എം.ടി.വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാകാനുള്ള പദ്ധതി ഒരു അടഞ്ഞ അധ്യായമാണെന്നു ഡോ. ബി.ആർ.ഷെട്ടി. ദുബായിൽ എൻആർഐ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
“എം.ടി.വാസുദേവൻ നായരുടെ തിരക്കഥയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ സമീപിച്ചപ്പോൾ നിർമാണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, പിന്നീട് എംടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. കോടതിയിൽ കേസ് നടന്നു വരികയാണ്. അതുകൊണ്ട് അതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. മധ്യസ്ഥതയ്ക്ക് ശ്രമിച്ചിട്ടില്ല,” ബി.ആര്‍.ഷെട്ടി പറഞ്ഞു.
അതേസമയം, ഇന്ത്യൻ പൗരാണിക ഇതിഹാസമായ ‘മഹാഭാരതം’ സിനിമയായി കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും എല്ലാ ഭാഷകളിലും അത് അവതരിപ്പിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഹിന്ദിയിലെ ‘പത്മാവതി’ സിനിമ പോലെ ഒരു സിനിമയല്ല ലക്ഷ്യം. മികച്ച ഒരു തിരക്കഥയ്ക്ക് മാതാ അമൃതാനന്ദമയി, സദ്ഗുരു എന്നിവരുമായി ചർച്ച നടത്തി. ‘മഹാഭാരതം’ സിനിമ ആക്കുക തന്നെ ചെയ്യും,” ബി.ആർ.ഷെട്ടി കൂട്ടിച്ചേര്‍ത്തു.
കരാര്‍ കലാവധി കഴിഞ്ഞിട്ടും ‘രണ്ടാമൂഴം’ സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിനാലാണ് സംവിധായകന്‍ ശ്രീകുമാര്‍ മോനോനെ എതിര്‍ കക്ഷിയാക്കി എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കുന്നത് ആദ്യം തടഞ്ഞത് കോഴിക്കോട് അഡീഷനല്‍ മുന്‍സിഫ് കോടതിയാണ്. തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ മധ്യസ്ഥനെ (ആര്‍ബിട്രേറ്റര്‍) നിയോഗിക്കണമെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഫാസ്റ്റ്ട്രാക്ക് കോടതി തള്ളി. തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞുള്ള വിധിയും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
Read More: ശ്രീകുമാര്‍ മേനോന് തിരിച്ചടി: ‘രണ്ടാമൂഴം’ തിരക്കഥ തൊടാനാവില്ലെന്ന് കോടതി
കേരളം മാത്രമല്ല, ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ‘രണ്ടാമൂഴം’. എം.ടി.വാസുദേവന്‍ നായരുടെ എക്കാലത്തെയും മികച്ച നോവലായ ‘ രണ്ടാമൂഴം’ അതേ പേരില്‍ തന്നെ സിനിമയാകുമ്പോള്‍ മോഹന്‍ലാല്‍ ആണ് കേന്ദ്ര കഥാപാത്രമായ ഭീമസേനനെ അവതരിപ്പിക്കേണ്ടിയിരുന്നത്.
ബ്രഹ്മാണ്ഡ ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും ചിത്രം നിർമ്മിക്കാനിരുന്നത്. ആയിരം കോടിയായിരുന്നു പദ്ധതിയുടെ ബജറ്റ്.
Read More: മോഹന്‍ലാലിന്‍റെ ഭീമസേനനെ ഇന്ത്യ എങ്ങനെ സ്വീകരിക്കും?