‘ദേവദാസി’ൽ കണ്ട അതേ മാധുരി ദീക്ഷിതല്ലേ ഇത് എന്ന കൗതുകവും അത്ഭുതവും സമ്മാനിക്കുകയാണ് ‘കലങ്കി’ലെ പുതിയ ഗാനരംഗം. ‘തബാഹ് ഹോ ഗയേ’ എന്നു തുടങ്ങുന്ന ഗാനരംഗത്തിന് ചുവടുവെയ്ക്കുന്ന മാധുരിയ്ക്ക് മാറ്റമൊന്നുമില്ല. പഴയതിനേക്കാൾ ചെറുപ്പത്തോടെയും പ്രസരിപ്പിപ്പോടെയുമാണ് മാധുരി നൃത്തം ചെയ്യുന്നത്. സരോജ് ഖാനും റെമോ ഡിസൂസയും ചേർന്നാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്. ശ്രേയ ഘോഷാൽ ആണ് ഗാനമാലപിച്ചിരിക്കുന്നത്.

” ഓരോ കഥാപാത്രങ്ങളുടെയും ബാക്ക് സ്റ്റോറികൾ പറഞ്ഞുപോവുന്നതിനിടയിൽ, കഥയിൽ ഏറെ പ്രാധാന്യമുള്ള സമയത്താണ് ഈ ഗാനം വരുന്നത്. വളരെ വൈകാരികവും ആകർഷണീയവുമായ ഗാനം,” എന്നാണ് മാധുരി ദീക്ഷിത് ഗാനത്തെ വിശേഷിപ്പിക്കുന്നത്.

മാധുരിയും സരോജ് ഖാനും ചേർന്നൊരുക്കിയ ഹിറ്റായ നൃത്തരംഗങ്ങളുടെ തുടർച്ച തന്നെയാണ് ‘കലങ്കി’ലെ ഗാനവുമെന്ന് വിശേഷിപ്പിക്കാം. മാധുരിയ്ക്ക് വേണ്ടി ‘ഏക് ദോ തീൻ’, ‘ചോലി കേ പീച്ചെ’, ‘മാർ ഡാലാ’ എന്നീ ഗാനങ്ങളുടെയും കൊറിയോഗ്രാഫി ചെയ്തത് സരോജ് ഖാൻ ആയിരുന്നു. “വരികൾക്ക് അപ്പുറമുള്ളൊരു തലത്തിലേക്ക് ഗാനരംഗത്തെ കൊണ്ടുപോകുന്ന അപൂർവ്വം കൊറിയോഗ്രാഫർമാരിൽ ഒരാളാണ് സരോജ് ജി. സിനിമയ്ക്കു വേണ്ടി ഡാൻസ് ചെയ്യുമ്പോൾ ക്യാമറ ആംഗിളിന്റെ പരിധിയിൽ വരുന്ന സ്റ്റെപ്പുകൾ എന്നൊരു ബോധം നമ്മൾ മനസ്സിൽ സൂക്ഷിക്കും, എന്നാൽ സരോജ് ജി ഡാൻസിനെ ശാരീരികമായ ചലനങ്ങളുടെ പരിധിയിൽ മാത്രമൊതുക്കാൻ അനുവദിക്കില്ല. നൃത്തത്തിന് ആത്മീയമായൊരു തലം കണ്ടെത്തി ഭാവങ്ങളിൽ കൂടുതലായി ശ്രദ്ധ ചെലുത്താനാണ് കൊറിയോഗ്രാഫിയിലൂടെ സരോജ് ജിയുടെ​ ശ്രമം. നൃത്തത്തിലൂടെ ഒരു സ്ത്രീയെ എങ്ങനെ സുന്ദരിയും ആകർഷണീവുമാക്കാം എന്ന് അവർക്കറിയാം,” സരോജ് ഖാനുമായുള്ള അസോസിയേഷനെ കുറിച്ച് മാധുരി ദീക്ഷിത് പറഞ്ഞു.

എക്കാലത്തേയും അനുഗ്രഹീത നർത്തകിയെന്നാണ് മാധുരി ദീക്ഷിതിന്റെ നൃത്തത്തെ വരുൺ ധവാൻ വിശേഷിപ്പിച്ചത്. നിരവധിയേറെപേർ ഗാനരംഗം ഏറ്റെടുത്തു കഴിഞ്ഞു.

വരുൺ ധവാൻ, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സോണാക്ഷി സിൻഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് എന്നിങ്ങനെ വൻതാരനിര തന്നെ കൈകോർക്കുന്ന ‘കലങ്ക്’ ഏപ്രിൽ 17 നാണ് റിലീസിനെത്തുന്നത്. ചിത്രത്തിലെ ട്രെയിലറും ഗാനരംഗങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി റിലീസിനെത്തിയിരുന്നു. നിത്യഹരിത പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും ബന്ധങ്ങളിലെ സങ്കീർണതകളുടെയും കഥയാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് ട്രെയിലർ തരുന്നത്.

Read more: കലങ്കി’ന്റെ ലോകത്തേക്ക് ക്ഷണിച്ച് വരുൺ ധവാൻ; മേക്കിങ് വീഡിയോ

‘2 സ്റ്റേറ്റ്സ്’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന അഭിഷേക് വർമ്മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1940 കളുടെ പശ്ചാത്തലത്തിലാണ് ‘കലങ്കി’ന്റെ കഥ പറയുന്നത്. വരുൺ ധവാനും ആദിത്യറോയ് കപൂറുമാണ് ആലിയയുടെ നായകന്മാർ. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘കലങ്ക്’. ശ്രീദേവി ചെയ്യാനിരുന്ന റോളാണ് ശ്രീദേവിയുടെ മരണത്തെ തുടർന്ന് മാധുരിയിലെത്തി ചേർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook