ചെന്നൈ: വിജയ് ചിത്രം ‘സര്‍ക്കാരി’ന്റെ സംവിധായകനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും മദ്രാസ് ഹൈക്കോടതി പൊലീസിനെ വിലക്കി. 27-ാം തീയതി വരെയാണ് വിലക്ക്. എ.ആര്‍.മുരുഗദോസ് മുന്‍കൂര്‍ ജാമ്യം തേടി നേരത്തേ തന്നെ കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ വിവാദമായതിനെ തുടര്‍ന്നായിരുന്നു മുരുഗദോസ് കോടതിയെ സമീപിച്ചത്.

വ്യാഴാഴ്ച രാത്രി പൊലീസ് തന്റെ വീട്ടിലെത്തിയെന്നും കതകില്‍ പല തവണ മുട്ടിയെന്നും എന്നാല്‍ താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും മുരുഗദോസ് ട്വീറ്റ് ചെയ്തിരുന്നു. പൊലീസ് എത്തുന്നതിനു മുന്‍പ് തന്നെ വിവാദമായ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ മുരുഗദോസ് തീരുമാനിച്ചിരുന്നു.

റിലീസ് ചെയ്തതു മുതല്‍ കളക്ഷന്‍ റെക്കോര്‍ഡുകളെ മറികടന്ന് വിജയത്തിലേക്ക് കുതിക്കുന്ന ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ ചില വിവാദങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയേയും മോശമായി ചിത്രീകരിക്കുന്നുവെന്നും കടന്നാക്രമിക്കുന്നു എന്നുമായിരുന്നു ആരോപണം. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും വിജയ്‌യുടെ ബാനറുകള്‍ വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Read More: വിവാദ രംഗങ്ങൾ നീക്കി ‘സർക്കാർ’; റീസെൻസറിങ് കഴിഞ്ഞ് പുതിയ പതിപ്പ് തിയേറ്റിൽ

വ്യാഴാഴ്ച വൈകുന്നേരം തന്നെ ചിത്രത്തിലെ വിവാദമായ രംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേരുമാറ്റുമെന്നും അറിയിച്ചിരുന്നു. ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു കോമളവല്ലി. കൂടാതെ സംവിധായകന്‍ മുരുഗദോസ്, സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗവും നീക്കം ചെയ്യുമെന്ന് അറിയിച്ചിരുന്നു.

ചിത്രത്തിന് പിന്തുണയുമായി സിനിമാ രംഗത്തുനിന്നും രജനീകാന്ത്, കമല്‍ഹാസന്‍, വിശാല്‍ തുടങ്ങി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തമിഴ്നാട് സര്‍ക്കാരിനെ കടുത്ത ഭാഷയിലാണ് പലരും വിമര്‍ശിച്ചത്.

അതേസമയം, ചിത്രം മാറ്റങ്ങള്‍ വരുത്തി റീസെന്‍സറിങ് പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്ന് മാറ്റിനി ഷോയായി തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിച്ചു തുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook