം വാരിയതായാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളിലെ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല എന്നതാണ് വസ്തുത. അല്ലു അര്‍ജുനും അനു ഇമ്മാനുവേലും അഭിനയിച്ച ‘നാ പേരു സൂര്യ’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് മഹാനടി കവച്ചുവച്ചത്.
2,14000 ഡോളറായിരുന്നു റിലീസ് ദിനം അല്ലു ചിത്രം അമേരിക്കയില്‍ നിന്നും നേടിയത്. തെലുങ്കില്‍ റിലീസ് ദിനം ഏറ്റവും കൂടുതല്‍ പണം വാരിയ നാലാമത്തെ ചിത്രമായും മഹാനടി മാറിയതായും വിവരമുണ്ട്. അജ്ഞാതവാസി, ഭാരത് അനെ നേനു, രംഗസ്ഥലം എന്നീ ചിത്രങ്ങളാണ് മൂന്ന് സ്ഥാനങ്ങളിലുളളത്.
നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പരീക്ഷയ്ക്ക് പോലും താന്‍ ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിരുന്നില്ലെന്നായിരുന്നു തെലുങ്ക് പഠിച്ചതിനെ കുറിച്ച് നേരത്തേ ദുല്‍ഖര്‍ പറഞ്ഞത്. തെലുങ്ക് സിനിമയ്ക്ക് വേണ്ടി സ്വന്തം ശബ്ദമാണ് താരം ഉപയോഗിച്ചത്. ചെറുപ്പം മുതല്‍ത്തന്നെ തനിക്ക് കീര്‍ത്തിയെ അറിയാമായിരുന്നുവെന്നും വാപ്പച്ചിയുടെ നായികയായി കീര്‍ത്തിയുടെ അമ്മ അഭിനയിച്ചിട്ടുണ്ടെന്നും താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. മഹാനടിയുടെ ഓഡിയോ ലോഞ്ചിനിടയിലെ താരപുത്രന്റെ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
സാമന്ത അക്കിനേനി, വിജയ് ദേവരക്കൊണ്ട, ശാലിനി അഗര്‍വാള്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ദുല്‍ഖറിന്റെയും കീര്‍ത്തി സുരേഷിന്റെയും പ്രകടനത്തെ അഭിനന്ദിച്ച് സിനിമാപ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.