ചെന്നൈ: ഇറക്കുമതി ചെയ്ത കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്തു നടൻ വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിന് പ്രവേശന നികുതി ചുമത്തിയതിനുമേലാണ് വിജയ് കോടതിയെ സമീപിച്ചത്. വിജയ്നെ രൂക്ഷമായി വിമർശിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
2012ൽ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം അടങ്ങിയ ബഞ്ച് തള്ളിയത്. നിയമപ്രകാരം നികുതി അടക്കാൻ അപേക്ഷകൻ മടിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു. നികുതി ഒഴിവാക്കുന്നത് ദേശവിരുദ്ധ ശീലവും, ഭരണഘടനാവിരുദ്ധ മനോഭാവവുമാണെന്ന് കോടതി നിരീക്ഷിച്ചു. നികുതി ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ തന്നെ ആരാധകരെ നിയമമനുസരിക്കുന്ന പൗരന്മാരാക്കാൻ പ്രേരിപ്പിക്കുന്ന ചലച്ചിത്രങ്ങൾ നിർമ്മിക്കുന്ന സിനിമാതാരങ്ങളുടെ ആത്മാർത്ഥതയെയും കോടതി ചോദ്യം ചെയ്തു.
“കൃത്യസമയത്ത് നികുതി അടയ്ക്കുന്ന വ്യക്തിയെയാണ് യഥാർത്ഥ നായകനായി കണക്കാക്കേണ്ടത്,” എന്ന് നികുതി അടയ്ക്കാൻ ഹർജിക്കാരൻ ബാധ്യസ്ഥനാണെന്ന് ഓർമ്മിപ്പിക്കുന്നതിനിടെ കോടതി പറഞ്ഞു. വിജയ്‌യുടെ ഹർജിയിൽ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
നികുതി കുടിശിക ഉണ്ടെങ്കിൽ അത് തീർക്കാൻ വിജയ്ക്ക് കോടതി രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. ഒപ്പം ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തുകയും ചെയ്തു. പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിഷയത്തിൽ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Also: അണ്ണനും ഗിറ്റാറും അഡാർ കോംബോ ആണ്; ‘നവരസ’യിലെ ഗാനം ഏറ്റെടുത്ത് മലയാളികൾ