ഏറെ കാത്തിരുന്ന വിജയ് ചിത്രം മെര്‍സലിന്റെ ടീസര്‍ പുറത്തുവന്ന് 24 മണിക്കൂറിനകം ചിത്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ‘മെര്‍സല്‍’ എന്ന പേരില്‍ ചിത്രത്തിന്റെ പരസ്യം, വിതരണം, റിലീസ് എന്നിവ പാടില്ലെന്ന് കോടതി അറിയിച്ചു.

ആവശ്യമായ രജിസ്ട്രേഷനൊന്നും കൂടാതെയാണ് മെര്‍സല്‍ എന്ന പേര് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്ന് കാട്ടി എആര്‍ ഫിലിംസിന്റെ എ രാജേന്ദ്രന്റെ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. തങ്ങള്‍ 2015ല്‍ രജിസ്റ്റര്‍ ചെയ്ത ‘മെര്‍സല്‍ ആയിട്ടേന്‍’ എന്ന പേരിന് സമാനമാണ് ഇതെന്ന് കാണിച്ചായിരുന്നു ഹര്‍ജി. ഗ്രീന്‍ ആപ്പിള്‍ പിക്ച്ചേഴ്സിന്റെ മുഹമ്മദ് സാദിഖില്‍ നിന്നും 2014ല്‍ തങ്ങള്‍ വാങ്ങിയതാണ് ഈ ടൈറ്റില്‍ എന്നാണ് എആര്‍ ഫിലിംസിന്റെ വാദം. 2016ല്‍ ഇതേ പേരില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.

വാദം കേള്‍ക്കവെ ജസ്റ്റിസ് അനിത സുമന്ത് ആണ് ഒക്ടോബര്‍ 3 വരെ ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. ചിത്രത്തിന്റെ ടീസര്‍ വ്യാഴാഴ്ച്ചയാണ് പുറത്തുവന്നത്. പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് ടീസര്‍ കണ്ടത്.

ഒരു മിനിറ്റും 15 സെക്കന്റ് ദൈർഘ്യമുളളതുമാണ് ടീസർ. ടീസറിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് വിജയ് ആണ്. ഗാനരംഗങ്ങളും ആക്ഷനും കോർത്തിണക്കിയുളളതാണ് ടീസർ. അതേസമയം, ചിത്രത്തിലെ നായികമാരിൽ ആരെയും ടീസറിൽ കാണിക്കുന്നില്ല.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകൾക്കും വൻ വരവേൽപാണ് ആരാധകർ നൽകിയത്. അറ്റ്‌ലിയാണ് മെർസലിന്റെ സംവിധായകൻ. അറ്റ്‌ലിയുടെ പിറന്നാൾ ദിവസമാണ് ടീസർ പുറത്തുവിട്ടത്.
തെരിക്കുശേഷം വിജയ്‌യെ നായകനാക്കിയുളള അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെർസലിൽ മൂന്നു വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യമായാണ് വിജയ് മൂന്നു റോളിൽ ഒരു ചിത്രത്തിലെത്തുന്നത്. സാമന്ത, നിത്യാ മേനോൻ, കാജൾ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook