ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖർ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം ‘യാത്ര’യ്ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. മമ്മൂട്ടി വൈഎസ്​ആർ ആയി അഭിനയിക്കുന്ന ‘യാത്ര’ ഫെബ്രുവരി 8 ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നതിനിടയിലാണ് ഹൈക്കോടതി നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ചെന്നൈയിലെ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം മുരുകൻ ആണ് പരാതിക്കാരൻ. ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താൻ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആൻഡ് ടെലിഫിഷൻ പ്രൊഡ്യൂസർ ഗിൽഡിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തതാണെന്നുമാണ് മുരുകൻ പരാതിയിൽ പറയുന്നത്. പാരാതി സ്വീകരിച്ച ജസ്റ്റിസ് എം സുന്ദർ ‘യാത്ര’യുടെ നിർമ്മാതാക്കളായ 70​എംഎം എന്റർടെയിൻമെന്റിനും ശിവ മേഘ ഫിലിം പ്രൊഡ്യൂസേഴ്സിനും ഗ്യൂബ് സിനിമ ടെക്നോളജീസിനും നോട്ടീസ് അയക്കുകയായിരുന്നു.

ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി. റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിനു എതിരെയുള്ള ഹർജി റിലീസിംഗിന് തന്നെ ആശങ്കയുണർത്തുകയാണ്. ഗിൽഡിന്റെ ഉപദേശം കേൾക്കാൻ കൂട്ടാക്കാതെ നിർമ്മാതാക്കൾ റിലീസ് ഫെബ്രുവരി എട്ടിലേക്ക് പ്ലാൻ ചെയ്യുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

അതേസമയം, ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഒരു പ്രസ് മീറ്റ് ഇന്നലെ നടന്നു. മമ്മൂട്ടി, സംവിധായകൻ മഹി വി രാഘവ്, നിർമ്മാതാവ് വിജയ് ചില്ല എന്നിവരും പ്രസ് മീറ്റിൽ പങ്കെടുത്തിരുന്നു.

സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈഎസ്ആറിന്റെ ജീവിത കാണ്ഡങ്ങള്‍ ഓരോന്നായി പറഞ്ഞു പോകുന്ന സിനിമയല്ല ‘യാത്ര’ എന്നാണ് റിപ്പോർട്ടുകൾ. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് സിനിമയുടെ നിര്‍മാണം.

Read more: പ്രദര്‍ശനത്തിന് തയ്യാറായി ‘പേരന്‍പും’ ‘യാത്രയും’: ഇനി മമ്മൂട്ടിയുടെ ‘ടൈം’

ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്‌നം എന്നിവരും ‘യാത്ര’യില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്. 1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook