ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന തരത്തിലാണ് ഇന്ത്യൻ സിനിമകൾ മിക്കതും എത്തുന്നത്. സാങ്കേതിക വിദ്യയിലും വിഷ്വൽ എഫക്‌ട്സിലും യാതൊരു തരത്തിലുളള വിട്ടു വീഴ്‌ചയ്‌ക്കും തയ്യാറല്ല സിനിമാ പ്രവർത്തകർ. നൂറും അഞ്ഞൂറും കോടി കടന്ന് 1000 കോടിയിലെത്തിയിരിക്കുകയാണ് ഇന്ത്യൻ സിനിമയ്‌ക്കായി ചെലവഴിക്കുന്ന തുക. ഇന്ത്യയില തന്നെ ഏറ്റവും വലിയ ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്‌ച നടന്നു. 1000 കോടിയിൽ ഒരുങ്ങുന്ന മഹാഭാരതത്തിന്റെ പ്രഖ്യാപനമായിരുന്നു അത്.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാവാനൊരുങ്ങുകയാണ് മഹാഭാരതം.എം.ടി.വാസുദേവൻ നായരുടെ നോവലായ രണ്ടാമൂഴത്തെ ആസ്‌പദമാക്കിയാണ് മഹാഭാരതം ഒരുങ്ങുന്നത്. കേന്ദ്രകഥാപാത്രമായ ഭീമിനായെത്തുന്നത് മോഹൻലാലാണ്. പരസ്യ സംവിധാകനെന്ന നിലയിൽ ശ്രദ്ധേയനായ വി.എ. ശ്രീകുമാർ മേനോനാണ് മഹാഭാരതം സംവിധാനം ചെയ്യുന്നത്.ഗൾഫിലെ വ്യവസായ പ്രമുഖനായ ബി.ആർ.ഷെട്ടിയാണ് 1000 കോടിയിൽ ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, ഇംഗ്ളീഷ്, തമിഴ്,തെലുങ്ക് ഭാഷകളിലും കൂടിയാണ് മഹാഭാരതമെത്തുക.
ബിഗ് ബഡ്‌ജറ്റിൽ അണിയറയിൽ ഒരുങ്ങുന്നതും വെളളിത്തിരയിൽ എത്തിയതുമായ ചിത്രങ്ങളിലൂടെ.
2.0
രജനീകാന്തും അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്ന സയൻസ് ഫിക്‌ഷൻ 2.0 യാണ് ഈ പട്ടികയിൽ മുന്നിലുളളത്. മഹാഭാരതത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു 2.0. 400 കോടിയ്‌ക്ക് മുകളിൽ വരുന്നതാണ് ശങ്കർ ചിത്രം 2.0യുടെ ബഡ്‌ജറ്റ്. എന്നാൽ 1000 കോടിയുടെ മഹാഭാരതമെത്തുന്നതോടെ 2.0 രണ്ടാം സ്ഥാനത്തായി. ശങ്കർ 2.0 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകൻ. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ബാഹുബലി 1, ബാഹുുബലി 2
സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ഒകു ദൃശ്യ വിസ്‌മയം തന്നെയായിരുന്നു എസ്.എസ്.രാജമൗലിയൊരുക്കിയ ബാഹുബലി. ചിത്രത്തിന്റെ ആദ്യ ഭാഗം ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയാണ് അവസാനിക്കുന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമുളള ഉത്തരങ്ങളുമായാണ് രണ്ടാം ഭാഗം ബാഹബലി 2 ഏപ്രിൽ 28 ന് തിയേറ്ററിലെത്തുന്നത്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾക്കുമായി 400 കോടിയാണ് ചെലവഴിച്ചത്. 180 കോടി ബഡ്‌ജറ്റിലാണ് ബാഹുബലിയുടെ ആദ്യ ഭാഗമൊരുങ്ങിയത്. 200 കോടിക്കടുത്താണ് രണ്ടാം ഭാഗത്തിന്റെ നിർമാണ ചെലവ്.
റാ വൺ
ബോളിവുഡിന്റെ കിംങ് ഖാൻ ഷാരൂഖ് ഖാന്റെ ചിത്രം റാ വൺ ആണ് വൺ വൻ മുതൽ മുടക്കിലൊരുങ്ങിയ മറ്റൊരു ചിത്രം. 150 കോടിയായിരുന്നു ഈ ഷാരൂഖ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്.
കൊച്ചടിയാൻ
125 കോടി ബഡ്‌ജറ്റിലാണ് രജനീകാന്ത് ചിത്രം കൊച്ചടിയാൻ നിർമ്മിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോട്ടോ റിയലിസ്‌റ്റിക്ക് മോഷൻ ക്യാപ്‌ച്ചർ ചിത്രമാണ് കൊച്ചടിയാൻ. സൗന്ദര്യ ആർ.അശ്വിനാണ് ചിത്രം സംവിധാനം ചെയ്‌തത്. ഹോളിവുഡ് ചിത്രമായ അവതാറിനോട് കിട പിടിക്കുന്ന തരത്തിലാണ് കൊച്ചടിയാൻ ഒരുക്കിയതെങ്കിലും തിയേറ്ററിൽ വൻ വിജയം നേടാൻ സാധിച്ചില്ല.
യന്തിരൻ
റോബോട്ടിനെ പ്രധാന കഥാപാത്രമാക്കി വെളളിത്തിരയിലെത്തിച്ച് പ്രേക്ഷകരുടെ മനം കവർന്ന ചിത്രമാണ് യന്തിരൻ. രജനീകാന്ത്, ഐശ്വര്യ റായ് എന്നിവർ മുഖ്യ വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്‌തത്. 2009ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ബഡ്‌ജറ്റ് 132 കോടിയായിരുന്നു.
ക്രിഷ് 3
ക്രിഷ് സീരിസിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ക്രിഷ് 3. 115 കോടി രൂപയാണ് ഈ ഹൃത്വിക്ക് റോഷൻ ചിത്രത്തിന്റെ ബഡ്‌ജറ്റ്. പ്രിയങ്ക ചോപ്ര, വിവേക് ഒബ്റോയ് എന്നിവരായിരുന്നു ക്രിഷിലെ മറ്റ് താരങ്ങൾ.
ഐ
വിക്രം നായകനായെത്തിയ ചിത്രമായിരുന്നു ഐ. തമിഴ് സിനിമകളിലെ ഏറ്റവും മികച്ച ചിത്രമായാണ് ഐയെ വിലയിരുന്നുന്നത്. 100 കോടി ബഡ്‌ജറ്റിലൊരുങ്ങിയ ചിത്രം സംവിധാനം ചെയ്‌തത് ശങ്കറായിരുന്നു. വ്യത്യസ്‌തമായ ഭാവ വേഷ പകർച്ചകളിലാണ് വിക്രം ഈ ചിത്രത്തിലെത്തിയത്.
പുലി
ഇളയദളപതി വിജയ് നായകനായെത്തിയ പുലിയും വൻ ബഡ്‌ജറ്റിലൊരുങ്ങിയ ചിത്രമാണ്. എത്ര തുക ഈ പടത്തിനായി ചെലവായി എന്ന കൃത്യമായ കണക്കുകൾ പുറത്ത് വിട്ടിട്ടില്ലെഖിലുും നൂറ് കോടിക്കടുത്തുണ്ടെന്നാണ് പറയപ്പെടുന്നത്.
ധൂം 3
ധൂം സീരിസിലെ മൂന്നാമത്തെ ചിത്രവും വൻ ബഡ്‌ജറ്റിൽ ഇറങ്ങിയ ചിത്രമാണ്. പക്ഷേ ഈ ചിത്രത്തിന്റെ യഥാർത്ഥ തുകയെത്രയെന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 175 കോടിയാണെന്നും അല്ല, 125 കോടിയാണെന്നും റിപ്പോർട്ടുകളുണ്ട്.
മുഗൽ ഇ-അസാം
ഇന്ത്യയിലെ ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുടെ പേര് പറയുമ്പോൾ പ്രത്യേക പരാമർശം അർഹിക്കുന്ന സിനിമയാണ് മുഗൽ-ഇ-അസം. 1960ൽ ഇറങ്ങിയ ചിത്രം 1.5 ബഡ്‌ജറ്റിലാണ് ഒരുക്കിയത്. ഇന്ന് അതൊരു ബിഗ് ബഡ്‌ജറ്റായി തോന്നുന്നില്ലെങ്കിലും അന്നത്തെ കാലത്ത് ഇതൊരു ചരിത്ര സംഭവമായിരുന്നു.