മോഹൻലാലിന്റെ ‘ലൂസിഫറി’നു പിറകെ അവധിക്കാലം ആഘോഷമാക്കാൻ മമ്മൂട്ടിയുടെ ‘മധുരരാജ’യും എത്തുകയാണ്. വിഷുക്കാലം ആഘോഷമാക്കാൻ രണ്ടു സൂപ്പർസ്റ്റാറുകളുടെയും മാസ്സ് ചിത്രങ്ങൾ ഒന്നിച്ചെത്തുന്ന ആവേശത്തിലാണ് ആരാധകർ. ഉത്സവാഘോഷങ്ങൾക്ക് നിറപകിട്ടേകാനായി, ആരാധകരും സിനിമാപ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മധുരരാജ’യുടെ ട്രെയിലർ എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം.

ഏപ്രിൽ അഞ്ചിനാണ് ‘മധുരരാജ’യുടെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിപുലമായ ചടങ്ങുകളാണ് ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബിയിലെ അൽ വഹ്ദ മാളിൽ വെച്ചാണ് ‘മധുരരാജ’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങും നടക്കുക. ഏപ്രിൽ അഞ്ചിന് വൈകിട്ട് ഇന്ത്യൻ സമയം 7:30 നാണ് പ്രോഗ്രാം. ‘ലൂസിഫറി’ന്റെ ട്രെയിലർ ലോഞ്ചിനും അബുദാബി സാക്ഷ്യം വഹിച്ചിരുന്നു.

ഏപ്രിൽ നാലിന് വൈകിട്ട് നാലുമണിയ്ക്ക് ദുബായിലെ ബുർജ് ഖലീഫയിൽ പത്രസമ്മേളനവും ‘മധുരരാജ’യുടെ അണിയറപ്രവർത്തകർ സംഘടിപ്പിക്കുന്നുണ്ട്. ബുർജ് ഖലീഫയിൽ വച്ചായിരുന്നു ‘ലൂസിഫറി’ന്റെ പത്രസമ്മേളനവും. മുൻപ് ‘ലൂസിഫറി’ന്റെ ട്രെയിലർ റിലീസിനോട് ചേർന്ന് തന്നെയായിരുന്നു ‘മധുരരാജ’യുടെ ടീസർ റിലീസും. എന്തായാലും അവധിക്കാലം ആഘോഷമാക്കാൻ ‘ഏട്ടന്റെ’യും ‘ഇക്ക’യുടെയും മാസ് ചിത്രങ്ങൾ ഒന്നിച്ചെത്തുന്നു എന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

ഏറെ നാളായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘മധുരരാജ’ എന്ന മാസ് എന്റർടെയ്നർ . മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് ‘മധുരരാജ’. ഏറെ നാളുകൾക്കു ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന രീതിയിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ചിത്രമാണിത്.

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാർ എന്നിങ്ങനെ നാലുനായികമാർ ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിക്കും ഈ നാലു നായികമാർക്കും പുറമേ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, തെസ്‌നി ഖാൻ, പ്രിയങ്ക, ധര്‍മജന്‍ , ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിര തന്നെ ‘മധുരരാജ’യ്ക്ക് വേണ്ടി അണിനിരക്കുന്നുണ്ട്. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസാണ് ‘മധുരരാജ’യുടെ മറ്റൊരു ആകർഷണം. 116 ദിവസം നീണ്ടു നിന്ന ഷെഡ്യൂളായിരുന്നു ചിത്രത്തിന്റേത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണവും ‘മധുരരാജ’ സ്വന്തമാക്കുകയാണ്.

Read more: രാജാധിരാജനായി മെഗാസ്റ്റാർ മമ്മൂട്ടി; ‘മധുരരാജ’ ലൊക്കേഷൻ ചിത്രങ്ങൾ

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾക്കു ശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നത്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നു എന്നതും ‘മധുരരാജ’യുടെ പ്രത്യേകതയാണ്. ഉദയകൃഷ്ണയാണ് ‘മധുരരാജ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പോക്കിരിരാജ’യുടെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയും സിബി കെ തോമസും ചേർന്നായിരുന്നു. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. കലാ സംവിധാനം ജോസഫ് നെല്ലിക്കലും സൗണ്ട് ഡിസൈന്‍ പി എം സതീഷും നിര്‍വ്വഹിക്കും.

നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. വിഷു റിലീസായി ഏപ്രിൽ 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ