ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകര്‍ക്ക് പ്രിയങ്കരനായിത്തീര്‍ന്ന നടനാണ് ദുൽഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകളിലുളള ആരാധകർക്കും വേണ്ടപ്പെട്ടവനായിക്കൊണ്ടിരിക്കുകയാണ് താരം. ഏറ്റവും ഒടുവില്‍ ‘മഹാനടി’ സിനിമയിൽ തമിഴിലെ സൂപ്പര്‍ താരമായ ജെമനി ഗണേശന്‍ ആയെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ദുൽഖർ, വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്നാണ് പറഞ്ഞിരിക്കുന്നത്.
“വളരെ സ്‌പെഷ്യല്‍ ആയ എന്തോ ഒന്നാണ് ചെയ്യാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു. തമിഴിലെ ഇതിഹാസ താരമായിരുന്ന സാവിത്രിയുടെ കഥയില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മലയാളത്തില്‍ നിന്ന് മാറി ചെയ്ത വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രമായിരുന്നു എനിക്കത്” മഹാനദിയിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് ഡിക്യു പറഞ്ഞത് ഇതാണ്.
തെലുങ്കിൽ സ്വന്തം ശൈലിയിൽ പറയാന്‍ ശ്രമിച്ചിരുന്നോ?
തീര്‍ച്ചയായും. പക്ഷേ തമിഴിനെക്കാള്‍ തെലുങ്കിൽ ഡബ് ചെയ്യാൻ കുറച്ച് വിഷമമായിരുന്നു. തമിഴില്‍ എന്റെ സംഭാഷണങ്ങൾ എന്റേതായ ശൈലിയിൽ ഞാൻ തന്നെ പറയാറുണ്ട്. പക്ഷേ തെലുങ്കിലേക്കെത്തിയപ്പോള്‍ കുറച്ച് പരിശീലനത്തിന്‍റെ ആവശ്യം വേണ്ടിവന്നിരുന്നു. വാക്കുകളുടെ ഉച്ഛാരണശൈലിയും അർത്ഥവും മനസിലാക്കിയതിനുശേഷമാണ് ഡബ് ചെയ്തത്. ഡബ് ചെയ്യുമ്പോൾ വാക്കുകളുടെ ഉച്ഛാരണം ശരിയാണെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ചിലതൊക്കെ ശരിയായിരുന്നില്ല. കേട്ടു കഴിഞ്ഞപ്പോൾ അതിലെന്താണെന്ന് തെറ്റെന്ന് ഓർത്ത് ഞാൻ അദ്ഭുതപ്പെടാറുണ്ട്. അത് ശരിയാകുന്നതുവരെ ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കും.
വളരെ ബുദ്ധിമുട്ടുണ്ടായിരുന്നോ അത്?
കുറച്ചൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതറിഞ്ഞു കൊണ്ട് തന്നെയാണ് എല്ലാ കഥാപാത്രങ്ങളും ഞാന്‍ സ്വീകരിക്കുന്നത്. അതിൽ ഞാൻ വെല്ലുവിളി കണ്ടെത്തുന്നു. സാധാരണ റോളുകൾ സ്വീകരിച്ചാൽ അതിൽ എനിക്ക് ചെയ്യാൻ ഒന്നുമുണ്ടാവില്ല. അത്തരം കഥാപാത്രങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഞാൻ എന്നോട് തന്നെ എന്തോ തെറ്റ് ചെയ്യുന്നത് പോലെ തോന്നും.
വാപ്പച്ചിയിൽ തികച്ചും വ്യത്യസ്തമായ ഒരു പാതയാണ് ദുൽഖറിന്റേത്. മനഃപൂര്‍വ്വം എടുത്ത ഒരു തീരുമാനമായിരുന്നോ അത്?
വാപ്പച്ചി ചെയ്തത് ചെയ്യാന്‍ എന്നെ കൊണ്ട് ഒരിക്കലും സാധിക്കില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പാത പിന്തുടരാനും ആഗ്രഹിച്ചില്ല. ജനിക്കുമ്പോള്‍ തന്നെ ആരും നടനായി ജനിക്കുന്നില്ല. അതെല്ലാം കഴിവനുസരിച്ചാണിരിക്കുന്നത്.
വാപ്പച്ചിയെ അനുകരിക്കാനും ശ്രമിച്ചില്ല. അനുകരണം ഒരിക്കലും വർക്ക്ഔട്ട് ആകില്ല. ഞാന്‍ എന്‍റെ വഴി സ്വീകരിച്ചു. അതിലൂടെ മാത്രമേ എനിക്ക് മുന്നോട്ട് പോകാൻ കഴിയൂവെന്ന് മനസിലായി. അതേസമയം വാപ്പച്ചിയുടെ മകന്‍ എന്ന നിലയില്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല. മഹാനടിയിലെ വേഷം തന്നെ എനിക്ക് ലഭിച്ചത് വാപ്പച്ചിയുടെ മകനെന്ന കാരണത്താൽ കൂടിയാണ്. മറ്റൊരാൾക്കായിരുന്നുവെങ്കിൽ ആ വേഷം അത്ര പെട്ടെന്ന് കിട്ടില്ലായിരുന്നു.
വാപ്പച്ചിയുടെ കൂടെ ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹം തോന്നിയിട്ടില്ലേ?
പലരും അങ്ങനെ എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ അതിനോട് എനിക്ക് താൽപര്യമില്ല. സ്ക്രീനില്‍ ഞങ്ങളെ തമ്മിൽ ആളുകള്‍ താരതമ്യം ചെയ്യുന്നത് എനിക്ക് അംഗീകരിക്കാനാവില്ല. പക്ഷേ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ സാധിക്കുന്ന നല്ല വേഷം വന്നാല്‍ തീര്‍ച്ചയായും അത് സ്വീകരിക്കും.
ഭക്ഷണ സമയത്ത് നിങ്ങൾ രണ്ടുപേരും സ്വന്തം സിനിമകളെക്കുറിച്ച് സംസാരിക്കാറുണ്ടോ?
എനിക്ക് അദ്ദേഹത്തോട് പറയണം എന്നു തോന്നുന്ന സിനിമകളെപ്പറ്റി വാപ്പച്ചിയോട് പറയാറുണ്ട്. പക്ഷേ അതിനെക്കാളും കൂടുതല്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ വേറെ ഒരുപാട് കാര്യങ്ങളുണ്ട്.
ഒരുപാട് ആരാധികമാർ ഉള്ളത് ഭാര്യയെ അസൂയപ്പെടുത്താറില്ലേ?
ആരാധികമാരെ കൊണ്ട് വലിയ ഉപദ്രവം ഒന്നും ഇല്ലാത്തത് കൊണ്ട് പ്രശ്നമില്ല. ആരാധനയുടെ പേരില്‍ ആരും ഇതുവരെ വീടിനു മുന്നിൽ വന്ന് ഭീഷണി മുഴക്കിയിട്ടില്ല.
മോളെക്കുറിച്ച്?
മെയ് 5 ന് അവൾക്ക് ഒരു വയസ് തികഞ്ഞു. പിറന്നാൾ വലിയ ആഘോഷമാക്കി മാറ്റുന്നതിൽ ഞങ്ങൾക്ക് താൽപര്യമില്ല. മാത്രമല്ല അത് മനസിലാക്കാനോ ആസ്വദിക്കാനോ ഉളള പ്രായം അവൾക്കായിട്ടുമില്ല. അതിനാൽ കുടുംബത്തോടൊപ്പം ഒരു ഡിന്നർ, പിന്നെ കുറച്ചു ഫോട്ടോയെടുത്തു. ഒന്നാം പിറന്നാൾ ആഘോഷിച്ചതിന്റെ തെളിവ് വേണമെന്ന് അവൾ എപ്പോഴെങ്കിലും ചോദിച്ചാൽ ഈ ചിത്രങ്ങൾ കാണിച്ചുകൊടുക്കാം.