കരൺ ജോഹർ നിർമ്മിച്ച് അഭിഷേക് വർമൻ സംവിധാനം ചെയ്ത ‘കലങ്ക്’ ആണ് ഉടനെ തിയേറ്ററുകളിൽ എത്താനുള്ള ഒരു ബിഗ് റിലീസ് ചിത്രം. ചിത്രത്തിൽ ബഹാർ ബീഗം എന്ന കരുത്തയായ കഥാപാത്രത്തെ അവതരിപ്പിക്കാൻ കരൺ ജോഹർ ആദ്യം നിശ്ചയിച്ചിരുന്നത് ശ്രീദേവിയെ ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അപ്രതീക്ഷിതമായുള്ള ശ്രീദേവിയുടെ മരണത്തെ തുടർന്ന് ‘ബഹാർ ബീഗം’ എന്ന കഥാപാത്രത്തെ മാധുരിയെ ഏൽപ്പിക്കുകയായിരുന്നു കരൺജോഹർ. ചിത്രത്തിലെ മാധുരിയുടെ ലുക്ക് അണിയറപ്രവർത്തകർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിലെ മാധുരിയുടെ ലുക്ക് ‘ദേവദാസി’ലെ താരത്തിന്റെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു എന്നാണ് ആരാധകരിൽ ഒരു കൂട്ടം ആളുകളുടെ കമന്റ്. എന്നാൽ ബഹാർ ബീഗവും ദേവദാസിലെ ചന്ദ്രമുഖിയും തമ്മിൽ ധ്രുവങ്ങളുടെ അന്തരമുണ്ടെന്നും താനിതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തയായ ബഹാർ ബീഗമായി മാറുക എന്നത് തന്നെ സംബന്ധിച്ച് ഏറെ ചലഞ്ചിംഗ് ആയിരുന്നെന്നും മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മാധുരി പറഞ്ഞു. ഈ വർഷത്തെ മാധുരിയുടെ രണ്ടാമത്തെ ചിത്രമാണ് ‘കലങ്ക്’. ആദ്യ ചിത്രം ടോട്ടൽ ധമാൽ അടുത്തിടെ റിലീസിനെത്തിയിരുന്നു.

Read more: റാണിയെ പോലെ ആലിയ; ‘കലങ്ക്’ ലുക്ക്

തന്റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരൺ ജോഹർ ‘കലങ്കിനെ’ വിശേഷിപ്പിക്കുന്നത്. 15 വർഷം മുൻപ് കരണിന്റെ പിതാവ് യാഷ് ജോഹർ കണ്ട സ്വപ്നമാണ് ‘കലങ്കി’ലൂടെ സാക്ഷാത്കരിക്കുന്നത്. “കലങ്ക് എന്നെ സംബന്ധിച്ച് ഒരു വൈകാരിപരമായ യാത്രയാണ്. എന്റെ പിതാവ് 15 വർഷങ്ങൾക്കു മുൻപ് കണ്ടൊരു സ്വപ്നമായിരുന്നു ഇത്. ‘കലങ്കി’നെ ഏറ്റവും പ്രഗത്ഭനായ, കാഴ്ചപ്പാടുകളുള്ള ഒരു സംവിധായകന്റെ കൈകളിൽ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” കരൺ പറഞ്ഞു. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. ഏപ്രിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നായികയായെത്തുന്നത്. സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘കലങ്ക്’. ആലിയ. വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത്, സോനാക്ഷി എന്നിവരുടെ ലുക്കും മുൻപ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook