മഗിലേര്‍ മട്ടും എന്നാല്‍ ലേഡീസ് ഒണ്‍ലി എന്നര്‍ത്ഥം. ഇതേ പേരില്‍ മുന്‍പൊരു തമിഴ് സിനിമയും ഉണ്ടായിട്ടുണ്ട്. രേവതി, ഉര്‍വശി, രോഹിണി, നാസര്‍ എന്നിവര്‍ അഭിച്ച ചിത്രം സംവിധാനം ചെയ്തത് സിങ്കിതം ശ്രീനിവാസ റാവു.

പുതിയ കാലത്തിന്‍റെ മഗിലേര്‍ മട്ടും നിര്‍മ്മിക്കുന്നത് നടന്‍ സൂര്യയാണ്. ഭാര്യയും നടിയുമായ ജ്യോതിക മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്രഹ്മ.

കുറ്റ്രം കടിത്താല്‍ എന്ന ദേശീയ അവാര്‍ഡ്‌ നേടിയ ആദ്യ ചിത്രത്തിന് ശേഷം ബ്രഹ്മ എഴുതിയ സ്ത്രീ കേന്ദ്രീകൃത തിരക്കഥയാണ് സൂര്യയുടെ ബാനറായ 2 ഡി എന്റര്‍ട്ടൈന്‍മെന്‍റ് നിര്‍മ്മിക്കാന്‍ തയ്യാറായത്. 36 വയതിനിലെ എന്ന ജ്യോതികയുടെ തിരിച്ചു വരവ് ചിത്രവും സൂര്യ തന്നെയാണ് നിര്‍മ്മിച്ചത്. മലയാളത്തിലെ ഹൌ ഓള്‍ഡ്‌ ആര്‍ യു എന്ന സിനിമയുടെ റീമേക്കായിരുന്നു അത്.

ഈ പുതിയ ചിത്രത്തില്‍ ജ്യോതികയെ കൂടാതെ ശരണ്യ, നാസര്‍, ഭാനുപ്രിയ, ഉര്‍വശി, ലിവിംഗ്സ്ടന്‍ എന്നിവരും അണിനിരക്കും. ഗിബ്രന്‍ ആണ് സംഗീത സംവിധായകന്‍. ക്യാമറ മണികണ്ഠന്‍.  ജ്യോതിക ആദ്യമായി ഒരു ചിത്രത്തിന് സ്വന്തം ശബ്ദം നല്‍കുന്നു എന്നാ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

90 സെക്കന്റുകളുള്ള  ടീസര്‍ ഇന്നലെ വൈകിട്ട് സൂര്യ ചെന്നൈയില്‍ റിലീസ് ചെയ്തു.

ഒരായുസ്സില്‍ ഒരു സ്ത്രീ എത്ര ദോശയുണ്ടാക്കും എന്ന് കണക്കെടുക്കുന്ന സംഭാഷണങ്ങള്‍, മലയോര പ്രദേശത്ത് കൂടി പോകുന്ന കാര്‍, അതില്‍ നിന്നുമിറങ്ങുന്ന നാല് സ്ത്രീകള്‍, അവരില്‍ ഒരാള്‍ (ജ്യോതിക) ആകാശത്തേക്ക് നോക്കി, ‘ഞാനും ഈ ലോകത്ത് തന്നെയാണുള്ളത്’, എന്നുറക്കെ പറയുന്നതില്‍ അവസാനിക്കുന്നതാണ് ടീസര്‍.

ആദ്യത്തെ മഗിലേര്‍ മട്ടും സിനിമ തമിഴര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇതും സ്വീകരിപ്പെടും എന്ന് വേണം കരുതാന്‍. പ്രത്യേകിച്ച്, മദ്ധ്യവയസ്കരായ സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കുന്ന സിനിമകള്‍ വിരളമായേ ഉണ്ടാകുന്നുള്ളൂ എന്നിരിക്കെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ