കൊറോണ വ്യാപനം തടയാനായി രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത് ജനജീവിതത്തെ ഒന്നാകെ ദുരിതത്തിൽ ആഴ്ത്തിയിട്ടുണ്ട്. ദിവസവേതനക്കാരെയാണ് കൂടുതലും ലോക്ക്‌ഡൗൺ ബാധിച്ചിരിക്കുന്നത്. സിനിമാമേഖലയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ, നിത്യവേതനക്കാർ തുടങ്ങിയവരുടെ ജീവിതവും കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോവുന്നത്. മിക്ക സിനിമാ ഇൻഡസ്ട്രികളും താരങ്ങളും അതാതു മേഖലയിലെ നിത്യവേതനക്കാർക്ക് സഹായമെത്തിക്കാൻ പരിശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും കഷ്ടപ്പാടുകളിലൂടെ കടന്നുപോവുന്ന നിരവധി പേരുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾക്കും മരുന്നിനും പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് മഹാഭാരത് താരം സതീഷ് കൗൾ. മഹാഭാരതത്തിൽ ഇന്ദ്രനായി അഭിനയിച്ച ഈ പഞ്ചാബി നടൻ മരുന്നിനു പോലും പണമില്ലാതെ സിനിമാലോകത്തിനോട് സഹായം അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ. രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത് തന്റെ സ്ഥിതി വഷളാക്കുകയായിരുന്നെന്നും നടൻ പറഞ്ഞു. മൂന്നൂറിലധികം പഞ്ചാബി, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് സതീഷ് കൗൾ. താൻ വൃദ്ധസദനത്തിലാണ് കഴിയുന്നതെന്ന ആരോപണങ്ങളും താരം തള്ളി. ലോക്ക്‌ഡൗൺ കാലത്ത് ദൂരദർശനിൽ മഹാഭാരതം സീരിയൽ റീടെലികാസ്റ്റ് ചെയ്ത് വരികയാണ്.

“മുൻപ് ഞാനൊരു വൃദ്ധസദനത്തിൽ താമസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലുധിയാനയിലെ ഒരു ചെറിയ വാടകവീട്ടിലാണ് താമസം. സഹായത്തിന് സത്യദേവിയുമുണ്ട്. എന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല, ഞാൻ സുഖമായിരിക്കുന്നു. പക്ഷേ ലോക്ക്‌ഡൗൺ എന്റെ കാര്യങ്ങൾ വഷളാക്കി. മരുന്നുകൾ, പലചരക്ക് സാധനങ്ങൾ, അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്ക്ക് പണം കണ്ടെത്താനായി ഞാൻ കഷ്ടപ്പെടുകയാണ്. എന്നെ സഹായിക്കാൻ സിനിമാമേഖലയിലെ ആളുകളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഒരു നടനെന്ന നിലയിൽ എനിക്ക് വളരെയധികം സ്നേഹം ലഭിച്ചു, ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ഇപ്പോൾ കുറച്ച് ശ്രദ്ധ ആവശ്യമാണ്,” സതീഷ് കൗൾ പിടിഐയോട് പറഞ്ഞു.

എഴുപത്തി മൂന്നുകാരനായ സതീഷ് കൗൾ പ്യാർ തോ ഹോനാ ഹെ താ, ആന്റി നമ്പർ 1, വിക്രം ഓർ ബീറ്റാൽ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നും പഞ്ചാബിലേക്ക് താമസം മാറിയ കൗൾ 2011ൽ ഒരു ആക്റ്റിംഗ് സ്കൂൾ സ്ഥാപിച്ചിരുന്നു. എന്നാൽ ആ പദ്ധതി വിജയമായില്ല. അതിനിടയിൽ 2015ൽ തുടയെല്ല് ഒടിഞ്ഞതിനെ തുടർന്ന് രണ്ടര വർഷത്തോളം കിടപ്പിലായിരുന്നു സതീഷ് കൗൾ. ദുരിതത്തിലായ താരത്തെ പിന്നീട് രണ്ടുവർഷത്തോളം ഒരു വൃദ്ധസദനം ഏറ്റെടുക്കുകയായിരുന്നു.

താൻ അഭിനയിച്ചിരുന്ന കാലത്ത് ആളുകൾക്ക് തന്നോട് വളരെയധികം സ്നേഹം പ്രകടിപ്പിച്ചിരുന്നു, അതിൽ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അവരെന്നെ മറന്നാലും കുഴപ്പമില്ല, എനിക്ക് വളരെയധികം സ്നേഹം ലഭിച്ചിരുന്നു. ഞാനവരോട് നന്ദിയുള്ളവനാണ്. ഇപ്പോൾ താമസിക്കാൻ മാന്യമായ ഒരിടം സ്വന്തമാക്കണമെന്ന ആഗ്രഹമേ എന്നിൽ ഉള്ളൂ. അഭിനയിക്കാനുള്ള ആഗ്രഹം ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട്, അത് അവസാനിച്ചിട്ടില്ല. ഇന്നും ആരെങ്കിലും ഒരു വേഷം തന്നാൽ ഞാൻ അഭിനയിക്കാൻ തയ്യാറാണ്,” കൗർ കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹിയിലെ തെരുവുകളിൽ പഴങ്ങൾ വിറ്റ് ഉപജീവനമാർഗം കണ്ടെത്തുകയാണ് സൊളാങ്കി ദിവാകർ എന്ന ബോളിവുഡ് നടൻ. ഡ്രീം ഗേളിൽ അഭിനയിച്ച നടനാണ് സൊളാങ്കി. ഋഷി കപൂറിനൊപ്പം ‘ശർമ്മാജി നാംകീൻ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഇരിക്കെയാണ് ലോക്ക്‌ഡൗൺ കാരണം ഷൂട്ടിംഗ് ക്യാൻസൽ ചെയ്തത്. ലോക്ക്ഡൗൺ കാലത്ത് തന്നെ അപ്രതീക്ഷിതമായി ഋഷികപൂർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അദ്ദേഹത്തിനൊപ്പം സ്ക്രീൻ പങ്കിടാനുള്ള അവസരം നഷ്ടമായ വിഷമവും സൊളാങ്കിയ്ക്ക് ഉണ്ട്.

” ‘ശർമ്മാജി നാംകീനി’ൽ ഒരു തണ്ണിമത്തൻ വിൽപ്പനക്കാരന്റെ വേഷമായിരുന്നു എനിക്കു പറഞ്ഞുവച്ചത്. ഋഷി സാറിനൊപ്പം ഒന്നു രണ്ടു ഡയലോഗുകളും ഉണ്ടായിരുന്നു. ഷൂട്ടിംഗിനായി ഡേറ്റും നൽകിയിരുന്നു, ആദ്യം അദ്ദേഹത്തിന്റെ ആരോഗ്യം കാരണം ഷൂട്ടിംഗ് ഡേറ്റുകൾ മാറ്റേണ്ടതായി വന്നു. പിറകെ ലോക്ക്ഡൗണുമെത്തി. ഇപ്പോൾ അദ്ദേഹം വിടപറയുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയാതെ പോയതിൽ ഖേദമുണ്ട്,” ദിവാകർ പറഞ്ഞു.

പഴം വിൽപ്പനക്കാരനായ സൊളാങ്കി ദിവാകറിനെ സിനിമയിലെത്തിച്ചത് അഭിനയത്തോടുള്ള പാഷനാണ്. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്നതിനിടയിലാണ് ലോക്ക്ഡൗൺ വരുന്നതും സിനിമാമേഖല അനിശ്ചതത്വത്തിലേക്ക് നീങ്ങുന്നതും. അതോടെ വീണ്ടും തന്റെ പഴയ ജോലിയിൽ വ്യാപൃതനാവുകയാണ് സൊളാങ്കി. തിത്‌ലി, സോൻചിരിയ, ഡ്രീം ഗേൾ എന്നീ ചിത്രങ്ങളിലെല്ലാം സൊളാങ്കി അഭിനയിച്ചിരുന്നു.

അഭിനയത്തോടുള്ള അതിയായ അഭിനിവേശം പുലർത്തുമ്പോഴും ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബം മുന്നോട്ടു കൊണ്ടുപോവാൻ ബുദ്ധിമുട്ടുകയാണ് ഈ കലാകാരൻ. ഡൽഹിയിലെ ശ്രീനിവാസ് പുരിയിൽ താമസിക്കുന്ന സൊളാങ്കി മാൽവിയ നഗർ, ലജ്പത് നഗർ പ്രദേശങ്ങളിലാണ് പഴങ്ങൾ വിൽക്കുന്നത്, സ്വന്തം വണ്ടിയിലാണ് പഴം വിൽപ്പന.

“അഭിനയമാണ് എല്ലായ്പ്പോഴും എന്റെ ആദ്യ പ്രണയം. എന്റെ ജന്മനാടായ അക്നേരയിലെ (ഉത്തർപ്രദേശ്) ഒരു തിയേറ്ററിൽ ഇടവേളകളിൽ പപ്പാഡ് വിൽക്കുന്നതിനിടയിലാണ് അഭിനയത്തോട് എനിക്ക് ഇഷ്ടം തോന്നുന്നത്. അഭിനയത്തിൽ എന്റെ കുടുംബത്തെ നോക്കാൻ ആവശ്യമുള്ള പണം ലഭിച്ചാൽ, ഈ പഴം വിൽപ്പന ജോലി ഞാൻ ഉപേക്ഷിക്കും. വർഷം മുഴുവൻ സിനിമയിൽ നിന്നും അവസരങ്ങൾ ലഭിച്ചാൽ മാത്രമേ അതു സാധ്യമാവൂ. മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് ഞാൻ പഴങ്ങൾ വിൽക്കുന്നത്.” സൊളാങ്കി പറയുന്നു.

നെറ്റ്ഫ്ളിക്സ് ചിത്രമായി ‘ദ വൈറ്റ് ടൈഗറി’ൽ ആണ് ഇനി സൊളാങ്കിയെ കാണാൻ സാധിക്കുക. രാജ്കുമാർ റാവുവും പ്രിയങ്ക ചോപ്രയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് സൊളാങ്കി അവതരിപ്പിക്കുക.

Read more: മണലാരണ്യത്തിൽ നിന്നും കടലിരമ്പത്തിലേക്ക്; പൃഥ്വിരാജ് ഇനി ഫോർട്ട് കൊച്ചിയിൽ ക്വാറന്റൈനിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook