ഡൽഹി: ബി.ആര് ചോപ്രയുടെ ‘മഹാഭാരത’ത്തിൽ ഭീമനായെത്തിയ പ്രവീൺ കുമാർ സോബ്തി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. “തിങ്കളാഴ്ച രാത്രി 9.30യോടെ ഡൽഹിയിലെ വീട്ടിലായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം,” പ്രവീൺ കുമാർ സോബ്തിയുടെ മകൾ നികുനിക ഇന്ത്യൻ എക്സ്പ്രസ്.കോമിനോട് പറഞ്ഞു.
ഭീമൻ എന്ന കഥാപാത്രം മാത്രമല്ല, അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഷെഹൻഷായിലെ കഥാപാത്രവും ധർമേന്ദ്ര ചിത്രം ലോഹയിലെ കഥാപാത്രവുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. 1981 ല്‍ പുറത്തിറങ്ങിയ രക്ഷ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആജ് കാ അർജുൻ, അജൂബ, ഖയാല്‍, മൈക്കിള്‍ മദന കാമ രാജന്, മേരി ആവാസ് സുനോ, കമാന്‍ഡോ, ഹംലാ, അജയ്, ട്രെയിന്‍ ടു പാകിസ്താന് എന്നിങ്ങനെ അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിൽ സജീവമാകുന്നതിനു മുൻപ് പ്രവീൺ കുമാർ ഒരു ഹാമര്‍, ത്രോ, ഡിസ്കസ് ത്രോ അത്ലറ്റായിരുന്നു. നാല് തവണ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ അദ്ദേഹം 1968 മെക്സിക്കോയിലും 1972 മ്യൂനിച്ച് ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ഏഷ്യൻ ഗെയിംസിൽ 2 സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവ ഉൾപ്പെടെ നാലു മെഡലുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. അർജുന അവാർഡും നേടിയിട്ടുണ്ട്. ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്എഫ്) ഡെപ്യൂട്ടി കമാൻഡന്റായും പ്രവീൺ കുമാർ പ്രവർത്തിച്ചിട്ടുണ്ട്.
2013ൽ ആം ആദ്മി പാർട്ടി ടിക്കറ്റിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും പ്രവീൺ കുമാർ മത്സരിച്ചിരുന്നു.