ഏറെ നാളായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘മധുരരാജ’ എന്ന മാസ് എന്റർടെയ്നർ . മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് ‘മധുരരാജ’. ഏറെ നാളുകൾക്കു ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന രീതിയിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ചിത്രമാണിത്. അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ പൃഥ്വിരാജ് ഇല്ലെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ സ്ഥിരീകരണം ഒന്നുമില്ല.

Read: ‘മധുരരാജ’ മൂന്നാം ഭാഗത്തിന് ‘എന്നെയും’ വിളിക്കണേ; സംവിധായകൻ വൈശാഖിനോട് പൃഥിരാജ്

‘മധുരരാജ’യെക്കുറിച്ച് സോഷ്യൽ മീഡിയ വഴി പുറത്തുവന്ന ഒരു ട്രോൾ പൃഥ്വിരാജിന് ഏറെ ഇഷ്ടപ്പെട്ടിരിക്കുകയാണ്. ‘മധുരരാജ’ സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയ പത്രസമ്മേളനത്തിനിടെ ഉയർന്ന ഒരു ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ട്രോളാക്കിയിരിക്കുന്നത്. രാജ 2 പോലെയുളള ഒരു സിനിമയുടെ ആവശ്യകതയുണ്ടോ എന്ന ചോദ്യത്തിനാണ് മമ്മൂട്ടി നല്ല കിടിലൻ മറുപടി നൽകിയത്. ”14 തവണ എടുത്ത അവഞ്ചേഴ്സിന് ഒരു കുഴപ്പോം ഇല്ല. നമ്മളൊരു പാവം രാജ 2 എടുത്തപ്പോ…” എന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. ഈ ട്രോൾ തന്റെ ട്വിറ്ററിൽ പങ്കുവച്ച പൃഥ്വി ട്രോൾ തനിക്ക് ഇഷ്ടമായെന്നും എഴുതിയിട്ടുണ്ട്.

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാർ എന്നിങ്ങനെ നാലുനായികമാർ ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിക്കും ഈ നാലു നായികമാർക്കും പുറമേ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, തെസ്‌നി ഖാൻ, പ്രിയങ്ക, ധര്‍മജന്‍ , ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിര തന്നെ ‘മധുരരാജ’യ്ക്ക് വേണ്ടി അണിനിരക്കുന്നുണ്ട്. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസാണ് ‘മധുരരാജ’യുടെ മറ്റൊരു ആകർഷണം. 116 ദിവസം നീണ്ടു നിന്ന ഷെഡ്യൂളായിരുന്നു ചിത്രത്തിന്റേത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണവും ‘മധുരരാജ’ സ്വന്തമാക്കുകയാണ്.

Read: ‘രാജയും പിള്ളേരും ഡബിള്‍ സ്ട്രോങ്ങല്ല, ട്രിപ്പിള്‍ സ്ട്രോങ്ങാണ്’; ‘മധുരരാജ’ ടീസറെത്തി

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾക്കു ശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നത്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നു എന്നതും ‘മധുരരാജ’യുടെ പ്രത്യേകതയാണ്. ഉദയകൃഷ്ണയാണ് ‘മധുരരാജ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പോക്കിരിരാജ’യുടെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയും സിബി കെ.തോമസും ചേർന്നായിരുന്നു. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. കലാ സംവിധാനം ജോസഫ് നെല്ലിക്കലും സൗണ്ട് ഡിസൈന്‍ പി.എം.സതീഷും നിര്‍വ്വഹിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook