ഒമ്പതു വർഷങ്ങൾക്കിപ്പുറം ‘പോക്കിരിരാജ’യായി വന്ന് തിയേറ്ററുകളെ ഇളക്കി മറിച്ച രാജ വീണ്ടുമെത്തുകയാണ്. പേരിനൊപ്പം തന്നെ ലുക്കിലും ഏറെ സ്റ്റൈലിഷ് ആയാണ് രാജയുടെ രണ്ടാം വരവ്. ഒമ്പത് വർഷം കൊണ്ട് ജെൻസ് ഫാഷൻ ബൂട്ട് കട്ട് പാന്റിൽ നിന്നും സ്കിൻ ജീൻസിലെത്തിയെങ്കിൽ, തൂവെള്ള മുണ്ടും ഷർട്ടും മൾട്ടികളറിലുള്ള അംഗ വസ്ത്രങ്ങളുമെല്ലാമണിഞ്ഞ്, പുതിയ ട്രെൻഡ് തന്നെ സൃഷ്ടിച്ചുകൊണ്ട് കിടിലൻ ലുക്കിലാണ് മധുരരാജയെത്തുന്നത്. സ്റ്റൈലിസ്റ്റായ അഭിജിത്ത് നായരാണ് മമ്മൂട്ടിയ്ക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്.
വസ്ത്രത്തിൽ മാത്രമല്ല, ആഭരണങ്ങളിലും സ്റ്റൈലിഷ് ആയാണ് ഇത്തവണ രാജയുടെ വരവ്. കഴുത്തിലെ നീളൻ മാലയ്ക്ക് കിരീടം വെച്ച സിംഹത്തലയുടെ ലോക്കറ്റ്, സിംഹത്തിന്റെ മോട്ടിഫ് വർക്കുള്ള വലിയ മോതിരം, രണ്ടു സിംഹങ്ങൾ ഒരു വളയം കടിച്ചുപിടിച്ചിരിക്കുന്ന ഡിസൈനിലുള്ള ബ്രേസ് ലെറ്റ്- മൊത്തത്തിൽ പ്രൌഢ ഗംഭീരമായ ലുക്ക്.
” ‘പോക്കിരിരാജ’യിലെ മമ്മൂക്കയുടെ കഥാപാത്രം അധികം നിറങ്ങൾ ഉപയോഗിക്കുന്നില്ലായിരുന്നു. വെള്ള മുണ്ടിനും ഷർട്ടിനുമൊപ്പം പച്ച- ചുവപ്പ്- സ്വർണനിറം എന്നിവയുടെ കോമ്പിനേഷനായിരുന്നു ‘പോക്കിരിരാജ’യിൽ കൂടുതലും ഉപയോഗിച്ചത്. എന്നാൽ ‘മധുരരാജ’യിൽ കുറച്ചുകൂടി സ്റ്റൈലിഷ് ഗെറ്റപ്പാണ് മമ്മൂക്കയ്ക്ക് നൽകിയിരിക്കുന്നത്. ‘മധുരരാജ’യിൽ 35 ഓളം നിറങ്ങളും അവയുടെ കോമ്പിനേഷനും ഉപയോഗിച്ചിട്ടുണ്ട്. മുണ്ടിന്റെ കരയ്ക്ക് ഇണങ്ങുന്ന അംഗവസ്ത്രങ്ങളാണ് അധികവും ഉപയോഗിച്ചത്. കരയിലും അംഗവസ്ത്രങ്ങളിലും സ്വർണ്ണനിറത്തിനൊപ്പം തന്നെ നിറങ്ങൾ മാറിമാറി ഉപയോഗിച്ചാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്,” അഭിജിത്ത് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read more: മധുരരാജ വേണമായിരുന്നോ?; കിടിലൻ മറുപടി കൊടുത്ത് മമ്മൂട്ടി, ഇഷ്ടമായെന്ന് പൃഥ്വി
ലയൺ തീമിലാണ് (സിംഹത്തിന്റെ രൂപങ്ങൾക്ക് പ്രാമുഖ്യം നൽകി) മമ്മൂട്ടിയുടെ കഥാപാത്രത്തിനുള്ള ആക്സസറികൾ ഡിസൈൻ ചെയ്തത്. മാസ്സിൽ സിംഹരാജാവിനു തുല്യനാവുന്ന രാജ എന്ന ആശയമാണ് ഇതുവഴി കൊണ്ടുവരാൻ അണിയറപ്രവർത്തകർ ശ്രമിച്ചിരിക്കുന്നത്.
” ഇത്തവണ ലയൺ എന്ന തീമിൽ ആക്സസറീസ് ഒരുക്കാം എന്ന നിർദ്ദേശം മുന്നോട്ട് വച്ചത് വൈശാഖൻ സാറാണ്. ‘പോക്കിരിരാജ’യിൽ മമ്മൂക്കയുടെ കഥാപാത്രം കുറേയേറെ മാലകൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ രണ്ടാം ഭാഗത്തിൽ മാലകളുടെ എണ്ണം കുറച്ചിട്ടുണ്ട്, ഫൈറ്റ് സീനുകളൊക്കെ കുറച്ചുകൂടി ഈസി ആവാൻ വേണ്ടിയായിരുന്നു. കഴുത്തിൽ നീളൻ മാല. അതിന് കിരീടം വെച്ച സിംഹത്തലയുടെ ലോക്കറ്റ്. സിംഹത്തിന്റെ മോട്ടിഫ് വർക്കുള്ള വലിയ മോതിരം, രണ്ടു സിംഹങ്ങൾ ഒരു വളയം കടിച്ചുപിടിച്ചിരിക്കുന്ന ഡിസൈനിലുള്ള ബ്രേസ്ലെറ്റ് എന്നിവയാണ് രാജയെന്ന കഥാപാത്രത്തിന്റെ പ്രധാന ആക്സസറികൾ. ലോക്കറ്റ് ഒക്കെ ചിത്രത്തിനു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തെടുത്തതാണ്,” അഭിജിത്ത് കൂട്ടിച്ചേർക്കുന്നു. ആക്സസറികളും കോസ്റ്റ്യൂമുകളുമെല്ലാം ചിത്രത്തിൽ പലയിടത്തും പ്രൊജക്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നും അഭിജിത്ത് പറയുന്നു: “അംഗവസ്ത്രം ഉപയോഗിച്ചിട്ടുള്ള ആക്ഷൻ സ്വീകൻസ് ഒക്കെയുണ്ട്.”
” മുണ്ടിന്റെ കരകളും അംഗവസ്ത്രങ്ങളുമെല്ലാം ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ടു മൂന്നു മാസം മുൻപ് ഓർഡർ കൊടുത്ത് ഡിസൈൻ ചെയ്തെടുത്തതാണ്. മൂന്നിഞ്ചോളം കരയ്ക്ക് വീതിയുള്ള മുണ്ടുകൾ കിട്ടാനുള്ള ബുദ്ധിമുട്ടു കൊണ്ട് ഈറോഡ്, സേലം എന്നിവിടങ്ങളിൽ ഓർഡർ നൽകിയാണ് മുണ്ടുകൾ ഡിസൈൻ ചെയ്തെടുത്തത്. വെള്ള വസ്ത്രങ്ങളായതിനാൽ പെട്ടെന്ന് കറ പിടിക്കാനും പരിപാലിക്കാനുമെല്ലാമുള്ള ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് 40 ഓളം ഷർട്ടുകളും മുണ്ടുകളുടെയും അംഗവസ്ത്രങ്ങളുടെയും എക്സ്ട്രാ ജോഡികളും കരുതിവെച്ചാണ് ചിത്രീകരണം ആരംഭിച്ചത്,” അഭിജിത്ത് പറഞ്ഞു.
Read more: ‘പേടിക്കേണ്ട, ചോദിച്ചോ..’ തമാശ പറഞ്ഞ് അവതാരകയുടെ പേടി മാറ്റി മമ്മൂട്ടി
മുണ്ടും ഷർട്ടും ജീൻസും സ്യൂട്ടും തുടങ്ങി എല്ലാവിധം വസ്ത്രങ്ങളും നന്നായി ഇണങ്ങുന്നതു കൊണ്ട് മമ്മൂട്ടിയ്ക്ക് കോസ്റ്റ്യൂം ചെയ്യൽ ഈസിയാണെന്നാണ് അഭിജിത്തിന്റെ വാക്കുകൾ. ” മമ്മൂക്കയ്ക്ക് സോഫ്റ്റ് മെറ്റീരിയലിലുള്ള ഡ്രസ്സുകൾ താൽപ്പര്യമാണ്, പ്രത്യേകിച്ചും സോഫ്റ്റ് കോട്ടൺ ഡ്രസ്സുകൾ. ‘മധുരരാജ’യിലും സോഫ്റ്റ് കോട്ടൺ ഷർട്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്,” താരത്തിന്റെ പേഴ്സണൽ കോസ്റ്റ്യൂം ഡിസൈനർ കൂടിയായ അഭിജിത്ത് പറയുന്നു.