‘മധുരരാജ’യുടെ ആദ്യഷോയ്ക്ക് സാക്ഷിയാവാൻ ഇന്ന് രാവിലെ ഒമ്പത് മണിയ്ക്ക് കൊച്ചി സരിതാ തിയേറ്ററിൽ ഒരു വിശിഷ്ട അതിഥിയെത്തിയിരുന്നു, ‘ലൂസിഫറി’ന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ. ‘മധുരരാജ’യുടെ ആദ്യ കാഴ്ചക്കാരിൽ ഒരാളാവാനും ‘മധുരരാജ’ ടീമിന് ആശംസകൾ അർപ്പിക്കാനുമായി എത്തിയതായിരുന്നു ആന്റണി പെരുമ്പാവൂർ. ‘മധുരരാജ’യുടെ തേരോട്ടത്തിന് സാക്ഷിയാവാൻ എത്തിയ ‘ലൂസിഫറി’ന്റെ അമരക്കാരിൽ ഒരാളായ ആന്റണിയുടെ സാന്നിധ്യം കൗതുകത്തോടെയാണ് സരിത തിയേറ്ററുകളിലെത്തിയ പ്രേക്ഷകർ നോക്കി കണ്ടത്.

ഏറെ വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർക്ക് ഒരുപോലെ സന്തോഷം നൽകികൊണ്ട് രണ്ടു സൂപ്പർസ്റ്റാറുകളുടെയും ഒരേ ഴോണറിലുള്ള ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നത്. ഈ വിഷുക്കാലത്ത് തിയേറ്ററുകളിൽ ആരവം നിറയ്ക്കാൻ ആദ്യമെത്തിയത് മോഹൻലാലിന്റെ ‘ലൂസിഫർ’ ആണ്. ഇന്ന് മമ്മൂട്ടി ചിത്രം ‘മധുരരാജ’ കൂടി റിലീസിനെത്തിയതോടെ തിയേറ്ററുകൾ അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷത്തിലേക്ക് മാറിയിരിക്കുകയാണ്.

Read more: Madhuraraja Mammootty Movie Release Highlights: മാസിനു മാസ്സും തമാശയ്ക്കു തമാശയുമെല്ലാം ചേർന്ന ‘മധുരരാജ

‘മധുരരാജ’യ്ക്കുള്ള ‘ലൂസിഫറി’ന്റെ പിന്തുണയുമായി ആദ്യദിവസംതന്നെ കാഴ്ചക്കാരനായി ആന്റണി പെരുമ്പാവൂർ​ എത്തി സൗഹൃദാന്തരീക്ഷം നിലനിർത്തിയപ്പോൾ ‘ലൂസിഫറി’നെ പ്രതിപാദിച്ച് ‘മധുരരാജ’യും കയ്യടി വാങ്ങുകയാണ് സ്ക്രീനിൽ. ‘ പോക്കിരി രാജ’യിൽ മമ്മൂട്ടിയുടെ കഥാപാത്രമായ രാജയുടെ അനിയനായി അഭിനയിച്ച പൃഥ്വിരാജ് (സൂര്യയെന്ന കഥാപാത്രം) എവിടെ പോയി എന്ന ചോദ്യത്തിന് അവനിപ്പോൾ സിനിമ സംവിധാനം ചെയ്യുകയാണെന്ന മറുപടിയെ കയ്യടികളോടെയും പൊട്ടിച്ചിരികളോടെയുമാണ് പ്രേക്ഷകരും എതിരേറ്റത്.

Review: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന ‘ലൂസിഫര്‍’

ഇന്ത്യയ്ക്കകത്തും പുറത്തുമായി 840 സ്ക്രീനുകളില്‍ ആണ്’മധുരരാജ’ റിലീസിനെതതിയിരിക്കുന്നത്. ‘പുലിമുരുക’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. ‘ലൂസിഫറി’ൽ ആന്റണി പെരുമ്പാവൂർ വന്നു പോകുന്നതു പോലെ ഒരു രംഗത്തിൽ ‘മധുരരാജ’യിൽ നിർമ്മാതാവായ നെൽസൺ ഐപ്പിനെയും കാണാം.

Read more: Mammootty’s Madhuraraja Movie Review: പോക്കിരിരാജയിൽ നിന്നും നന്മരാജയിലേക്ക്: ‘മധുരരാജ’ റിവ്യൂ

നിലവിൽ 100 കോടി കളക്റ്റ് ചെയ്ത് മുന്നേറി കൊണ്ടിരിക്കുന്ന ‘ലൂസിഫറി’നോടാണ് മധുരരാജയുടെ ബോക്സ് ഓഫീസ് മത്സരവും. മലയാള സിനിമയ്ക്ക് ആദ്യ 100 കോടി ക്ലബ്ബ് ചിത്രം സമ്മാനിച്ച വൈശാഖും ടീമുമാണ് ഇത്തവണ ‘മധുരരാജ’യുമായി എത്തുന്നത് എന്നത് ‘മധുരരാജ’യ്ക്കും പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. ആദ്യ ഷോയ്ക്ക് ലഭിക്കുന്ന പോസിറ്റീവ് ആയ പ്രതികരണങ്ങളും വരും ദിവസങ്ങളിൽ ബോക്സ് ഓഫീസ് മത്സരം ‘ലൂസിഫറും’ ‘മധുരരാജ’യും തമ്മിലാവും എന്ന സൂചനകളാണ് തരുന്നത്. ബോക്സ് ഓഫീസിൽ ഏതു ചിത്രം വിജയം നേടിയാലും പ്രളയാനന്തരം പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന സിനിമാ വിപണിയ്ക്ക് പുത്തൻ ഉണർവ്വും ആവേശവും സമ്മാനിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ