“താങ്കളെ ഞാൻ ഒരുപാടു ബുദ്ധിമുട്ടിച്ചിട്ടുണ്ട്,” മമ്മൂട്ടിയോട് പൊതുവേദിയിൽ മാപ്പ് പറഞ്ഞ് സദസ്സിനെ കയ്യിലെടുത്തു ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയിൻ. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിലെ ഓപ്പൺ വേദിയിൽ മധുരരാജ പ്രീ ലോഞ്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പീറ്റർ ഹെയിൻ.

“നിലവിൽ ചെയ്ത ആക്ഷ രംഗങ്ങളേക്കാൾ മികച്ചതാക്കണം ‘മധുരരാജ’യിലെ ഫൈറ്റ് സീനുകൾ എന്ന് എനിക്കും വൈശാഖനും ഒരു പ്ലാൻ ഉണ്ടായിരുന്നു. എനിക്കും എന്റെ ബെസ്റ്റ് ചെയ്യണം എന്നുണ്ടായിരുന്നു. അതിനു വേണ്ടി കൂടുതൽ പ്രയാസകരമായ സ്റ്റണ്ട് സീനുകൾ മമ്മൂട്ടി സാറിനു നൽകിയിരുന്നു. ഏറെ പരിശീലനം ചെയ്തതിനു ശേഷമാണ് ചിത്രത്തിന്റെ ടേക്കുകൾ എടുത്തത്. വളരെ കഠിനമായ ആ സീനുകളോട് അദ്ദേഹം സഹകരിച്ചു, ഇതെല്ലാം ആരാധകർക്ക് കൂടി വേണ്ടിയാണല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാർ… താങ്കളെ ഏറെ ബുദ്ധിമുട്ടിച്ചതിന് മാപ്പ്. ഫാൻസിനു വേണ്ടി ഇത്രയും കഷ്ട്ടപ്പെട്ടു സ്റ്റണ്ട് ചെയ്യുന്ന ഒരു താരത്തെ കിട്ടിയ നിങ്ങൾ ആരാധകർ ഭാഗ്യവാന്മാരാണ്, ” പീറ്റർ ഹെയിൻ പറഞ്ഞു. ചിത്രത്തിൽ മമ്മൂട്ടി ഡ്യുപ്പില്ലാതെയാണ് സംഘട്ടനരംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

പോക്കിരി രാജ റിലീസ് ചെയ്ത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജ എത്തുന്നത്. വൈശാഖ് തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആദ്യഭാഗമായ പോക്കിരി രാജയെക്കാള്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും മധുരരാജ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് വ്യക്തം. മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് ‘മധുരരാജ’. ഏറെ നാളുകള്‍ക്കു ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന രീതിയിലും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമാണിത്.

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാലുനായികമാര്‍ ചിത്രത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്കും ഈ നാലു നായികമാര്‍ക്കും പുറമേ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, തെസ്നി ഖാന്‍, പ്രിയങ്ക, ധര്‍മജന്‍ , ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിര തന്നെ ‘മധുരരാജ’യ്ക്ക് വേണ്ടി അണിനിരക്കുന്നുണ്ട്. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook